ഈ ബ്ലോഗ് തിരയൂ

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മുല്ല പൂക്കുന്ന തെരുവ്...

 മുല്ല പൂക്കുന്ന തെരുവ്...

::::::::::::::::::::::
അര പട്ടിണി
ഉടയാടയഴിക്കുന്ന
ആര്‍ദ്രതയെപ്പുല്‍കുന്ന ഗന്ധം.
മിഴിക്കുമ്പിളില്‍
നിറകുടം തൂവുന്ന
മിഴിനീര്‍കണമാണ് സ്‌നേഹം.
നീര്‍തെറ്റി തെറിച്ച
പ്രണയശിഖിരങ്ങളിലുടക്കിയ
തൂവെള്ള വസ്ത്രങ്ങളില്‍
തൂവിയ രക്തതുള്ളികള്‍ പോലെ
തിക്തമായ അവളുടെ ഭാഷയെ
ഒരു മുല്ല വിരിയുന്നതിനോടു
പമിക്കു രാത്രികള്‍...
കാലം തേര്‍തെളിച്ച
യൗവനയുക്തമായ യാത്രയില്‍
ശിരോവസ്ത്രമിട്ട നാണക്കാരി,
തെല്ലൊന്നു മാറിനടന്ന വേളയില്‍
അവളെപ്പൊതിഞ്ഞത്
മൂര്‍ച്ചയേറിയ കറുത്ത കണ്ണുകളായിരുന്നു.
ഉള്ളില്‍ മയങ്ങുന്ന നഗ്നതയെ
ഉള്‍ക്കണ്ണുകൊണ്ടവള്‍ അളന്നെടുത്തു.
മറച്ചു വച്ച സ്വകാര്യതകളില്‍
ഒരു പണത്തുക്കം എറിഞ്ഞുകൊടുത്തു.
കറുത്ത കയ്യാമങ്ങള്‍
അവളുടെ മേനിയഴകിനെ അളന്നുതിട്ടപ്പെടുത്തി,
അവളെയവര്‍ ഒരു തെരുവുവേശ്യയാക്കി...
മണിയറകളിലവള്‍ക്കായ്
മുല്ലപന്തലുകളൊരുങ്ങി,
ചന്തമേറുന്ന മുടയഴകില്‍
അവള്‍ക്കായ് മുല്ലമാലകളൊരുങ്ങി,
കനം വച്ച രാത്രികളില്‍
രതിയുടെ ലഹരി നുണഞ്ഞു
നിലാവിനെ വെറുക്കുന്ന കണ്ണുകളുമായി
ഇരുട്ടവളെ വാരിപ്പുണര്‍ന്നിരുന്നു.
അളന്നുവച്ച മേനിയിലൊതുങ്ങുന്ന
പണക്കിഴികളില്‍
അവളുടെ ഉടയാട അഴിഞ്ഞു വീണിരുന്നു.
സായം സന്ധ്യയുടെ ചെരുവുകളില്‍
മുല്ല പൂത്ത ഗന്ധമോടവള്‍
ഒഴുകിനടന്നു...
രാത്രിയുടെ കൂര്‍ത്ത കുന്തമുനകളാലേറ്റ
മുറിപ്പാടുകളില്‍ നിന്നുതിര്‍ന്ന
രക്തതുള്ളികളില്‍ തീരുന്ന കച്ചവടക്കോണില്‍
മറച്ചുവച്ച വേദനയിലൊഴുകുന്ന
മിഴിനീര്‍കണത്തിലുറങ്ങുന്ന,
സ്‌നേഹനൊമ്പരത്തെ ഊട്ടിയുറക്കുന്ന
തെരുവിനെയവളേറെ സ്‌നേഹിച്ചിരുന്നു...


:::::::::::::::::::::::::::::::::::::::::::::::::::::::
കവിത -   മുല്ല പൂക്കുന്ന തെരുവ്... (അമല്‍ദേവ് . പി .ഡി)

http://www.facebook.com/amalevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com
https://wordpress.com/read/post/feed/36472073/776242461
http://www.facebook.com/blankpage.entekavithakal


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ