ഈ ബ്ലോഗ് തിരയൂ

2020 ഏപ്രിൽ 29, ബുധനാഴ്‌ച

ഓർമ്മകൾ പെയ്തുതോരുന്പോൾ

ഓർമ്മകൾ പെയ്തുതോരുന്പോൾ
----------------------------------------

മൗനമേഘമേ
മലർതിങ്കളായ് വരൂ...
മിഴിയിൽ തൊടുന്നുനിൻ
മഴപാടുമോർമ്മകൾ.

നീമറന്നുവോ
നി​ന്റെ സ്വപ്നവും
നി​ന്റെ മോഹവും
നി​ന്റെ രാഗവും...

ഓർമ്മപാടുമീ
തീരമാകവേ,
തിരയായുണർന്നിടാം
മനസ്സേ നീവരൂ...

നൊന്പരങ്ങളിൽ
നിഴൽ വേഗമായി നീ
ചേർന്നുവെങ്കിലും
ചാരെയില്ലയോ...

തളർന്നുപോകിലും
നിറങ്ങൾ മങ്ങിയും
കടങ്ങളായിതാ,
സ്നേഹദീപകം...

വിടർന്ന കൺകളിൽ
വിലോല പൗർണമി
വിദൂരെയാകവേ,
വിമൂകമെൻ‍ മനം...

എങ്ങുപോകിലും
വെയിൽകിനാക്കളേ
വിരുന്നുവന്നിതാ,
പകൽ ചില്ലതേടുമോ...

വാടിവീഴുമീ
ചുവന്നപൂക്കളിൽ
വസന്തമേളകൾ
തീർക്കുമാശകൾ...

നിത്യമൗനമേ...
നീയൊരോർമ്മയായ്
പെയ്തുതോർന്നിതാ,
പ്രേമഗന്ധമായ്...

നീയകന്നുപോയ്
നിലാവുമാത്രമായ്
നിദ്രയറ്റുഞാൻ‍
കാത്തിരിപ്പിലായ്...

--------------------------------
അമൽദേവ്.പി.ഡി
--------------------------------

amaldevpd@gmail.com
http://www.mizhipakarppukal.blogspot.in
http:www.facebook.com/amaldevpd
Contact: Watsaap: 9400765782
amaldevpd@yahoo.in


2020 ഏപ്രിൽ 26, ഞായറാഴ്‌ച

മഴ - ഇഷ്ടം ❤️

മഴയുടെ താളത്തിൽ
തരളിതമാമൊരു,
കരളിലെയനുരാഗ-
ക്കഥപ്പറയാം...
കുളിരുന്നോരോർമ്മയിൽ
നനയുന്നു ഞാനിന്ന്
മഴചാറുമിടവഴിയോരങ്ങളിൽ,
ഇടറാതെ ഞാനൊന്ന്
ചൊല്ലിയനേരത്ത്
മഴയുടെയീണത്തിൽ
പാടുന്നുനീ....


മഴ - ഇഷ്ടം ❤️

2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച

നിയതികൾക്കുമേലെ...

നിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ എനിയ്ക്കാകില്ല.

നിന്റെ നിഴലായി നടക്കാൻ
നിന്നോടൊപ്പമാകാൻ
എന്റെ നിയതികൾ എനിക്കിടം നൽകുന്നില്ല.

ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ
അനന്തമായ
ആനന്ദത്തിന്റെ ഉൾച്ചുഴികളിൽ
ഞാനെന്നെ സ്വയമർപ്പിക്കുകയാണ്.

മേഘക്കീറുകൾക്കിടയിലൂടെ
എന്റെയാത്മദാഹത്തെ ശമിപ്പിക്കാൻ
ഊഴ്ന്നിറങ്ങിയ,
സൂര്യകിരണങ്ങൾക്കുനേരെ
ഞാൻ കണ്ണടച്ചു.

വെയിലാർത്തുപ്പെയ്യുകയായിരുന്നു,
വിടരാൻ കൊതിക്കുന്ന
വിരഹനോവുകൾക്ക് വിടനൽകി
അതിരൂക്ഷമായ
ആനന്ദത്തിലൂടെ നീന്തുകയായിരുന്നു ഞാൻ .

amaldevpd@gmail.com
Http://www.mizhipakarppukal.blogspot.in
Http://www.facebook.com/amaldevpd

2020 മാർച്ച് 8, ഞായറാഴ്‌ച

ഏകാന്തതയിലെ തൂക്കുമരം - അമൽദേവ് പി ഡി

ഏകാന്തതയിലെ തൂക്കുമരം - അമൽദേവ് പി ഡി
------------------------------
സ്വപ്നാടനം പാർട്ട് - 1
------------------------------

"പൊട്ടിപൊളിഞ്ഞ സിമൻ്റ് തറയിലൂടെ ഷൂസിട്ട് നടക്കുന്ന ശബ്ദം.
നേരിയതായിരുന്നു, പിന്നെ അത് കനമേറി വന്നു..."

ലാത്തി കൊണ്ട്
ഓരോ ജയിലിൻ്റേയും അഴികളിൽ
ആ പോലീസുകാരൻ
വളരെ മനോഹരമായി
തന്റെ മനസിലെ ശുദ്ധസംഗീതത്തെ ഉണർത്തുുമാറ്
തട്ടിയുരസിയാണ് നടക്കുന്നത്.

നേരം പുലർച്ചെ മൂന്ന് മണിയോടെ ആയിരിക്കുന്നു.
വിധി പകർത്തിയെഴുതിയ ദിവസം.
ഇന്നാണ് എൻ്റെ കഴുത്തിൽ കുരുക്കുവീഴുന്ന ആ സുദിനം.
നേരിയ നിലാവിൻ്റെ വെട്ടം വീണ ജയിലഴികൾക്കിടയിലൂടെ
ഒരു ലാത്തി പിടിച്ച ജയിൽ വാർഡൻ്റെ
കറുത്ത നിഴൽ നീണ്ടു വന്നു.

നീ ഉറങ്ങിയില്ലേ.... ?

നിലാവിൻ്റെ നീലച്ഛായയിൽ മുങ്ങി നീരാടുന്ന രാപക്ഷിയെ പോലെ തോന്നി എനിക്കാ പോലീസുകാരനെ...
( എൻ്റെ ഉത്തരം കിട്ടാതെ വന്നപ്പോൾ വീണ്ടും ചോദിച്ചു. )
ടാ... നീ എന്താ നോക്കി നിൽക്കുന്നേ...?
അഞ്ചു മണിയ്ക്ക് റെഡിയാകണം. ഇന്ന് നീ പോകുവല്ലേ...

ഓർമ്മകളുടെ ലോകത്തേയ്ക്ക് ഓടിക്കയറുന്നത് പോലെ. !

(ചുണ്ടിൽ വിരിഞ്ഞ ക്രൂരമായ എന്നാൽ അതിമനോഹരമായ പുഞ്ചിരിയോടെ പിന്നെയും എന്തൊക്കെയോ പറഞ്ഞു, ആ പോലീസുകാരൻ നടന്നു )

ആരൊക്കെ കാണാൻ വരും...
എൻ്റെ കഴുത്തിൽ കയർ മുറുകുമ്പോൾ എനിക്ക് വേദനിക്കില്ലേ...?

അടുത്ത ജയിൽ മുറിയിലെ സുഹൃത്തിനും
അഞ്ച് മണിയോടെ റെഡിയാകണം.
അവൻ അവനെതന്നെ കൊല്ലുമെന്ന് ഭീഷണിമുഴക്കി, അതിനാണ് അവനീയഴിക്കുള്ളിൽ.

ഇന്ന് അവൻ്റെ സ്വാതന്ത്രത്തെ ഹനിക്കും,
കഴുത്തിൽ കുരുക്കുവീഴും...

എന്ത് അവസ്ഥയാണ് അല്ലെ... സ്വന്തമായി മരിക്കുന്നത് പോലും വലിയ കുറ്റമാണ് ഇവിടെ.

ജീവതത്തെ വിജനമായ ഒരിടമായി കാണാൻ ശ്രമിച്ചു,
അതായിരുന്നു ഞാൻ ചെയ്ത കുറ്റം.
ഒറ്റയ്ക്കിരിക്കാൻ ഞങ്ങൾ സമ്മതിക്കില്ല
എന്ന് അവർ ഇടയ്ക്കിടെ എൻ്റെ ചെവിയിൽ വന്നു പറയുന്നു.

"ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ഒരേദിശയിലായിരുന്നു.
ഒരർത്ഥത്തിൽ ഒരേകുറ്റമായിരുന്നു ചെയ്തത്. "

ഞാൻ നോക്കിയപ്പോഴൊക്കെ
ഞാൻ ഒറ്റയ്ക്ക് തന്നെയായിരുന്നു,
എന്നിട്ടും അവരെന്നെ എന്തിനു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ?

ഈ ഇരുട്ട് നിറഞ്ഞ മുറിയിൽ പൂട്ടിയിട്ട്
മൗനത്തിൻ്റെ ഇടമുറിയാത്ത രാവുകൾ പകലുകൾ സമ്മാനിച്ച്
എന്നെ ഉറക്കാതിരുന്നത് എന്തിനായിരുന്നു...
ഇതായിരുന്നോ എനിക്കുള്ള ശിക്ഷ... ?

എനിക്ക് ഏകനായിരിക്കണം,
കവിതയെഴുതണം
ഓർമ്മകളുടെ കാണാകയങ്ങളിൽ മുങ്ങിനിവരണം
അപ്പോഴൊക്കെ ഞാൻ
ഒറ്റയ്ക്കായിരിക്കണം....

ടിക്... ടിക്... ടാ എന്താ സ്വപ്നം കാണുവാണോ...
മതി മതി എഴുന്നേല്ക്ക്...

( നിലാവത്ത് നീന്താനിറങ്ങിയ രാപക്ഷി വീണ്ടും ജനലഴികളിൽ സംഗീതമാലപിച്ചു. )

വീട്ടുകാരും നാട്ടുകാരും വേണ്ടപ്പെട്ടവരും എല്ലാം എത്തിക്കഴിഞ്ഞു,
പരിചയമുള്ള മുഖങ്ങളേക്കാൾ
അപരിചിത മുഖങ്ങളായിരുന്നു കൂടുതലും....

ഞാനും എൻ്റെ തൊട്ടടുത്ത ജയിൽ സുഹൃത്തും ഒരുമിച്ചു നിന്നു.
അവൻ്റെ മുഖം കറുത്ത തുണികൊണ്ടാണ് മറച്ചത്.

പോലീസുകാരൻ എൻ്റെ മുൻപിൽ വന്നു നിന്നു.
വെളുത്തതുണികൊണ്ട് അവരെൻ്റെ മുഖം മറച്ചു.

വേണ്ടപ്പെട്ടവർ സുഹൃത്തുക്കൾ ചിലർ വിളിച്ച് പറഞ്ഞു,
കഴുത്തിൽ കയർ കുരുങ്ങേണ്ടതാണ്,
വേദനിപ്പിക്കണ്ട തുണി കട്ടിയിൽ വച്ചോളു...

നിനക്ക് പേടിയില്ലേ.. അപരിചിതമുഖങ്ങൾക്കിടയിലെ ഒരു മുഖം ചോദിച്ചു.

ഞാൻ ചിരിച്ചു, ഇനിയെങ്കിലും എനിക്ക് ഒറ്റയ്ക്കിരിക്കാലോ സുഹൃത്തേ....

ആറ് മണിയായി...

"കാഴ്ചക്കാരെ മടുപ്പിക്കാതെ സൈറൺ മുഴങ്ങി"

എൻ്റെ ജയിൽ സുഹൃത്തിനെ അവസാനമായി കാണാൻ ആരും വന്നില്ല എന്നത് സങ്കടകരം.

കൃത്യം 6.05 ന് അവന് അവർ സ്വാതന്ത്രം കൊടുത്തു.

ഒരു ചെറിയ കിണർ, അതിന് മുകളിലാണ് എനിക്കുള്ള കുരുക്ക് ഒരുക്കിയത്.
കിണറിന് മുകളിൽ വച്ച പലകയിൽ ഞാൻ കയറിനിന്നു.
കഴുത്തിൽ കുരുക്കിയ കയർ ഇടക്ക് ശ്വാസമെടുക്കുന്നപോലെ..

ആരാച്ചാർ ലിവർ വലിച്ചു.

ഞാൻ എൻ്റെ ഏകാന്തതയിലേയ്ക്ക്
എൻ്റെ കവിതയിലേയ്ക്ക്
എന്റെ ഓർമ്മകളിലേക്ക്
താഴ്ന്നുപോയി... !

കഴുത്തിൽ കുരുക്കിയ കയർപൊട്ടി ഞാൻ കിണറിൻ്റെ ആഴത്തിലേക്ക് ചെന്നുപതിച്ചു.
ചിരിവന്നിട്ട് ഒരു രക്ഷയും ഇല്ല.
കഴുത്തിൽ തടവി ചുറ്റും നോക്കി....
ഇരുട്ടിൽ നിന്നും കയ്യടി കൂടി കൂടി വന്നു...

നീലയും വെള്ളയും കളർ യൂണിഫോം ഇട്ട സ്കൂൾ വിദ്യാർത്ഥികൾ
എൻ്റെ മരണം കാണാൻ വന്നതാണ്.
പഠനത്തിൻ്റെ ഭാഗമാണെന്ന്.
കിണറിൻ്റെ ഉൾവട്ടത്തിൽ ഒരുക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് അവർ കയ്യടിച്ചുകൊണ്ടിരുന്നു.

ഞാൻ മരിച്ചത് അവർ അറിഞ്ഞില്ല.
കിണറിനു ഉള്ളിൽ നിന്നും മുകളിലേക്ക് നോക്കിയ ഞാൻ പിന്നെയും ചിരിച്ചു...

നിറയെ ഫ്ലാഷ് ലൈറ്റുകൾ എന്നെ ഒപ്പിയെടുത്തു പടമാക്കി.

കഷ്ടപ്പെട്ട് കിണറിന് മുകളിലേയ്ക്ക് കയറിവന്ന്,
ഞാൻ സുഖമായി കിടന്നുറങ്ങി...

ആറുമണിയ്ക്കുള്ള അലാറം അടിച്ചപ്പോൾ സ്വപ്നാടനം മതിയാക്കി എഴുന്നേറ്റു...

കട്ടിലിൽ ഇരുന്ന് ഞാൻ തലേന്നെഴുതിയ കവിതനോക്കി വെറുതെ ചിരിച്ചു.
=========================
"കണ്ട സ്വപ്നത്തെ പകർത്തിയപ്പോൾ കാര്യമായെന്തോ ഉണ്ടെന്നു തോന്നി. ആ തോന്നലളക്കാൻ ഒരു കവിതകൂടി ജനിക്കുമായിരിക്കും. ഓർമ്മകൾക്കുള്ളിൽ അടയിരിക്കുന്ന ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. പൊളിച്ചെഴുതാൻ അറിയാതെ പോയത് പല കഥകളുടെയും കഥകഴിച്ചു. എന്റെ സ്വപ്നത്തിലെ കാഴ്ചകൾ ഇടക്കൊക്കെ ഓർമകളെ ഇങ്ങനെ മുറിച്ചെറിയാറുണ്ട്."
=========================

amaldevpd@gmail.com


2020 ഫെബ്രുവരി 19, ബുധനാഴ്‌ച

മൗനാന്തരം

മൗനാന്തരം
....................


പാതിവെന്ത മനുഷ്യത്വം
ഇപ്പാഴ്മരുഭൂവിതിലൊരിറ്റു,
ദാഹജലം തേടി.
പതിരടർന്ന പദപ്രയോഗങ്ങൾ
പലകുറിയണിഞ്ഞനാവിൽ
പാൽമണം മാറിയിട്ടില്ലെന്നാരും
പാഴ്‌വാക്കായി മൊഴിഞ്ഞിലിതുവരെ.
ഉടലുരുകിയൊഴുകുന്ന-
കണ്ണുനീരിലൊരു മൗനം മിണ്ടാതിരുന്നു.
തൊണ്ടവിണ്ടുകീറി
വേദന,ഹൃദയത്തിൽ തൊട്ടു,
മരിച്ചമനസ്സിലെവിടെ മനുഷ്യത്വം.
കടലാഴമെന്നോണമളന്നെടുത്ത
സ്നേഹവായ്പ്പുകൾ,
നെറുകയിൽചൂടിച്ച ചുംബനപ്പൂക്കൾ
എല്ലാം, ഇടറിയവരികളിൽ
കുറിച്ചിട്ടവൾ...
കരിപടർന്നമുഖത്തിൽ
കിളികൊഞ്ചലകന്നിട്ടില്ല.
മധുരമായിരുന്നു, സ്നേഹമായിരുന്നു.
ഒടുവിലൊരുപെരുമഴയായി
പെയ്തിറങ്ങിയെന്നി-
ലാനന്ദമൊഴുക്കിയപ്പോൾ
മൗനത്തിന്റെ ഇടമുറിയാത്ത നൊമ്പരം
വീണുടയുന്നത് ഞാനറിഞ്ഞു.
പിന്നെയൊഴുകിയതെന്റെ
രക്തമായിരുന്നു...
മതിലുകെട്ടിത്തിരിച്ച
മനുഷ്യമുഖത്തിന്റെ
മറവിനിറഞ്ഞഓർമ്മകളിൽ
അഭിനയരസമറിഞ്ഞു നിന്നു.
'അകലം' ഒരനുഭൂതിയായി
അറിയാതെയെന്നിൽ നിറഞ്ഞിരുന്നു.


.....അമൽദേവ് പി ഡി ........



amaldevpd@gmail.com

2020 ഫെബ്രുവരി 5, ബുധനാഴ്‌ച

നിഴൽചിത്രം

നിഴൽചിത്രം
------------



നിറമകന്ന സൂര്യന്റെ നിഴൽചിത്രമാകാൻ
തപം ചെയ്തുഞാനെന്റെ, പാതിതൻചാരെ...
മഴപ്പക്ഷിപോലെ മനസ്സൊന്നുപെയ്തു
മിഴിക്കുന്പിളിൽ മധുരകാവ്യങ്ങളെയ്തു.

വിരൽത്തുന്പിനാലെ തുന്നിയനൊന്പര-
കാഴ്ച്ചകളെന്നിൽ വെയിൽചില്ലതീർത്തു.
അതിലൊരുവാടിയ ചില്ലയിലേകനായ്
അകലുന്നജീവനെ നോക്കിഞാനിരിന്നു.

കടംതീർത്ത ജീവിതപ്പാതയിലെവിടെയോ
വഴിതെറ്റിവീണ്ടുമെൻ മാനസംതേങ്ങവെ,
നിഴൽഭീതിയെന്നിൽ നിറദീപമായി
കത്തിജ്വലിക്കുന്നു ഹൃദയത്തിനുള്ളിൽ.

ഇവിടെയകലുന്ന നിഴലുകൾ നീഹാരമായ്
ചുറ്റിപ്പിണഞ്ഞെന്റെ കണ്ഠത്തിലമരുന്നു.
സ്നേഹോജ്വലം നിത്യനവയൗവനം പോലെ
സ്വപ്നങ്ങളങ്ങനെയാമങ്ങൾ പുൽകി.

ഒരുസൂര്യനുണരുന്നു രാവിതിൻമേലെ,
പകലെന്നസത്യത്തിൻ പതിരുകൾതേടി-
യലയുന്നോരുജ്വലതീജ്വാലപോലെ
നിഴലൊരുമൗനത്തിൻ തിരശ്ശീലതീർത്തു...

--------------------അമൽദേവ് . പി ഡി----------


http;//www.facebook.com/amaldevpd
amaldevpd@gmail.com

2019 ഡിസംബർ 18, ബുധനാഴ്‌ച

കാത്തിരിപ്പിന്റെ കാലം


കാത്തിരിപ്പിന്റെ കാലം
------------------------


കാലമിങ്ങനെ നടന്നകലുകയാണ്
കനിവുവറ്റിയ
മനസ്സുമായി.
അതിരുകൾപാകിയ
ബന്ധനങ്ങളിൽ നിന്നും
മുക്തിതേടി
ഞാനുമൊപ്പംകൂടി...

കാത്തിരിപ്പിന്റെ
കാലം കൂടിയാണിത്.

വിധിപടർത്തിയ
നോവുകൾക്കപ്പുറം
ചിരിയകന്ന ഒരുമുഖം മാത്രം.
മഴപ്പാടിന്റെ
വേദനകൾക്കൊപ്പം
ഞാനെന്റെ
കണ്ണുനീർ തുള്ളികളെ
മായ്ക്കാൻ
നിന്റെ കരങ്ങളുടെ
സഹായംതേടി...

ഒടുവിലെയാശയതായി
മാഞ്ഞകലുന്ന
നിഴലുകൾ,
ഞാനെന്റെ
കിനാക്കളെ ഉറക്കിക്കെടുത്തി
നിന്നിലേയ്ക്കാഴ്ന്നിറങ്ങി.

നീ നടന്നകന്നവഴികളിൽ
ഞാനാകാല്പാടുകൾ തേടിയലഞ്ഞു.
കാലമൊരശ്രുബിന്ദുവായി
എന്നിലേയ്ക്ക്
പെയ്തിറങ്ങിയപ്പോഴും
ആനന്ദത്തിന്റെ
അതികാലഭാവം
ഞാനറിയുകയായിരുന്നു.


കാത്തിരിപ്പിന്റെ കാലം.
.......................................
അമൽദേവ് .പി.ഡി
.......................................




Photo courtesy google.

Amaldevpd@gmail.com
Http://www.facebook.com/amaldevpd