ഈ ബ്ലോഗ് തിരയൂ

2025 ജൂലൈ 9, ബുധനാഴ്‌ച

വായനാനുഭവം - പ്രേതവേട്ടക്കാരൻ ( ജി ആർ ഇന്ദുഗോപൻ )

മാതൃഭൂമിയുടെ ബുക്ക് ഷെൽഫ് എന്ന പരിപാടിയുടെ ഷൂട്ടിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ജി ആർ ഇന്ദുഗോപന്റെ വീട്ടിൽ ഞങ്ങൾ എത്തുന്നത്. അമ്മുവും മനുവും ഞാനുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെയും വായനയുടെയും അനുഭങ്ങൾ പകർത്തുവാൻ ചെന്നത്. അവിടെയെത്തുമ്പോൾ ഞങ്ങളുടെ ആഗ്രഹവും അദ്ദേഹത്തെ കൊണ്ട് ഒപ്പിട്ട ബുക്ക് ഒരെണ്ണം എങ്കിലും വാങ്ങണം എന്നായിരുന്നു. എഴുത്തിന്റെയും വായനയുടെയും അടുക്കും ചിട്ടയും നിറഞ്ഞ, പുസ്തകങ്ങളുടെ അടക്കിവക്കലുകൾ ഇല്ലാത്ത ഒരിടം. മനോഹരമായിരുന്നു. കയറിച്ചെന്നപ്പോൾ തന്നെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ എഴുത്തിടം ഏറെ ആകർഷിച്ചു. മുൻപരിചയം ഇല്ലാതിരുന്നിട്ട് കൂടി ഏറെ പരിചയമുള്ള സുഹൃത്തുക്കളെ പോലെ എഴുത്തിന്റെയും, പുസ്തകങ്ങളുടെയും , പുതിയ സിനിമ സ്ക്രിപ്റ്റുകളുടെ പണിപ്പുരകളെ കുറിച്ചും കുറെ സംസാരിച്ചു. ഉച്ചയ്ക്കുള്ള ഭക്ഷണവും അദ്ദേഹത്തിന്റെ സ്നേഹസ്വീകരണത്തിന്റെ ഭാഗമായി ലഭിച്ചു. ഷൂട്ട് എല്ലാം കഴിഞ്ഞു, മനസ്സിലെ ആഗ്രഹം അദ്ദേഹമാണ് ഇങ്ങോട്ട് തന്നെ പറഞ്ഞത്. ബുക്ക് ആവശ്യം ഉള്ളത് എടുത്തോളൂ. കണ്ണിൽ ഉടക്കിയതും, മനസ്സിനെ കൊളുത്തി വലിച്ചതും അദ്ദേഹത്തിന്റെ രചനയായ “പ്രേതവേട്ടക്കാരൻ “ അനുഭവങ്ങളും കഥകളും എന്ന പുസ്തകമാണ്. മനുവും അമ്മുവും അവർക്ക് വേണ്ടതായ രചനകൾ എടുത്തു. പേരെഴുതി ഒപ്പിട്ടു തന്നു. നിറഞ്ഞ സന്തോഷം ഞങ്ങൾക്ക്.
തിരികെ കൊച്ചിയിലെത്തി, രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പ്രേതവേട്ടക്കാരൻ വായനയ്ക്കെടുത്തത്. എസ് കെ പോറ്റക്കാടിന്റെ “ നാടൻ പ്രേമം “ വായിച്ചു തീരാൻ എടുത്ത സമയം. ജോലി കഴിഞ്ഞിട്ടുള്ള രാത്രിയുടെ ഇത്തിരി നേരങ്ങളിൽ ആയിരുന്നു കൂടുതൽ വായന. പ്രേതവേട്ടക്കാരൻ വായന തുടങ്ങി കുറച്ച് ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. കഥയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് ഉപേക്ഷിച്ചു പോയ പൊട്ടിപ്പൊളിഞ്ഞ കൊട്ടാരസദൃശ്യമായ ഭവനങ്ങളിലും, സെമിത്തേരികളിലും എനിക്കും അദ്ദേഹത്തോടൊപ്പം ചെല്ലാനായി. ചിലപ്പോഴൊക്കെ പേടിപ്പെടുത്തി എങ്കിലും, ആസ്വദിച്ചു ആ വരികൾക്കൊപ്പം ഉള്ള യാത്ര. ചില രാത്രികളിൽ വായനയ്ക്ക് ശേഷം, മുറിയിൽ കനം വച്ച ഇരുട്ടിൽ ഇരച്ചു കയറുന്ന സ്ട്രീറ്റ് ലൈറ്റിന്റെ നൂലിഴ പാകത്തിലുള്ള വെട്ടത്തിൽ മങ്ങി മറയുന്ന നിഴൽ ചിത്രങ്ങളെ പ്രേതങ്ങളായി കരുതിയിട്ടുണ്ട്. അപ്പോഴൊക്കെ വായനയുടെ രസത്തെ, ആ കഥകളെ, ഉള്ളിലേക്ക് ആവാഹിക്കാൻ കഴിഞ്ഞു എന്ന സന്തോഷം. മുൻപെന്നും ഉണ്ടായിരുന്ന ശീലമായിരുന്നു വായന. ഇടക്കാലത്ത് ഇടറിയിരുന്നു. “ പ്രേതവേട്ടക്കാരൻ “ എനിക്ക് വീണ്ടും വായനയുടെ നല്ല ഇടം ഒരുക്കി തന്നു. മുറിഞ്ഞിടത്ത് നിന്നും മുളച്ചു പൊന്തുന്ന പുതുനാമ്പു പോലെ. കള്ളിയങ്കാട്ട് നീലിയും, അന്തോണിപ്പിള്ള സ്വാമിയുടെയും , ഗോപാല പ്രഭുവും പാട്ടുസായ്പ്പിന്റെ പ്രേതവും തുടങ്ങി; കൊള്ളക്കപ്പലും, ഓഗസ്റ്റിലെ കൈ, തുടയെല്ല്, ഒറ്റക്കാലുള്ള പ്രേതം, വിജയന്റെ നടൻ ജയനോടുള്ള സ്നേഹവും ആരാധനയും നിറഞ്ഞ യാത്രയും എല്ലാം പ്രേതവേട്ടക്കാരൻ എന്ന പുസ്തക വായനയിലെ കഥയ്ക്കൊപ്പം, അതിലെ വരികൾക്കൊപ്പം യാത്ര പോകാൻ കഴിഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച രചനകൾ. ഏറെ സ്നേഹത്തോടെ ഇന്ദുഗോപൻ സാറിന് ഒരുപാട് നന്ദി. നല്ലൊരു പുസ്തക വായന സമ്മാനിച്ചതിന്.
അമൽദേവ് പിഡി amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ