ഈ ബ്ലോഗ് തിരയൂ

2022, മാർച്ച് 18, വെള്ളിയാഴ്‌ച

നീലി

 നീലി....



ഇരുട്ടിനെന്തു കനമാണിന്ന്... !

ഒരു പ്രതാലയം പോലെ ഇരുട്ടിനൊപ്പം മൗനം കനം കെട്ടിനിൽക്കുന്നു.


       പേടിപ്പെടുത്തുന്ന ചീവീടുകളുടെ കരച്ചിൽ കാതിലേക്ക് തുളച്ചു കയറുന്നു...

ദൂരേ,... ആകാശകോട്ടയിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുന്ന പനങ്കുലകൾക്കിടയിലിരുന്ന് കൂമൻ ഇടതടവില്ലാതെ ഒച്ചയിടുന്നു. സ്ട്രീറ്റ് ലൈറ്റിൻ്റെ ചോട്ടിൽ തെരുവുനായ്ക്കൾ എന്തിനോ കലപിലകൂട്ടുന്നു.


" ഫാൻ ഫുൾ സ്പീഡിൽ ഓൺ ആക്കി ഞാൻ, തുറന്നിട്ട ജാലകത്തിലൂടെ ആകാശകാഴ്ച്ചകൾ നോക്കി കിടന്നു... " 


       " പ്രിയനേ... പരിഭവമേറേയായ്

       പലകുറികാത്തു ഞാൻ

       നിനക്കായൊരിടമെൻ

       ഹൃത്തിലന്നേ കുറിച്ചു ഞാൻ... "


        ( മേഘക്കീറുകൾക്കിടയിൽ നിന്നെത്തിനോക്കുന്ന, ചന്ദ്രവട്ടം വിതറിയ നിലാപ്പുൽമെത്തയിലലിഞ്ഞ് മതിവരുവോളമവൾ പാടി.... ) 

        

        " രാത്രിതൻ രതികമ്പളം

        ചൂടും, നിലാപുഷ്പമേ...

        സുരഭിലയാം പ്രേമ -

        സരയുവിലായ് നീരാടുവാൻ

        വരികയെൻ്റെ നായകാ... "


     നിദ്രയിലൊഴുകിയ മോഹവിചാരങ്ങൾ ആ വരികളിലൂർന്ന താളത്തിനൊപ്പമെന്നിൽ പരമാനന്ദമേകി, മന്ദമെന്നെ തഴുകിയുണർത്തിയ മാർദ്ദവനാദത്തിനൊപ്പം പാതിമയക്കത്തിലെന്നപോലെ ഞാൻ ജനലഴികൾ കടന്നു ചെന്നു...


    " നിലാപൊയ്കയിൽ നീരാടും നേരം

    നീതേടും യൗവനതീരം

    മധുവൂറും മാനസമാകെ..... "


    ( പെട്ടന്ന് പാട്ട് നിർത്തിയവൾ, തിരിഞ്ഞു നോക്കി.... 

    " മുട്ടോളം മുടിയഴകിൽ..., കണ്ണെഴുതി..., കറുത്ത വട്ടത്തിൽ പൊട്ട് കുത്തി..., തിളങ്ങുന്ന വെള്ളനിറമാർന്ന സാരിയിൽ നിറയെ പൂക്കൾ വിരിച്ചിരുന്നു, ചെന്താമരയിതൾ പോൽ ചുവന്നയദരം, തിളങ്ങുന്ന കണ്ണുകളാലും... അവളൊരു യക്ഷിയെ പോലെ... )


എന്തെ, പാട്ട് നിർത്യേ....


ഒന്നുല്യ...


നല്ല വരികൾ, താനെഴുതീതാണോ ?


.....


എന്തെ, മിണ്ടാതെ... 


അല്ല.


പിന്നെ....


( എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട്.. )


നിങ്ങള്,... 


ഞാൻ... എന്ത്... ഞാനോ....


..... ( വീണ്ടും മൗനം.... )


"കൂമൻ, പിന്നെയും ഒച്ചയിടുന്നു. നിശാപക്ഷി ആരെയോ തേടി ചിലച്ചു കൊണ്ടേയിരുന്നു.... ചീവീടുകളുടെ ശബ്ദം കാതടപ്പിക്കും വിധം കനമേറി വന്നു..."


ഓർമ്മയില്ലേ, അമൽ...?


എത്ര ശ്രമിച്ചിട്ടും, ഈ പാട്ട് ഓർമ്മയിൽ വരുന്നില്ല.


( അവള് ചിരിക്കുന്നു... )


കുറച്ചായി. നമ്മളന്നു, ഇതുപോലെ സുന്ദരമായ രാത്രിയിൽ പുഴയിലെ ഓളങ്ങളെ പുൽകുന്ന നിലാവിനോടൊപ്പമിരിക്കുമ്പോൾ, നീ എനിക്കായെഴുതിയ വരികൾ... എത്ര പെട്ടന്നു മറന്നു നീ...

എത്ര മനോഹരമായിരുന്നു ആ രാത്രി...


(.... ഞാൻ മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിലെ നിലാവിൻ്റെ വജ്രശോഭ എന്നെ അവളിലേക്ക് ആകർഷിക്കുകയായിരുന്നു. 


     അതെ, ആ രാത്രി... മറക്കാനാകില്ല. പക്ഷേ ഈ വരികൾ അതെനിക്ക് ഓർത്തെടുക്കാൻ ആകുന്നില്ലലോ... എത്ര സുന്ദരമായിരുന്നു ആ രാത്രി.....


      " ഒഴുകുമീ പുഴയലകൾ തൻ

      കമനീയഭംഗി നുകരുവാൻ

      പ്രിയമൊരാൾ വരുമെന്നു ഞാൻ

      വെറുതെയായ് മോഹിക്കയായ്.. "


"അവള് പുഴയോളങ്ങളെ തഴുകി മെല്ലെ പാടി... അവളുടെ മുടിയിഴകൾ എൻ്റെ മുഖമാകെ പടർന്നു."

       

    എത്ര രാത്രികൾ... എത്ര നിലാവുകൾ... )


" പെട്ടന്ന് വീശിയ കാറ്റിൽ ആകാശച്ചെരുവിലെ മേഘങ്ങൾ തെന്നി മാറി... പാതിമറഞ്ഞുനിന്ന ചന്ദ്രവട്ടം ചെറുചിരിയോടെ മേഘകോട്ടയിൽ നിന്നും പുറത്തു വന്നു. ആഞ്ഞിലി പ്ലാവിൻ്റെ മുകളിൽ വന്നു നിന്ന പൂർണചന്ദ്രൻ പടർത്തിയ നിലാവിൻ്റെ ശോഭയേറി... അവളുടെ കണ്ണുകൾ ആ നീലിമയിൽ തിളങ്ങി. "


നീലി... എവിടെയായിരുന്നു നീ...


( അവള്, ആകാശത്തിലേക്ക് നോക്കി...

അവളുടെ നോട്ടത്തെ പിന്തുടർന്ന് ഞാനും. അപ്പോൾ ആകാശത്തിൻ്റെ ഒരറ്റത്ത് ഒരു താരകം ചിരിതൂകി നിൽപ്പുണ്ടായിരുന്നു. )


ഒരുവട്ടം കൂടി, പാടാമോ... ആ വരികൾ ഞാൻ മറന്നു ... ( ആകാശത്തിൽ വിരിഞ്ഞ താരകത്തിൽ നോക്കി ഞാൻ പറഞ്ഞു... )


.... ( അവള് ഒന്നും മിണ്ടിയില്ല.... അവിടമാകെ ചെമ്പകപ്പൂവിൻ ഗന്ധം പരന്നു.)


" ആകാശത്ത് നിന്നും എൻ്റെ കണ്ണുകളെയെടുത്ത് ഞാൻ അവളിലേക്കെറിഞ്ഞു. അപ്പോൾ ചെമ്പക പൂവിൻ്റെ ഗന്ധമേറിയ കാറ്റെന്നെ പുണർന്നു. മേഘങ്ങൾ ചന്ദ്രവട്ടത്തെ മൂടി; നിലാവു മാഞ്ഞു. കൂരിരുട്ട് ഇടതൂർന്ന ഇടവഴിയിൽ, ഞാൻ ഒറ്റക്കായിരുന്നു. എന്നെ ഉണർത്തിയ പാട്ടിൻ്റെ വരികളോർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ തിരികെ മുറിയിലേക്ക് നടന്നു...


       സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടം ജനലഴികൾ കടന്നു മുറിയിലെ ഭിത്തിയിൽ നിഴൽശോഭ പരത്തി. ദൂരേ,.. പനങ്കുലകൾക്കിടയിലിരുന്നു കൂമൻ അപ്പോഴും കൂവുന്നുണ്ടായിരുന്നു... ചീവീടുകൾ അല്പം ശബ്ദം താഴ്ത്തി കരച്ചിൽ തുടർന്നു... എവിടെനിന്നോ തെന്നിമാറിയെത്തിയ കാറ്റിൽ തെങ്ങോലകളും, ആഞ്ഞിലി പ്ലാവിൻ്റെ ചില്ലകളും ആടിയുലയുന്നുണ്ടായിരുന്നു.

       

       ഓർമ്മചില്ലകൾ ഒടിഞ്ഞു വീഴുന്നു.

       മാഞ്ഞു പോയ വരികൾ... 

       

       ഉറക്കത്തിൻ്റെ ആലസ്യത്തിലും അവളുടെ നീലക്കണ്ണുകളെന്നിൽ നിറഞ്ഞിരുന്നു. രാത്രിയുടെ ഉള്ളകങ്ങളിൽ അപ്പോഴും ആ വരികളുടെ മാർദ്ദവമേറിയ അലകൾ കേൾക്കാമായിരുന്നു... 



അമൽദേവ് പി ഡി

( നീലി )





Amaldevpd@gmail.com

#dreams 



        

        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ