ഈ ബ്ലോഗ് തിരയൂ

2017, മാർച്ച് 18, ശനിയാഴ്‌ച

ഓർമ്മമരച്ചില്ലയിൽ നിന്നടർന്നൊരില...

ഓർമ്മമരച്ചില്ലയിൽ നിന്നടർന്നൊരില...
--------------------------------------------------


''യാത്രകളേറെ കഴിഞ്ഞു. തുടർച്ചകൾ പതിവായപ്പോൾ ആ സുഖം പാതിയടർന്നു. കാലത്തിന്റെ കൈത്തിരിനാളം അന്നും ഇന്നും എരിഞ്ഞുകൊണ്ടിരുന്നു. മാറ്റങ്ങളേറെ അനുഭവിച്ചു, വിധിയുടെ അരണ്ട വെളിച്ചത്തിൽ തെറ്റാത്ത കണക്കുകളില്ല. നിറയെ സൗഹൃദങ്ങൾ, ഒരുപാടോർമ്മകൾ, എല്ലാം ഇന്നലെയുടെ വെളിനൂലിഴകളാൽ തുന്നിച്ചേർത്ത ഓർമ്മകളുടെ വർണ്ണകൊട്ടാരത്തിൽ കാത്തിരിപ്പ് തുടരുന്നു. ഉടച്ചുവാർക്കാനായെങ്കിലും ഓർക്കുമല്ലോ എന്ന ചിന്തകളോടെ...''

      കൈവിരൽ തുന്പിൽ ആദ്യാക്ഷരം തിളങ്ങിയ ദിവസം. ഓർമ്മകളിൽ ഒരു മങ്ങിയ ചിത്രം ചിതലെടുത്തിരുന്നു. കണക്കുകൾ തെറ്റാതെ, പേനത്തുന്പിലേക്ക് ഓരോ ആക്ഷരവും ഇരച്ചുകയറിയപ്പോൾ, ആഹ്ലാദവും അതിലേറെ അഭിമാനവുമായിരുന്നു. സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം. ''ജീവിതവഴികളിലെ ചെറിയൊരേട്.'' പത്താം തരം ഏറെ ഹൃദ്യമായിരുന്നു. ആദ്യപ്രണയത്തിന്റെ നിറമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന വർഷം. മധുരമുള്ള സൗഹൃദങ്ങൾ. സ്‌കൂൾ കാലഘട്ടത്തിലെ നല്ല നിമിഷങ്ങൾ എന്നും എല്ലാവർക്കും ഓർമ്മിക്കപ്പെടാൻ ഒരുപാടിഷ്ടമുള്ള കാര്യമാണ്. അന്നു കോറിയിട്ട അക്ഷരങ്ങൾ, ഹൃദയത്തിന്റെ താളിൽ വരച്ചിട്ട ചിത്രങ്ങൾ എല്ലാം ഓർമകളിലൂടെയുള്ള ഒരു തിരിച്ചുപോക്കിന് വേദിയൊരുക്കുന്നു.

     ''ക്ലാസ് മുറിയിലെ ബെഞ്ചിലൊതുങ്ങാതെ, ചിലപ്പോഴെങ്കിലും നൂലറ്റപട്ടം കണക്കെ പറന്നകലാൻ ആഗ്രഹിച്ച ചങ്ങാതിമാർ. വീടെന്ന മാന്ത്രികവലയത്തിൽ നിന്നും നടന്നു തുടങ്ങുന്ന ആ യാത്ര ഒരുപക്ഷെ, നിന്നും അവസാനിക്കാത്ത ഒരു ജീവിതയാത്രയായി തുടരുന്നുണ്ടാകും.''

     ഒരു കടലാസുതുണ്ടിലുറങ്ങുന്നുണ്ടാകും ചിലപ്പോഴാ, സൗഹൃദങ്ങൾ. ചിലപ്പോൾ ഒരു വരിയിലൂടെ, അല്ലെങ്കിൽ ഒരു വരയിലൂടെ... ചെറിയ ചെറിയ പറ്റങ്ങളായി ഭാവിയുടെ സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ വെന്പുന്ന കൂട്ടുകെട്ടുകൾ. അത്തരമൊരു സൗഹൃദവലയമായിരുന്നു ഞങ്ങളുടേതും. ക്ലാസ് മുറികളിലെ പഠനത്തിന്റെ ഉഷ്‌ണതരംഗങ്ങൾക്കപ്പുറം, വിദ്യാലയമെന്ന വീടിന്റെ ഇടനാഴികളിലും, മുറ്റത്തും, മൈതാനത്തുമൊക്കെയായി കൈകോർത്ത് നടന്ന കൂട്ടുകാർ. ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ നാലുകെട്ടിൽ സാമൂഹ്യപാഠവും, സയൻസും, ബയോളജിയും, കണക്കും, ഇംഗ്ലീഷും, മലയാളപാഠവുമെല്ലാം ഒരിക്കൽക്കൂടി പറഞ്ഞു തരുന്നു ഗുരുക്കന്മാർ. ചൊല്ലി പഠിച്ച പദ്യങ്ങളിൽ, പ്രണയത്തിന്റെ പനിനീർപ്പൂക്കൾ ചാലിച്ച് ഒളികണ്ണെറിയുന്ന പ്രേമവിചാരങ്ങൾ. ഇടനാഴികളിൽ കാത്തുനിന്ന ആദ്യപ്രണയത്തിന്റെ മധുരസ്മരണകൾ. പരീക്ഷണങ്ങൾ നേരിടാൻ പഠിക്കുന്ന കാലം തൊട്ടേ, ഉയർന്ന ക്ളാസിലേക്കുള്ള യാത്രാമധ്യേ നേരിടേണ്ടി വരുന്ന പരീക്ഷകൾ. ഒടുവിൽ പൊടിമീശമുളക്കുന്ന കാലം, പറയാൻ മറന്ന പ്രണയത്തിന്റെയും, പറയാൻ മടിച്ച ഇഷ്ട്ടത്തിന്റെയും, ജീവിതത്തിന്റെ അമൂല്യദിനങ്ങളിൽ കോർത്തുവച്ച സൗഹൃദത്തിന്റെ കെട്ടുറപ്പുള്ള കൈകൾ മനസ്സില്ലാമനസ്സോടെ വിട്ടകലുന്നതും, ക്ലാസ് മുറികളിൽ നിന്നും സ്‌കൂളിന്റെ ഇടനാഴികളിലേക്ക് തുറന്നുവച്ച ജനലിലൂടെ അരിച്ചിറങ്ങുന്ന അരണ്ട വെട്ടത്തിലിരുന്ന്  പുസ്തകത്തിനുള്ളിലെ പാഠ്യഭാഗങ്ങൾക്കൊപ്പം, സൗഹൃദത്തിന്റെ വെളിച്ചം പകർന്നും, നിറങ്ങളിൽ നീരാടി മധുരസ്മരണകളുയർത്തി സ്‌കൂൾ ജീവിതം സമ്മാനിച്ച ദിനങ്ങത്രയും പിന്നിടുന്പോൾ, ഓർമ്മകൾക്കപ്പുറത്ത് ഒരു ബദാം മരച്ചോട്ടിൽ ആ കൈകൾ പിന്നെയും കോർത്തുവച്ചു. ഇടക്കെങ്കിലും തിരിഞ്ഞു നോക്കുന്പോൾ ആ സൗഹൃദങ്ങൾ, അന്ന് ചൊല്ലി പഠിച്ച പാഠങ്ങൾ, ആദ്യ പ്രണയം, വഴക്കും കൂട്ടുകൂടലും എല്ലാം ഒരു യാത്രയുടെ ഭാഗമായി തുടരുന്നു...


amaldevpd@gmail.com
http://www.facebook.com/amaldevpd



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ