ഈ ബ്ലോഗ് തിരയൂ

2016 നവംബർ 27, ഞായറാഴ്‌ച

ഹൃദയമാമല


ഹൃദയമാമലമേലേ വാഴും
അയ്യനയ്യപ്പാ... എന്റെ
ശരണഗീതം കേട്ടിടേണം
കലിയുഗവരദാ... (ഹൃദയമാമല...)

മണ്ഡലവിളക്കുനേർന്നു
മാലയിട്ടന്ന്... ഞങ്ങൾ
ഇരുമുടിക്കെട്ടേറ്റി മാമല-
യേറിടുന്നയ്യ...   (ഹൃദയമാമല...)

വൃശ്ചികപ്പുലരി പൂക്കും
പൂമലമേലേ... എന്നും
വന്നു ഞങ്ങൾ തൊഴുതിടുന്നു
നിൻ തിരുനടയിൽ... (ഹൃദയമാമല...)

പേട്ടതുള്ളി പാട്ടുപാടി
വാവരു സ്വാമിയെ തൊഴുതു,
സ്വാമിപാദം തേടിഞങ്ങൾ
മലകയറുന്നു... (ഹൃദയമാമല...)

പന്പയിൽ കുളികഴിഞ്ഞു
ശരണമന്ത്രമുരുവിടുന്നു
ശബരിഗിരിനാഥാ... സ്വാമി
ശരണമയ്യപ്പാ... (ഹൃദയമാമല...)

പുണ്യദർശനമൊന്നുമാത്ര-
മെന്നുമെന്നുള്ളിൽ... അയ്യാ
കൂടെ വന്നെൻ കൈപിടിച്ചീ,
മലകയറ്റീടൂ... (ഹൃദയമാമല...)

പടിപതിനെട്ടും കയറി
സന്നിധാനത്തണഞ്ഞപ്പോൾ
സ്വാമിമന്ത്രമൊന്നുമാത്രം
ഞങ്ങളറിയുന്നു... (ഹൃദയമാമല...)

സ്വാമിനാമ,മെന്നുമെന്റെ
ഹൃത്തടത്തിങ്കൽ... നിറയും
നെയ്തിരിയായ് ഉരുകിടുന്നു
പാപഭാരങ്ങൾ... (ഹൃദയമാമല...)

മഞ്ഞുവീഴും മകരനാളിൽ
നീയുദിച്ചെന്നാൽ... സ്വാമി
ശരണമന്ത്രധ്വനികളാമല
കീഴടക്കുന്നു... (ഹൃദയമാമല...)

പുണ്യമാസക്കാലമെന്നും
പൂവണിഞ്ഞു,മാനസങ്ങൾ
പാടിടുന്നു സ്വാമിഗീതം
ശരണമയ്യപ്പാ... സ്വാമി (ഹൃദയമാമല...)



********** അമൽദേവ്.പി.ഡി ******


http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com

2016 നവംബർ 20, ഞായറാഴ്‌ച

ഓർമ്മകളിൽ ഒരു മധുരഗാനം

മറക്കില്ലൊരിക്കലും മധുരമായ് പാടുന്ന കാക്കക്കുയിലേ നിന്‍ മൗനഗാനം മിഴിക്കുമ്പിളില്‍ തട്ടിയുടയുന്ന മാത്രകള്‍ മഴവില്ലിന്‍ ചന്തമോടാനയിപ്പൂ... നിന്‍ സ്വരം മാത്രമാണെന്നുമെന്നീണമായ് ഹൃദ്യമായ് ഹൃത്തടം പുല്‍കുന്നു ഞാന്‍ നാളെയൊരിക്കലെന്‍ കൈവിരല്‍ തുമ്പിനാല്‍ നിന്‍ സ്വപ്‌നഗേഹം ഞാന്‍ പണിതുയര്‍ത്താം. വിടപറയും മുന്‍പേ,യടര്‍ന്നുപോയന്നു നീ വാടിത്തളര്‍ന്നൊരു കാട്ടുപൂവായ്, കോടിജന്മങ്ങളായ് കാത്തുകാത്തങ്ങു ഞാന്‍ നിന്‍ സ്വരം തേടിയലഞ്ഞിരുന്നു. എന്തിനു ദേവതേ നിന്‍ നിഴലെന്നെവി- ട്ടെന്തിനോ തേങ്ങിപ്പിടഞ്ഞിരുന്നു എന്നും നിനക്കായ് കാത്തുവക്കും പ്രേമ- ഗന്ധമായ് ഗാനമായ് നിഴലായി ഞാന്‍... നീളുന്ന മാത്രകള്‍ നുണയുന്ന മധുവുമായ് നിരയിട്ടൊരോര്‍മ്മകളെന്നുമെന്നില്‍ ഉറവുപൊട്ടി,ച്ചാലുകീറിയാ കവിളത്ത് കനമേറുമോര്‍മ്മകളൊഴുകിടുന്നു... വിധിയുടെ വീഥിയില്‍ ചലനമറ്റന്നു ഞാന്‍ ചിരിയൂര്‍ന്നുവീണൊരു പാവായായി. മറവിതന്‍ ചിതല്‍കാടു തേടുന്നൊരോര്‍മ്മകള്‍ ചന്ദന,ച്ചിതയിലിന്നുറങ്ങിടുന്നു... -------------------------------------------------------------

അമല്‍ദേവ്.പി.ഡി
----------------------------------------------
http://www.facebook.com/amaldevpd

2016 സെപ്റ്റംബർ 10, ശനിയാഴ്‌ച

ഓര്‍മ്മച്ചിറകുകള്‍

:::::::::::::::::::::::::::::::::::::::::::::::::::::::

മാരിവില്‍ച്ചില്ലമേലായിരം ചിറകുകള്‍
കൂടണയാന്‍വരുംസന്ധ്യകളില്‍
മന്ദാരക്കാവിലെ പൂമണംചോലുന്ന
തേന്‍മുല്ലയൊരുകൊച്ചുകഥ പറഞ്ഞു.

മധുരമൊരോര്‍മ്മയിലന്പിളിത്തെന്നല-
ന്നഴകെഴുമീറന്‍നിലാവുമൊത്ത്
മിഴികളിലെഴുതിയ നറുമലരന്പുമായ്
ഒരുമാന്‍കിടാവന്നെന്നരികിലെത്തി.

ചിലുചിലെ ചിരിയുമായവളൊരു സുന്ദര-
പ്രേമത്തിന്‍ സിന്ദൂരതിലകവുമായ്
കനവുകള്‍ മൂടിയ കവിതതന്‍വരികളില്‍
കനല്‍ കോരിയിട്ടെങ്ങോ, അകന്നുപോയി.

നിഴല്‍നീട്ടുമാശകള്‍ നീന്തുന്ന നിശയിലെന്‍-
കദനത്തിന്‍ കടലൊന്നു കരകവിഞ്ഞു.
അകലെയൊരു ദീപമുരുകുമീ സന്ധ്യതന്‍-
ചോട്ടിലണയാതിരിപ്പതിന്നാര്‍ക്കുവേണ്ടി ?

ഇടറിയ കണ്ഠമുരചെയ്ത കനവുകള്‍
ചന്ദനച്ചിതയിലനശ്വരമായ്
ചലനമറ്റതിലൊരു കാവ്യബിംബമായ്
ആര്‍ദ്രയാമിന്നു ഞാനുറങ്ങി...

വിടവാങ്ങുമാ തീര്‍ത്ഥയാത്രതന്‍പാതിയില്‍
ചിറകു കുഴഞ്ഞൊരു കുയില്‍ പാട്ടു പാടുന്നു
മറവിയായ് നീ നിത്യമെന്നില്‍ നിറച്ചൊരു
ഓര്‍മ്മപ്പെടുത്തലുകളാണീ പുകച്ചുരുള്‍...

കാത്തിരുന്നാ സ്വരമേതോ വിജനമാം
പൂവനങ്ങള്‍ പൂത്തിറങ്ങുന്ന ചില്ലയില്‍
സര്‍ഗ്ഗവസന്തമഴകായ് വിടര്‍ന്നൊരു,
പൂവിതള്‍ത്തുമ്പിലെ തേന്‍മലരന്പുപോല്‍.

ഞാനുറങ്ങുന്നതറിയാതെയാ കുയില്‍
പ്രാണനുരുകുന്ന വേദനയോടന്നു
പാട്ടുപാടിയെന്നെ വിളിച്ചൊരീ
പൂമരക്കാടു താണ്ടുവാനെത്തുമോ... ?

നിന്‍ചിറകിന്നടിയിലെ ചൂടിനാല്‍
വെന്തുരുകിപ്പിടഞ്ഞുപിടഞ്ഞു ഞാന്‍
ചന്ദനത്തട്ടിലാരോ കൊളുത്തിയ
അഗ്നിയാല്‍ മോക്ഷമേകുന്നു ജീവനില്‍.

നിന്‍ചിറകോടു ചേര്‍ന്നുപറക്കുവാന്‍
നിന്‍നിഴലായി നീളെപ്പരക്കുവാന്‍
നിന്റെ ഗന്ധമായ് രാവുകള്‍, പകലുകള്‍
നിന്‍സ്വരമായി നിന്നോടു ചേരുവാന്‍

മാര്‍ഗ്ഗമാണീ ചിതയിലെ അഗ്നിയില്‍
വെന്തുരുകിത്തീരുന്ന നിമിഷങ്ങളെന്നുമേ,
നിന്നലേക്കായി പടര്‍ന്നുകയറുന്ന
എന്റെ ആത്മാവു തേടുന്ന ഭാഗ്യമേ.

നിന്നിളംതളിര്‍മേനിയെ പുല്കുന്ന
തെന്നലായിന്നടുത്തു ഞാനെത്തവേ,
കാണ്‍മതില്ലെന്നറിയാമെന്നാകിലും
കണ്‍നിറഞ്ഞതന്നെന്തിനാണോമലേ...?

കാലമെന്നെയും നിന്നെയുമെന്തിനോ
കോര്‍ത്തുവച്ചു നിത്യവസന്തമായ്
കൂടുതേടി പറന്നു നാമിരുവരും
ചിറകുരുമ്മി കാലമേറെ പോയനാള്‍.

കാത്തുവച്ചൊരാ പ്രണയഹാരത്തിന്റെ
ഇഴകളാരോ മുറിച്ചുകളഞ്ഞുവോ?
കാര്‍മുകില്‍ കനംവച്ചെന്റെ ചിറകിലായ്
പെയ്തുപെയ്താര്‍ത്തു കണ്ണുനീര്‍ത്തുള്ളിയായ്.
----------------------------------------
അമൽദേവ് പി.ഡി.
ഓർമ്മച്ചിറകുകൾ....


2016 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഓർമ്മമാത്രം


:::::::::::::::::::::::::::::::::::::::
വിരൽ തൊട്ടുണർത്തുന്ന
മോഹങ്ങളൊക്കെയും
സ്വപ്ന ചാപല്യങ്ങളായിരുന്നു

മറവിയായ് പുല്കുന്ന
പുതിയ രസത്തിന്റെ
തിക്തമാം കാഴ്ച്ചകളായിരുന്നു.

അവളുടെ മൊഴികളിൽ
നിന്നടരുന്ന കവിതയിൽ
മധുരമാം പ്രണയമതായിരുന്നു

മിഴി തെറ്റിയലയുന്ന
മൂകമാമിരുളിനെ
അവളാകവിതയിൽ ചേർത്തു വച്ചു.

വശ്യമാം പുഞ്ചിരി
ചൂടുന്ന നിൻ മുഖം
വന്യമായ് നിൽക്കുവതെന്തിനിന്ന്

വിണ്ണിലെയേകാന്ത
വിസ്മയമായിന്ന്
ചിരിതൂകിയിന്നുനീ,യുദിച്ചു നിൽക്കേ.

മണ്ണിലെന്നാത്മാവു,
തേടുന്ന യൗവന
ഭാഗ്യമൊരശ്രുവായടർന്നു വീണു.

കതിരുകൾ കൊത്തി
പറന്നു പറന്നവൾ
ഒരു ദു:ഖ സാനുവിൽ ചെന്നിരുന്നു.

അവിടെയൊരായിര,
മോർമ്മകൾ മേയുന്ന
സായന്തനങ്ങളുണ്ടായിരുന്നു.

വിടപറഞ്ഞെങ്ങോ
പറന്നു പോയാ കൊച്ചു,
ചിറകിന്നൊരോർമ്മ മാത്രമായി

കാത്തിരിപ്പിൻ കട-
ലാഴങ്ങളോളം നിൻ
കാലൊച്ചതേടി ഞാൻ നടന്നിരുന്നു.

::::::::::::::::::::::::::::::::::::::::::::::::::::::

amaldevpd@gmail.com

2016 ഓഗസ്റ്റ് 13, ശനിയാഴ്‌ച

കാലം കരുതിയ വർണ്ണച്ചിറകുകൾ

ഇല്ലില്ല,യീ-
ക്കനൽ കൂടതിൽ
മിച്ചമാം
വർണ്ണച്ചിറകുകൾ.
മണ്ണിതിൽ
താപമുറഞ്ഞിടും
രാപ്പകലുകൾ
നീന്തുമാരവം.

വെയിൽ വെന്തുരുകി
വീഴുന്നതണലുകൾ,
വഴിയടഞ്ഞ
നേരുകളഴുകിടുന്ന
കാനകൾ.
വിധിയൊടുക്കിയൊ-
രമ്മച്ചിറകുതേടു,
മൊരുകിളി കൊഞ്ചലും
ഗഗനവീഥിയിലിടറി
വീണൊരിണക്കിളിയും,

കാലമൊരൽപ്പ-
മകന്നനേരം
കോലങ്ങളെല്ലാ,
മഴിഞ്ഞിടുന്നു
ശേഷിച്ചൊരാ,
ജലകണമിന്നാ-
കണ്ഠമറിയാ,
തൊഴുകിടുന്നു...
അകലുന്നു
മണ്ണിതിൽ നിന്നു,
മകലേയിരുണ്ട
കിനാവുകൾ.

വിറയ്ക്ക്കുന്നു
കരിയിലകണക്കെ,
വീണൊരെൻ
വർണ്ണച്ചിറകുകൾ
കൊതിക്കുന്നു
കാറ്റിലറിയാതൊന്നു
പറന്നു പോയാ-
കാലമൊന്നു
പുൽകുവാൻ...
::::::::::::::::::::::::::

കവിത : കാലം കരുതിയ വർണ്ണച്ചിറകുകൾ
എഴുതിയത് : അമൽദേവ്.പി.ഡി
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in

2016 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

എത്ര കിനാക്കൾ...

മിന്നിമറയുന്നതെത്ര കിനാക്കൾ
മണ്ണിലുറയുന്ന ജീവന്റെ സ്വപ്നം
മന്ത്രമുരുകുന്ന ചക്രവാളത്തിൽ
മന്ദമലിയുന്ന സായന്തനങ്ങൾ.

വർണ്ണജാലങ്ങൾ തീർക്കുന്ന സ്വപ്നം
മൗനരാഗങ്ങളെഴുതുന്ന സ്വപ്നം
മണ്ണിലമരുന്ന ജീവന്റെ രക്തം
ചിന്തുമോർമ്മകൾ മേയുന്ന സ്വപ്നം

കാടും പുഴയും പൂമരകൊമ്പും
കാട്ടുചോലക്കിളിതേടും മഴയും
മണ്ണിൻ മനസ്സിൽ മുളക്കുന്ന വിത്തും
കാണുന്നു കാടുകയറുന്ന സ്വപ്നം.

കാമമല്ലായതിമോഹമാണിന്നെന്റെ
അതിരുകൾ കെട്ടും കറുത്ത സ്വപ്നങ്ങളും
ഫണമുയർത്തി പായുമുരഗവർഗ്ഗങ്ങളും
കൊമ്പുകോർക്കും കാട്ടുപോത്തും കടുവയും

മാനും മയിലും മാമലക്കാടും
മഴയൊച്ച തേടുന്ന വേഴാമ്പലും
മറയുന്നു ഭൂമിതന്നാഴങ്ങളിൽ ചെന്ന്
രാപ്പാർക്കുമാദിത്യ കിരണങ്ങളും.

ഈ മഴക്കാടു തേടുന്ന യൗവന
പൂമരച്ചില്ലയിലാടിയാടി
മന്ദമഴിയുന്ന മൗനസ്വരങ്ങളെന്മനസ്സിന്റെ
മാനത്ത് വിരിയുന്ന മഴവില്ല് പോൽ

നിമിഷമീ സ്വപ്നങ്ങളിൽ മേയുമാശകൾ
വെട്ടിവീഴ്ത്തുന്ന വൻമരച്ചില്ലകളിൽ
കൂടണയാൻവരും കുറുമൊഴിതെന്നലും
കുയിൽ പാട്ടുമില്ലാത്ത സന്ധ്യകളും

നിത്യവിസ്മൃതി തന്നാഴങ്ങളിൽ
വേരറുക്കുന്ന മാനുഷ ചെയ്തികളിൽ
നീളും മരുഭൂവിലാരോകടം കൊണ്ട,
കണ്ണുനീർ തുള്ളികൾ ബാക്കിയായി.
---------------------------------------------

(അമൽദേവ്.പി.ഡി) എത്ര കിനാക്കൾ...

2016 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച