ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 12, തിങ്കളാഴ്‌ച

ഒരുരക്തപുഷ്പം വിടരുന്നതും കാത്ത്

............................................................



ഒരു രക്തപുഷ്പം വിടരുന്നതുംകാത്ത്
കാടകങ്ങളിലെ
കനത്ത പച്ചപ്പിൽ
ഇടതൂർന്ന
മഴനാരുകൾക്കിടയിൽ
മൗനമായലയുന്ന
കാറ്റിനൊപ്പം കൂട്ടുകൂടി;
കാലമേറെയായി കാത്തിരുന്നു.
മുളപൊട്ടിവിടരുന്ന
ഇതളുകളെ നോക്കി,
മഴയും വെയിലുമേറ്റ്
മണ്ണിലാഴത്തിൽ വേരുറച്ചുപോയ്..

നിത്യതയുടെ ഹരിതാഭയിൽ
ഒരു രക്തപുഷ്പം
എനിക്കായ് വിടരുന്നതുംകാത്ത്
യുഗങ്ങളായ്
ഞാൻ നില്പു...

വെയിൽച്ചില്ലകളറ്റ
വന്യതയുടെ
ഇടുങ്ങിയ ഇടനാഴികളിൽ,
പ്രണയത്തിന്റെ
രക്തവർണ്ണം ചാലിച്ചെഴുതിയ
ഇതളുകളുമായി
ആദ്യാനുരാഗത്തിന്റെ
തികഞ്ഞ നാണത്തോടെ
അവൾ വിടർന്നു...

മഴയുടെ അതിലാളനയിൽ
കുളിച്ചൊരുങ്ങിയവൾ
നാണത്തിൻ പട്ടുചേലയണിഞ്ഞ്
വെള്ളിനൂലിഴകൾ നെയ്ത,
വെയിൽവളകളിട്ടൊരുങ്ങിനിന്നു.

മണ്ണിലാഴ്ന്ന കൈകളാൽ
മന്ദമവളുമായ് കൈകോർത്ത് ഞാൻ,
പറയാൻ കൊതിച്ചതായിരമായിരം
കാര്യങ്ങൾ മധുരമായ് കാതിലോതി.

കാത്തിരുന്നു യുഗങ്ങളായ്,
കാടകങ്ങളിൽ നിന്നെ ഞാൻ
കാത്തുവച്ചു നിനക്കായ്
ഈ കാടും പുഴയും മലകളും
പൂക്കളും ഇലകളും കായ്കളുമായ്
നിന്നെ തലോടുമിളംകാറ്റുമൊക്കെ;
നിനക്കുള്ളതാമെന്റെ സമ്മാനങ്ങൾ.

ചെഞ്ചോരനിറമുള്ള ഇതളുകളാൽ
സുന്ദരരൂപിണിയായ സന്ധ്യേ,
എന്റെ ഹൃദയത്തിൻനിറമുള്ള നിൻമേനിയിൽ
നിറയുമെൻ പ്രണയത്തിൻ ഗന്ധമെല്ലാം...


.......... അമൽദേവ്.പി.ഡി........................


amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ