ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 24, ശനിയാഴ്‌ച

അന്ത്യയാത്ര

....................

യാത്രാമൊഴിച്ചൊല്ലിക്കഴിഞ്ഞാലും
എനിക്കുകൂട്ടായെന്റെ അന്ത്യയാത്രയിൽ
എന്റെ കുഴിമാടംവരെ നീയുണ്ടാവണം,
നമുക്കുകൈകൾ കോർത്ത്
ആദ്യപ്രണയത്തിന്റെ രക്തസാക്ഷികളെപോലെ
നടന്നുപോകാം....

വഴിയരികിലെ ഇലകൾകൊഴിഞ്ഞ
ആൽമരച്ചോട്ടിലിരുന്ന്
നമുക്കൊരിക്കൽക്കൂടി ഹൃദയം
പങ്കുവയ്ക്കാം..
പ്രണയോപഹാരമായി നീയെനിക്ക്
ഒരുചുവന്ന ചെമ്പരത്തിപ്പൂവു നല്കണം,
നീയെന്നിൽ ചാർത്തിയ
ഭ്രാന്തനെന്നതൂവലാണു നിന്റെ
പ്രണയോപഹാരമെന്ന് നീയറിയുമല്ലോ,
ഞാനതിന്നേറെ ഇഷ്ടപ്പെടുന്നു.
ഞാനതിന്റെ ഇതളുകൾ
ഹൃദയത്തിലും ശിരസ്സിലുമായി ചൂടാം...

ഞാൻ നിനക്ക് തരുന്നത്
എന്റെ ഹൃദയമാകും,
ഇനിയും മരിക്കാതെ
ഉറഞ്ഞുപോയ പ്രണയത്തിന്റെ
ശേഷിപ്പുകളടങ്ങിയ
ഒരു ചുവന്നഹൃദയം...

വരൂ... നമുക്കൊന്നിച്ച് നടക്കാം
ഈതെരുവുവീഥികളിലൂടെ
ആദ്യാനുരാഗികളായി...

ഒടുവിൽ എന്റെ കുഴിമാടത്തിന്റെ
വാതില്ക്കൽനിന്നു നീ
അന്ത്യയാത്രചൊല്ലി കൊണ്ട്
ഒരു പിടിമണ്ണെന്റെ ഹൃദയത്തിലേക്ക് പകരുമ്പോൾ,
നിന്റെ മറുകൈയ്യിൽ എന്റെ ഹൃദയവും കരുതണം.
പ്രണയിച്ചുകൊതിതീരാത്ത ഭ്രാന്തന്റെ
നെഞ്ചുതുരന്നെടുത്ത ചുവന്നഹൃദയം....


...... (കവിത )... അന്ത്യയാത്ര.......
...... അമൽദേവ്.പി.ഡി.................


amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ