ഈ ബ്ലോഗ് തിരയൂ

2016, ഡിസംബർ 11, ഞായറാഴ്‌ച

നിഴലും വെളിച്ചവും. (ചെറുകഥ - അമല്‍ദേവ്.പി.ഡി)

                                           

                  പൊട്ടിയ  ചെരുപ്പ്,  നൂലുകൊണ്ട് കൂട്ടിചേര്‍ക്കുകയായിരുന്നു, അനു മോള്‍ക്ക് നാളെ സ്‌കൂളില്‍ പോകണമെങ്കില്‍ ചെരുപ്പ് വേണം. ചെരുപ്പ് പൊട്ടിയ പേരില്‍ കരയാന്‍ തുടങ്ങിയിട്ട്  രണ്ട് ദിവസമായി, പുതിയത് ഒരെണ്ണം വാങ്ങാമെന്നു  വച്ചാലോ രണ്ട് നേരത്തെ ആഹാരത്തിന് തികയുന്നില്ല സമ്പാദ്യം. അടുപ്പില്‍ തീ പുകയുത് തന്നെ  ദിവസത്തില്‍ ഒരു തവണ മാത്രം. 
                 ആകാശത്തിനു കീഴെ ഭൂമി അതിനും താഴെ എന്താണാവോ.. ഒരു ദിവസം തന്നെ  വട്ടമെത്തിക്കാന്‍ നന്നേ  പാടുപെടുമ്പോഴാണ് അനുമോള്‍ക്ക് പരീക്ഷ ഫീസ്, ചെരുപ്പ് തുടങ്ങിയ ചിലവുകള്‍. നാല് തൂണില്‍ ചാരി വച്ചിരിക്കാണെ് തോന്നും  സൈനബയുടെ വീട് കണ്ടാല്‍. സൈനബയുടെ വിവാഹം ഇതുവരെ ആരും അംഗീകരിക്കാത്ത ഒന്നാണ്. കൂടെ പഠിച്ചിരു ഹരീഷ് എന്ന  യുവാവുമായായിരുന്നു  വിവാഹം. കുടുംബാംഗങ്ങളും സമുദായാംഗങ്ങളുമെല്ലാം ഇവരുടെ ഇഷ്ടത്തിന് എതിരായിരുന്നു. ഉറ്റചങ്ങാതിമാരായിരുന്ന കൂട്ടുകാര്‍ മാത്രമാണ് അന്ന്  ഇവരുടെ കൂടെ നിന്നത്. അതും സമുദായവും ബന്ധുക്കളും  അറിയാതെ മാത്രം. 
               പഠനം കഴിഞ്ഞ കാലത്ത് കൂട്ടുകാരൊക്കെ ചേര്‍ന്ന്  അവരുടെ ജീവിതം കൂട്ടിചേര്‍ത്തു, ഇപ്പോള്‍ ആ സുഹൃത്തുക്കളൊക്കെ  എവിടെയാണ്, അറിയില്ല. യാത്ര പോകലും കളിയും ചിരിയും ഒക്കെയുമായി ആദ്യകാലത്ത് നല്ല സന്തോഷഭരിതമായിരുന്നു ഇവരുടെ  ജീവിതം.  വിവാഹത്തിന് മുന്‍പേ  തന്നെ ഹരീഷിനു കിട്ടിയ ജോലിയില്‍ അവരുടെ ജീവതം സമ്പുഷ്ട്ടമായിരുന്നു. സ്വന്തമായി ഒരു ചെറിയ വീടു വച്ചു, അവര്‍ക്കൊരു കുഞ്ഞു പിറന്നു. തികച്ചും  സന്തോഷഭരിതമായിരുന്നു അവരുടെ ജീവിതം. 
              പക്ഷെ, അവരുടെ സന്തോഷത്തിനു അധികകാലം ആയുസ്സുണ്ടായില്ല;  ഹരീഷിന്‍റെയും സൈനബയും വിവാഹത്തിന്‍റെ പേരിലുള്ള തര്‍ക്കങ്ങള്‍ അവരുടെ  കുടുംബങ്ങള്‍ തമ്മില്‍ അപ്പോഴും തുടരുന്നുണ്ടായിരുന്നു. എന്തുവന്നാലും നമ്മല്‍ ഒന്നായിരിക്കും , ഒരിക്കലും പിരിയില്ല എന്ന  നിലപാടിലായിരുന്നു  ഇവരും. ഒരാളുടെ  ജീവിതത്തില്‍ നിഴല്‍ വീഴുന്നത് എപ്പോഴൊക്കെയാണെന്ന്‍  പറയാന്‍ കഴിയില്ല.   വിവാഹിതരാകാന്‍ തീരുമാനിക്കുന്ന സമയത്ത് ഒന്നായിരുന്ന ചിന്തകളും ആഗ്രഹങ്ങളും എല്ലാം രണ്ടാകുന്ന ഒരവസ്ഥയാണ് തങ്ങള്‍ക്കു ഒരു മകളുണ്ടായത്തിനു ശേഷം അവരില്‍ രൂപപെട്ടത്‌; അതുവരെ ജാതിയും മതവുമോന്നും  അവര്‍ക്ക് തടസ്സമായിരുന്നില്ല, പക്ഷെ, എപ്പോഴൊക്കെയോ  അനുമോളെ ഏത് ജാതിയില്‍ പെടുത്തണം  എങ്ങനെ  വളര്‍ത്തണം  എന്നോക്കെയുള്ള  വര്‍ത്തമാനം ഇവരുടെ ഇടയില്‍ ഒരു കറുത്ത നിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരുന്നു. നാട്ടുകാരിലും ഒരുപോലെ  ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ഇതു വലിയ  തര്‍ക്കങ്ങളുണ്ടാക്കി;  
               തന്‍റെ  മകളെ ഹിന്ദുവായി വളര്‍ത്താം എന്ന  ആഗ്രഹം ഹരീഷാണ് മുമ്പോട്ട് വച്ചത്, ഹരീഷിന്‍റെ കുടുംബത്തിന്‍റെ പരോക്ഷമായ ആഗ്രഹപ്രകാരമായിരുന്നു ഹരീഷ് ഇങ്ങനെ  ഒരു ആവശ്യം സൈനബക്ക് മുന്നില്‍ വച്ചത്;   പക്ഷെ  മുസ്ലീം സമുദായത്തില്‍ മതിയെന്ന വാദവുമായി സൈനബയും രംഗത്ത് വന്നു. ജാതിയും മതവും കെട്ടിപ്പിടിച്ചവര്‍ക്കൊക്കെ ഇത് അസുലഭ നിമിഷങ്ങളായിരുന്നു. രണ്ട് പേരുടേയും സമുദായം രംഗം സജീവമാക്കി. ഹരീഷുമായി ഹിന്ദു സമുദായം പല ചര്‍ച്ചകള്‍ക്ക് വിളിച്ചു, സൈനബയെ മുസ്ലീം സമുദായവും. സമുദായങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി;    
         സന്തോഷം നിലനിന്നിരുന്ന  അവരുടെ കൊച്ചു വീട്ടില്‍ പിന്നീട്  ഒച്ചയും ബഹളവുമൊുമില്ലാതെയായി. അന്ന്യോന്യം മിണ്ടാതെയായി;  കുഞ്ഞ് വളര്‍ന്നു വരികയാണ്. അവളുടെ കാര്യങ്ങളില്‍ അമ്മയുടെ ശ്രദ്ധ എല്ലായ്‌പ്പോഴും വേണ്ടിവരും. സൈനബയുടെ  കാര്യത്തിലും അനുമോള്‍ടെ കാര്യത്തിലും ഹരീഷിന് ശ്രദ്ധ കുറഞ്ഞിരിക്കുന്നു. ജോലി കഴിഞ്ഞു നേരത്തെ വീട്ടില്‍ എത്തിയിരുന്ന ഹരീഷ് എന്നും വൈകിയാണ് ഇപ്പോള്‍ എത്തുന്നത്‌; ഹരീഷും സൈനബയും തമ്മില്‍ നിരന്തരം കലഹമായി വീട്ടില്‍. സമാധാനമായി ജീവിക്കാന്‍ രണ്ട് പേര്‍ക്കും കഴിയാതെയായി. എങ്കിലും സൈനബയും ഹരിഷും തങ്ങളുടെ വാക്കില്‍ ഉറച്ചു നിന്നിരുന്നു, കുഞ്ഞിന്‍റെ കാര്യത്തില്‍ ആരും താഴ്ന്നു കൊടുത്തില്ല. 
                ഒരു കാലത്ത് ആഘോഷങ്ങളും എല്ലാം  സന്തോഷത്തോടെ ആഘോഷിച്ചിരുന്ന  അവരുടെ ഇപ്പോഴത്തെ ജീവിതത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയായി. അനുമോള്‍ക്ക് ഒരു വയസ്സാകുകയാണ്, പതിവുപോലെ ഹരീഷ് അന്നും  ജോലിക്ക് പോയി, തിരിച്ച് വരാന്‍ ഒരു പാടുവൈകുന്നത് കണ്ട് സൈനബ ഭയന്നിരുന്നു. അന്ന്  നേരം വെളുക്കുവോളം ഹരീഷിനെ നോക്കി ഉമ്മറപ്പടിയിലിരുന്നു അവള്‍. 
                         പതിവുപോലെ രാവിലെ എഴുന്നേറ്റു  ഉമ്മറത്തെത്തിയപ്പോള്‍  കണ്ടത് വീടിന്‍റെ മുന്‍പിലായി ആളുകള്‍ കൂടി നില്‍ക്കുന്നതാണ്. അവര്‍ക്കിടയില്‍ പലതരത്തിലുള്ള സംസാരം ഉടലെടുത്തിരുന്നു. കാര്യം അന്വേഷിച്ച  സൈനബക്ക് മുമ്പില്‍ ആരും ഒന്നും  പറഞ്ഞില്ല. ആശ്വാസത്തിന്‍റെ  വാക്കുകള്‍ ചിലയിടത്തുനിന്നും  സൈനബ കേള്‍ക്കുണ്ടായിരുന്നു.  വീടിനു മുന്നിലേക്ക് എത്തിചേര്‍ന്ന ആംബുലന്‍സില്‍ നിന്നും  നാട്ടുകാര്‍ ചേര്‍ന്ന് ഹരീഷിന്‍റെ മൃതദേഹം വീടിനുള്ളില്‍ കിടത്തി. വെള്ളത്തുണിയില്‍ കെട്ടിപൊതിഞ്ഞ മാംസപിണ്ഢമായി ഷരീഷ്. എല്ലാം നോക്കിനില്‍ക്കാനെ സൈനബക്ക് കഴിഞ്ഞുള്ളു. ഒരു തുള്ളി കണ്ണുനീര്‍ ഒഴുകുന്നുണ്ടായില്ല. അനുമോള്‍ അവളുടെ അച്ചനെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു. അവളുടെ കരച്ചില്‍ പോലും കേള്‍ക്കാനാകാത്ത  വിധം തകര്‍ുപോയിരുന്നു സൈനബ. ജാതിയുടേയും മതത്തിന്‍റെയും പേരില്‍ ഒരു ജീവിതം കൂടി നഷ്ട്ടമാകുന്നു. ശരീരത്തില്‍ മുറിയാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. എല്ലാം തുന്നി ചേര്‍ത്ത് ഒരു പൊതികെട്ടായി സൈനബക്ക് മുമ്പില്‍ ഒരു ചോദ്യമായി കിടക്കുന്നു ഹരീഷ്. ഉള്ളിലെ നീറുന്ന  വേദനയില്‍  അവള്‍ സ്വയം ഉരുകുകയായിരുന്നു. 
               ചടങ്ങുകളൊക്കെ ഹരീഷിന്‍റെ കുടുംബങ്ങള്‍  ചേര്‍ന്ന്  ഹിന്ദുആചാരപ്രകാരം മുറയില്‍ നടത്തി. അതിനും തര്‍ക്കങ്ങളൊക്കെ ഉയര്‍ന്നിരുന്നു. ചിതയെരിഞ്ഞു തീര്‍ന്നു;  ആളൊഴിഞ്ഞ അരങ്ങില്‍ ഒരമ്മയും കുഞ്ഞും മാത്രം. കണ്ണീര്‍വറ്റിയ കവിള്‍ തടവുമായി അനുമോള്‍ അമ്മയുടെ മുടിയില്‍ പിടിച്ച് വലിക്കുകയാണ്. ഒന്നുമറിയാത്ത ഭ്രാന്തിയെപ്പോലെ സൈനബ തറയില്‍ കിടക്കുന്നു. 
                                   നാളുകള്‍ കഴിഞ്ഞുപോയി, അനുമോള്‍ വളന്നു വരുന്നു, അവളിപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രായചിത്തമൊേണം ഹിന്ദുമതപ്രകാരം ആണ് അനുമോളെ സൈനബ വളര്‍ത്തിയിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കുതിന് ഏതെങ്കിലും ഒരു ജാതിയില്‍ പെടുത്തണമായിരുന്നു സൈനബക്ക്. സൈനബ അടുത്തുള്ള ഒരു തയ്യില്‍ സെന്‍റെറില്‍  ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഹരീഷിന്‍റെ  മരണത്തോടെ കുടുംബത്തിലേക്കുള്ള വരുമാനം മുഴുവനായും കുറഞ്ഞിരുന്നു. അനുമോളുടെ പഠനത്തിലും ശ്രദ്ധിക്കണം, അവളുടെ വളര്‍ച്ചക്ക് ആവശ്യമായ  കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കണം. സൈനബക്ക് കിട്ടുന്ന  ചെറിയ തുകയിലാണ് അവരുടെ കുടുംബം ഇപ്പോള്‍ ഇഴഞ്ഞ് നീങ്ങുത്. 
              ''തളര്‍ച്ചയിലും ഉയര്‍ച്ചയിലും അവള്‍ അനുമോള്‍ക്ക് വേണ്ടി ജീവിച്ചു. നഷ്ട്ടങ്ങളുടെ കൈവരികളില്‍ തട്ടി അഗാധമായ ഗര്‍ത്തങ്ങളിലേക്ക് വീഴാതിരിക്കാന്‍ ഹരീഷിന്‍റെ  മരണശേഷം സൈനബ പഠിച്ചിരുന്നു.'' കൈയിലെ ചെരുപ്പ് തുന്നിചേര്‍ത്ത് അത് അനുമോളുടെ കാലില്‍ ഇട്ടതിനുശേഷം ആണു അവളുടെ കരച്ചില്‍ നിന്നത്. നാളെ അടയ്‌ക്കേണ്ട പരീക്ഷ ഫീസ് അനുമോളുടെ ബാഗിനുള്ളില്‍ ഭദ്രമായി വച്ചു.   വിശപ്പുതളര്‍ത്തിയിരുന്ന  അനുമോളുടെ കവിളുകള്‍ ഒട്ടിയിരുന്നു. രാത്രികാലങ്ങളില്‍ കുറുനരികള്‍  പാത്തും പതുങ്ങിയും ഇരുട്ടിന്‍റെ  മറവില്‍ സുഖഭോഗലതയ്ക്കുവേണ്ടി സൈനബയുടെ  വീടിനെ ലക്ഷ്യമിടുമായിരുന്നു. 
            കാലമങ്ങനെ ഓടിയകന്നു, വളര്‍ന്നു  വരുന്ന  അനുമോളുടെ താല്പര്യങ്ങള്‍ അവളുടെ ജീവിതമാര്‍ഗം അതൊക്കെ തന്‍റെതില്‍ നിന്നും വ്യത്യസ്ഥമാണെ് തിരിച്ചറിയുകയായിരുന്നു പിന്നീട് സൈനബ. അമ്മയെ നെഞ്ചോടുചേര്‍ത്ത് മാറിലൊട്ടികിടന്നിരുന്ന  അനുമോള്‍, പഠനത്തിനായി  വീട് വിട്ട് ദൂരെയാണ്  . വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും കണ്ണീരുപ്പു കലര്‍ന്ന  നോട്ടത്തോടെ തന്‍റെ അമ്മ തനിക്കായി കാത്തുനില്‍ക്കുന്നത് ആ മകള്‍ എപ്പോഴൊക്കെയോ മറന്നു തുടങ്ങിയിരുന്നു. ഒരു മഴക്കാലത്തിനു കാത്തുനില്‍ക്കാനാകാതെ നില്‍ക്കുന്ന വീടിനുള്ളില്‍ മകളുടെ ജീവിതം ഭദ്രമാകുന്നതിനായി പ്രാര്‍ത്ഥനയിലായിരുന്നു  ആ അമ്മ. കത്തിച്ചു വച്ച മെഴുതിരിയിലെ അരണ്ട പ്രകാശം ആ അമ്മയെ നടന്നു  തീര്‍ന്ന  വഴികളിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. അകലെ സ്വന്തം ജീവിതം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന അനുമോളുടെ ഓര്‍മകള്‍ പിന്നെയെപ്പോഴോ സൈനബയെ കണ്ണീരിലാഴ്ത്തിയിരുന്നു. തുന്നിചേര്‍ത്ത ചെരുപ്പും, ബാഗും പഴയ യൂണിഫോമുകളുമായി സ്‌കൂളില്‍ പോകു തന്‍റെ അനുമോള്‍..; ഈ ഇത്തിരികൂരയുടെ ചോട്ടില്‍ കളിച്ചും, ചിരിച്ചും അല്പം കരഞ്ഞും വഴക്കിടുന്ന  എന്‍റെ  അനുമോള്‍; വാശിപ്പുറത്തു വന്നു  ചേര്‍ന്ന  തീരാനഷ്ടമായിരുന്നു  സൈനബയുടെ ജീവതം. എന്തിനോ വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. 
            ഹരീഷിന്‍റെ  വാക്കുകള്‍ക്ക് മേലെ തന്‍റെ  ന്യായങ്ങള്‍ നിരത്തിയതിന്‍റെ  തിക്ത ഫലം. അരവയര്‍ നിറച്ചാണെങ്കിലും കഴിയും വിധം അനുമോളുമൊത്തു ജീവിതം പങ്കുവച്ച നിമിഷങ്ങള്‍.. വര്‍ഷങ്ങളങ്ങനെ ആര്‍ത്തിരമ്പി കടന്നുപോകുന്നത് സൈനബ അറിഞ്ഞിരുന്നില്ല. ഇരുപത്തൊന്നു വര്‍ഷങ്ങള്‍, മണ്ണെണ്ണ വിളക്കിന്‍റെയും കീറിയ പുസ്തകതാളുകളുടേയും ഇടയില്‍ കിടന്നു  ജീവിതം മുരടിപ്പിച്ചുകടയാന്‍ അനുമോള്‍ തയ്യാറായിരുില്ല. ഒരു തരത്തില്‍ നോക്കിയാല്‍ അതായിരിക്കും നല്ലതും. ജനിപ്പിച്ചു എന്ന  തെറ്റിന് ഒരു ജീവിതം മുഴുവന്‍ കരഞ്ഞു തീര്‍ത്ത ആ അമ്മയെ വീണ്ടും കരയാന്‍ വിടുകയായിരുന്നു   അനുമോള്‍. വല്ലപ്പോഴുമൊരിക്കല്‍ വരുന്ന  ഒരു കൊറിയറില്‍ ഒതുങ്ങു ന്ന ബന്ധത്തിലേക്ക് അനുമോള്‍ അമ്മയെ മാറ്റിനിര്‍ത്തിയിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി സൈനബ അനുമോളെ കണ്ടിട്ടില്ല, അവള്‍ അവളുടെ ഇഷ്ടങ്ങളെ സ്‌നേഹിച്ചിരുന്നു. അവള്‍ക്ക് ജാതിയോ മതമോ തടസ്സമായിരുന്നില്ല. ആഗ്രഹങ്ങളെല്ലാം അഴിച്ചുപണിയണമെന്ന  മറുപടിയാണ് മകളുടെ കത്തുകളില്‍ സ്ഫുരിക്കു വാചകങ്ങള്‍ പറയുന്നത്. ഹരീഷുമൊത്തുള്ള ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ എന്തായിരുന്നു  എന്ന  ചോദ്യത്തിന് ഉത്തരം തേടാന്‍ സൈനബ തുടങ്ങിയതും മറ്റൊരു ജീവിതത്തിലേക്കുള്ള കാല്‍വയ്പ്പുകളാണ്. നിരന്തരമുള്ള പ്രേരണകളും, സമൂഹത്തിലെ തരം താഴ്ത്തലും ആ അമ്മയെ തളര്‍ത്തിയിരുന്നു. പൊളിഞ്ഞുവീഴാറായ കൂരക്കുള്ളില്‍ ചിതലരിച്ചുറങ്ങുന്ന  ഓര്‍മകളെ ഉണര്‍ത്താതെ ആ അമ്മ യാത്ര ചോദിക്കുകയായിരുന്നു. താന്‍ കഴിക്കുന്ന  ഭക്ഷണത്തിലെ ഒരു പങ്ക് കഴിച്ചിരു കറുമ്പി പൂച്ചക്ക് അന്നത്തേക്കുള്ള ആഹാരം വിളമ്പിവച്ചതിനുശേഷമാണ് ആ അമ്മ കരയാന്‍ തുടങ്ങിയത്. തന്നെ  വെറുക്കുന്ന  ഈ ലോകത്തുനിന്നും  സൈനബ പടിയിറങ്ങുകയായിരുന്നു. 
            തീഗോളം വാരിയിട്ട പോലെ, ആത്മാവ് വെന്തുരുകുന്ന  പോലെ. ചീഞ്ഞു നാറുന്ന  ശരീരത്തെ ചിതയൊരുക്കാന്‍ കൂട്ടാക്കാതെ പണ്ടാരപറമ്പില്‍ കത്തിച്ചുകളയുകയായിരുന്നു.  ആര്‍ക്കും വേണ്ടാത്ത ആരുടേയുമല്ലാത്ത സൈനബ. ഒരു കണ്ണിര്‍ചാലിന്‍റെ  കഥകളറ്റുപോയ ജീവിതപാതയില്‍ തണല്‍ വിരിച്ച ഒരു കാലത്തിന്‍റെ  കാത്തിരിപ്പവസാനിക്കുന്നു. 
            ഉമ്മറപ്പടിയില്‍ ചിതലെടുത്ത കസേര ഒടിഞ്ഞുകിടക്കുന്നു. സൂര്യപ്രകാശം, തകര്‍ന്ന  ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. കാലം ഓര്‍മകളെ ഓര്‍മിപ്പിക്കുമ്പോഴൊക്കെ വരുന്ന  അനുമോളുടെ കത്ത് അപ്പോഴും വരുമായിരുന്നു. ഉമ്മറപ്പടിയില്‍ ആ കത്തുകളെ കാത്ത് കറുമ്പിപൂച്ചയും രാത്രിയുടെ ഇരുള്‍ നിറഞ്ഞ നിഴല്‍പാടുകളും  പകലിന്‍റെ  വെളിച്ചവും മാത്രം.
                                                                    *********



നിഴലും വെളിച്ചവും.    (ചെറുകഥ - അമല്‍ദേവ്.പി.ഡി)
2013 ഫെബ്രുവരി 4 ന് എഴുതിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ