ഉളളിൽ അടിഞ്ഞു കൂടിയ
ഓർമകളുടെ
നീണ്ട നിരയിൽ നിന്നും അടർത്തിയെടുത്ത്,
നിറവും രൂപവും നൽകി
വർണനകളുടെ വാരിക്കുഴിയിൽ വീണുടയുന്ന വാക്കുകളെ തേടിയടുക്കുന്ന പകൽസ്വപ്നങ്ങളിലേക്ക്
ഒരിക്കൽ കൂടി
ഊളിയിട്ടു നീന്തി തുടിക്കുമ്പോൾ,
ഉറവു പൊട്ടിയൊഴുകുന്ന കനവുകൾക്കും മേലെ കത്തിയെരിയുന്ന
കറുത്ത പുകമറക്കുള്ളിൽ തിരിച്ചുവരവുകളില്ലാത്തൊരു
യാത്ര തുടങ്ങുകയായി...
"ഒടുക്കവും തുടക്കവും"
തിരശീലക്കു പിന്നിൽ
ഊഴവും കാത്തുനില്ക്കുന്ന
കഥാപാത്രം,
കഥയറിയാതെ ആടുന്ന വേഷങ്ങൾ, പ്രണയവും വേദനയും
എരിഞ്ഞു തീരുന്ന ജീവിതത്തിൽ മുളപൊട്ടുന്ന കാവ്യാത്മകതയും. അന്ത്യമൊഴി
അറിഞ്ഞു വച്ച
അതിർവരമ്പുകൾ
മുറിച്ച് കടന്നപ്പോഴും
കടലോളം സ്നേഹം
വാരിവിതറി
അവളുടെ സ്വപ്നങ്ങളെ
ചിറകിലേന്തി പറന്നവൻ... ചിതലരിക്കാത്ത
ഹൃദയകവാടത്തിൽ
ചിതലരിച്ച
ഓർമ്മകളെ നടതള്ളി
പിന്നെയും പറന്നവൾ,
ഉയർന്നു പൊങ്ങിയ
സ്വപ്നങ്ങളും മോഹങ്ങളും
അടവച്ച് വിരിയിക്കാൻ
ഒരു തുണ്ട് നിമിഷം
ഓർമ്മയായ് നൽകിയവൾ...
പറഞ്ഞു പഴകിയ
വാക്കുകൾക്ക് മീതെ
കനം വച്ച മോഹങ്ങളും
ചേർത്തു വച്ചു
ഒരിക്കൽകൂടി പറഞ്ഞതാണ്
""പ്രണയം
മടുപ്പുകലർന്ന
ലഹരിയായിരുന്നു,
സിരകളിൽ
അരിച്ചിറങ്ങുന്ന
കടുത്ത ഭ്രാന്ത്...""
പ്രണയം... ( അമൽദേവ്.പി.ഡി)
http://mizhipakarppukal.blogspot.in
പ്രണയം...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ