ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 8, വ്യാഴാഴ്‌ച

ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്


.............................................................



ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
പുതുമഴതേടിയിറങ്ങിഞാനും
പുതിയൊരുപാട്ടിന്റെ വരികളിൽഞാനന്ന്
വെറുതെയായ് വീണുപിടഞ്ഞിരുന്നു,

പതിയെയൊരായിരം താരകളെന്നിലേ-
ക്കെന്തിനോനോട്ടമെറിഞ്ഞിരുന്നു,
ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
ഏകനായ് ഞാനന്നലഞ്ഞനേരം...

നീലനിലാവിന്റെ നീർമണിമുത്തുകൾ
നീളുന്നനിശയുടെ വനവീചിയിൽ
വിരഹരാഗപ്രേമഋതുഭംഗികൾ കോർക്കു-
മാതിരപ്പൂമ്പൊടിചന്തമോടെ...

നീളെപ്പരന്നുപരന്നൊഴുകുന്ന ഗംഗയാം
നശീദിനിതൻഹൃദയരേണുവിൽ നാം,
നീന്തിതുടിച്ചുകൊണ്ടോമലേ നിശാതന്ത്രിയിൽ
ഭാവാർദ്രമാം രാഗങ്ങളാലപിപ്പൂ...

ഹൃദ്യമാമനുരാഗഗീതികളാലൊരു
നിത്യമാമനുഭൂതി പകർന്നുനൽകി,
മന്ദമെന്നരികിൽനിന്നകലേക്കു മറയുവാൻ
എന്തിനെൻകാമുകി നീകൊതിപ്പൂ.

പിരിയുവാൻവെമ്പുന്ന സ്വപ്നവേഗങ്ങളാ-
മറവിയിലൊരുമഞ്ഞുതുള്ളിപോലെ,
രാത്രിതൻഭാവനാലോകത്തുവന്നവൾ
രാഗാർദ്രമായ് പ്രേമോപഹാരമായി....

ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
ഏകനായ് ഞാനന്നലഞ്ഞനേരം
പഴയൊരുപാട്ടിന്റെ വരികളാലവളൊരു,
മധുരമാമനുരാഗം പകർന്നുതന്നു....


................. അമൽദേവ്.പി.ഡി................


amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ