ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 5, തിങ്കളാഴ്‌ച

വരദാനം 🌳

------------

അമ്മേ, ഭൂമിദേവി...
നിനക്ക് തണലേകാൻ
നിന്റെ സ്വപ്നങ്ങൾക്ക് തണൽ വിരിക്കാൻ
നിന്റെ പ്രാർത്ഥനകൾ സാർത്ഥകമാക്കുവാൻ
ഞാനിതാ പിറന്നിരിക്കുന്നു...

കൊരവള്ളി വരണ്ടുണങ്ങിയ
ഉഗ്രതാപത്തിന്റെ കനൽവഴികളിൽ
നീ സഹിച്ച ത്യാഗങ്ങൾ,
ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ.
അമ്മേ...
നിന്റെ നാളുകളെണ്ണപ്പെട്ടപ്പോഴും
ഒരുതുള്ളി കണ്ണുനീർവാർക്കാതെ
മക്കളെ നീകാത്തുവന്നു...

ഇന്നിതാ നിനക്ക് ലാളിക്കുവാനും
പാലൂട്ടുവാനും, താരാട്ടുപാടിയുറക്കിടാനും
'ഒരുമകൻ'കൂടി പിറന്നിരിക്കുന്നു...

വളരുകയാണ് ഞാൻ
എന്റെകാലുകളാകുന്ന വേരുകൾ
മാതൃഹൃദയം തുരന്ന്
ആഴങ്ങളിൽ സുരക്ഷിതമാണ്...
എന്റെ കൈകൾ
ഇലകളും പൂക്കളും കായ്കളുമായി
ഭൂമിക്ക് തണലേകാനൊരുങ്ങുന്നു,
ഭൂമിയുടെ ദാഹമകറ്റാനൊരുങ്ങുന്നു...

എനിക്ക് വേദനിക്കുന്നമ്മേ....

എന്റെ കൈകൾ ആരോമുറിച്ചെടുത്തു.
എന്നിലെ നിനക്ക് തണലേകിയ
ഇലകൾ, പൂക്കൾ, കായ്കൾ...
ഞാനിന്നൊരു ഭാരമായോ,
എന്റെരക്തമിതാ ഒഴുകുന്നു,
ദേഹം നിറയെ മഴുവിനാലേറ്റ മുറിപ്പാടുകളാണ്.
അടിവയറ്റിലേക്ക് തുളച്ചുകയറിയ
മൂർച്ചയേറിയ മഴു വിലപിക്കുന്നുണ്ട്,
എന്തിനീക്രൂരത...

ഞാൻ പോകുകയാണ്
ഇനിയൊരു മഴയ്ക്കായ് കാത്തുനില്ക്കാതെ
ഇനിയൊരു വെയിലിലും തണലേകാവാതെ
പൂ ചൂടാനിനി ഇലകളോ ചില്ലകളോ ഇല്ല
അവസാനവേരും അറ്റുപോയി
ഇനിയില്ല ഭൂമിതൻമാറുപിളർന്നൊരു
മരമായ് തണലായ് സ്വപ്നമായ് തീരുവാൻ...

-----വരദാനം--- അമൽദേവ്.പി.ഡി ---------

amaldevpd@gmail.com
http://www.facebook.com/amaldevpd

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ