ഈ ബ്ലോഗ് തിരയൂ

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഹൃദയത്തിന്റെ നിറമുള്ള പൂക്കൾ

നീയുണരുമീയാകാശത്തോപ്പിൽ
നീരാടുമൊരു വെൺ മേഘമായി
യുഗാന്തരങ്ങളെത്ര,യലഞ്ഞു.
ഞാനന്നറിയാതെ നിന്നിൽ
നട്ടൊരാ, പനിനീർ ചെടിയിലെൻ
ഹൃദയത്തിൻ നിറമുള്ള
ഹൃദയത്തിൻ മണമുള്ള
പൂവൊന്നു കണ്ടുവോ...

മെല്ലെയെന്നരികത്തായ്
ചേർന്നൊരു നിഴൽ പോലെ
തെല്ലിട മാറുന്നു നീ പതുക്കെ,
ഈ വെയിൽചായം
പതിഞ്ഞ നിൻ മുഖമാകെ
വാടിതളർന്നൊട്ടു, വിറയാലെ
ചൊല്ലിയ കവിതയിൽ
ചിരിതൂകിയെന്നും നിൻ
കാർകൂന്തലഴകായി
വിടവാങ്ങാനൊരുങ്ങുന്ന
ഇതളാണു ഞാൻ...

അടരുമോർമ്മകൂടതിൽ
വഴിതെറ്റിയന്നേതോ,
മഴവില്ലു തോൽക്കുമൊ-
രഴകാം, ശലഭമീവഴി വന്നനാൾ.
കൊതിപ്പൂ, നിന്നധരസീമയിൽ
നിന്നൊരുന്മാദ ലഹരി പകരും
മധുര നിമിഷം...
കാത്തിരുന്നു ഞാനെൻ
കവിതയിൽ പാടിയ
കനവൊരുമാത്ര കാണുവാൻ.
തേടുന്നു ഞാനിന്നീ, ധരണിയി-
ലാരോനട്ട സ്വപ്നങ്ങളിൽ വിരിഞ്ഞ
ഹൃദയത്തിൻ നിറമുള്ള പൂവിനെ.
വെയിൽ വീണവഴിയിലായ്
വേനലിൻ വേഗമറിഞ്ഞു ഞാൻ,
പോയ്മറഞ്ഞീടുമാശകൾ
വാടി വീഴുന്നൊരിതളുകൾ...

അലയുന്നു വെറുതെ ഞാൻ
ആനന്ദലഹരിയിൽ
അതിലോലമൊരു പാട്ടിന്ന-
നു,പല്ലവി പോലെ.
ഹൃദയത്തിൻ നിറമതിൽ
ചാലിച്ചെഴുതിയ
ആർദ്രമാം പ്രണയം
കൊതിക്കുന്നു ഞാനും'...


-----------
അമൽദേവ് പി.ഡി.
ഹൃദയത്തിന്റെ നിറമുള്ള പൂക്കൾ.
amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ