ഈ ബ്ലോഗ് തിരയൂ

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഭാഗ്യതാരകം


ഇത്തിരി  പ്രണയമെന്‍ ചുണ്ടിലിറ്റിച്ച
തപ്ത  നിശ്വാസ താരമേ,
വിണ്ണില്‍ നിന്നൊരു ദൂതുമായെന്നു
വന്നു നില്‍ക്കുമെന്‍ ചാരെ നീ...
മണ്ണിതില്‍ പ്രേമഹാരവുമാ-
യെന്‍ തപം നീണ്ടു പോകിലും,
ആതിരേ, നോവുമാര്‍ദ്രയാം നിന്‍റെ
ഓര്‍മ്മകള്‍ കൂട്ടിനില്ലയോ...

പെയ്തൊഴിഞ്ഞോരാ മഴക്കാലവും 
മഞ്ഞുമൂടിയ പുല്‍നാമ്പിലും 
വേനലിന്‍ വരണ്ട സ്വപ്നമായ് 
വസന്തമായ്‌ കാറ്റിലാടിയും 
കൂട്ടുകൂടി നാമൊന്നായ്
ചേര്‍ന്നുകണ്ടൊരാ സ്വപ്നങ്ങളും...

ഭാഗ്യതാരകം പോലെ മിന്നുമീ,
വിണ്ണിലേകയായ്‌ നീ  തിളങ്ങുന്നു
യാത്ര ചൊല്ലാതെ നീ  മടങ്ങിയെന്നാ-
തിരപ്പൂവടര്‍ന്നു വീണനാള്‍,
നിന്‍ നിഴല്‍ വീണോരെന്‍
ഹൃത്തടത്തിലന്നാദ്യമായ് 
പൊടിഞ്ഞ  വേദന....

കാര്‍മുഘില്‍ കാറ്റിലാടിയി-
ന്നേറെ ദൂരമലയവേ,
നീളുമീ നിശതന്നിലായ്
നീന്തുന്നു നീയെന്‍ പ്രേമതാരകം.
തിരി താഴുമാര്‍ദ്ര സന്ധ്യയില്‍ 
തുടരുന്നതിന്നീ മൗനവും,
നിഴലായ് കൂടുമോര്‍മ്മതന്‍ 
കൂട്ടുകൂടി ഞാനുമിന്നീ മണ്ണിലായ്....
::::::::::::::::::::::::::::::::::::::::::

(കവിത - ഭാഗ്യതാരകം, എഴുതിയത് -അമല്‍ദേവ് പി.ഡി )

© Copy Right Amaldev.P.D
All Rights Reserved ©


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ