ഈ ബ്ലോഗ് തിരയൂ

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഓർമ്മമാത്രം


:::::::::::::::::::::::::::::::::::::::
വിരൽ തൊട്ടുണർത്തുന്ന
മോഹങ്ങളൊക്കെയും
സ്വപ്ന ചാപല്യങ്ങളായിരുന്നു

മറവിയായ് പുല്കുന്ന
പുതിയ രസത്തിന്റെ
തിക്തമാം കാഴ്ച്ചകളായിരുന്നു.

അവളുടെ മൊഴികളിൽ
നിന്നടരുന്ന കവിതയിൽ
മധുരമാം പ്രണയമതായിരുന്നു

മിഴി തെറ്റിയലയുന്ന
മൂകമാമിരുളിനെ
അവളാകവിതയിൽ ചേർത്തു വച്ചു.

വശ്യമാം പുഞ്ചിരി
ചൂടുന്ന നിൻ മുഖം
വന്യമായ് നിൽക്കുവതെന്തിനിന്ന്

വിണ്ണിലെയേകാന്ത
വിസ്മയമായിന്ന്
ചിരിതൂകിയിന്നുനീ,യുദിച്ചു നിൽക്കേ.

മണ്ണിലെന്നാത്മാവു,
തേടുന്ന യൗവന
ഭാഗ്യമൊരശ്രുവായടർന്നു വീണു.

കതിരുകൾ കൊത്തി
പറന്നു പറന്നവൾ
ഒരു ദു:ഖ സാനുവിൽ ചെന്നിരുന്നു.

അവിടെയൊരായിര,
മോർമ്മകൾ മേയുന്ന
സായന്തനങ്ങളുണ്ടായിരുന്നു.

വിടപറഞ്ഞെങ്ങോ
പറന്നു പോയാ കൊച്ചു,
ചിറകിന്നൊരോർമ്മ മാത്രമായി

കാത്തിരിപ്പിൻ കട-
ലാഴങ്ങളോളം നിൻ
കാലൊച്ചതേടി ഞാൻ നടന്നിരുന്നു.

::::::::::::::::::::::::::::::::::::::::::::::::::::::

amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ