ഈ ബ്ലോഗ് തിരയൂ

2014, നവംബർ 7, വെള്ളിയാഴ്‌ച

കല്‍വിളക്ക്‌



കല്‍വിളക്ക്‌...       (അമല്‍ദേവ്.പി.ഡി)



എന്തിനു നീയെന്‍റെ മധുരക്കിനാക്കളില്‍
മുന്തിരിച്ചാറെന്നപോലൊരു പ്രണയത്തിന്‍
ലഹരിയെന്‍ ഹൃദയത്തിന്നാഴത്തിലേക്കൊരു,
മധുരമാം നോവായ്‌ പകര്‍ന്നു തന്നു സഖീ...

കാര്‍മുഘില്‍ ചന്ദ്രിക തന്നിലായ് തീര്‍ത്തൊരാ -
നോവിന്‍റെ മാറാല മെല്ലെ നനച്ചവള്‍
പ്രേമത്തില്‍ ശൃംഗാര നൃത്തവുമായെന്‍റെ
കണ്‍കളിലനുരാഗ, മധുരിമ തീര്‍ത്തതും...

എന്തിനാണോമലേ, എന്‍ ഹൃദയരേണുവില്‍
പിച്ച വെയ്ക്കുമനുരാഗത്തിന്‍ നോവിലായ്
നട്ടുവളര്‍ത്തിയ ചപലമോഹങ്ങള്‍ തന്‍
കരികുഘില്‍ മാലകള്‍ ചാര്‍ത്തിയതമ്പിളി...

ഒരുവട്ടമല്ലൊരുപാടു നോവുകള്‍, നീയെന്‍റെ
ഹൃദയത്തിന്നാഴത്തിലേക്കെറി-
ഞ്ഞനുരാഗമെന്തെന്ന ചോദ്യശരങ്ങളില്‍
നിഴല്‍ വേഗമോടെന്നെ കെട്ടിപ്പുണര്‍ന്നതും

ഒരുവേള മധുരമാം പ്രണയനൊമ്പരങ്ങള്‍ പോല്‍
മനസ്സൊരു മായിക ലോകത്തെ തേടുകില്‍
മനനത്തിലും മിഴിപൂട്ടാത്തൊരോര്‍മ്മകള്‍
പ്രേയസ്സി നിന്നാത്മ സുഗന്ധം പോലവേ...

ഒരു നിലാകുളിര്‍കാറ്റായ് നീയെന്നുമെന്‍ ചാരത്തായ്
നീറുന്നൊരോര്‍മ്മതന്‍ നിഴലായി ഞാനും ,
നീളുന്നൊരാത്മമാം മാനസമീരാവില്‍
ആരെയോ തേടുന്നു
നിലാമഴയായ്...

രാവിന്‍റെയനുരാഗ, ഗാനമഞ്ജീരത്തില്‍
രാഗേന്ദുകിരണങ്ങള്‍ ചൊരിയുകയായ്
രാമഴയൊരുദീപ്ത പ്രണയത്തിന്‍ ഗന്ധവുമായ്
രാവിതുനീളെ പെയ്യുകയായ്...

നീയെന്‍റെ ഹൃദയത്തിന്നാര്‍ദ്രയായ് തീര്‍ന്നതില്‍ 
എന്നുമെന്നോര്‍മ്മകള്‍ക്കുന്മകളേകിയ,
ഓമലെ നീയൊരു പൂവായി തീര്‍ന്നതില്‍
തേനൂറുമോര്‍മ്മകള്‍ നിരനിരയായ്...

കാലമൊരനുഭൂതി പടര്‍ത്തിയ കഥയിലെ
കാര്‍മുഘില്‍ മെല്ലെ പെയ്തൊഴിഞ്ഞു,
പ്രിയ സഖി തന്നുടെ കവിളത്തു നുള്ളിയ
മഴത്തുള്ളിയായി ഞാന്‍ വീണുടഞ്ഞു...

ഇവടെയൊരാര്‍ദ്രയാമമ്പിളിതന്‍, ഹൃദയ -
നോവിന്‍റെ ചിതയില്‍ തീ പകര്‍ന്നീടവേ...
കത്തുന്ന കനലിലാ മുഖമൊന്നമര്‍ത്തിയാ-
പ്രണയത്തിന്‍ ഋതുക്കള്‍ പിന്നേയുമൊഴുകവേ

ഇനിയുമീവഴിത്താരയോര്‍ക്കുമീയിടവഴി-
തേടുന്ന മൃദുലമാം മര്‍മ്മരങ്ങള്‍,
കാലത്തിന്‍ കൈകളില്‍ കത്തിച്ചു വച്ചൊരാ-
ക്കല്‍വിളക്കിന്നൊരടയാളമായ്...


കല്‍വിളക്ക്‌...     (അമല്‍ദേവ് പി.ഡി )



kalvilakku  (poem - amaldevpd)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ