ഈ ബ്ലോഗ് തിരയൂ

2017 ഏപ്രിൽ 27, വ്യാഴാഴ്‌ച

അതിരുകൾക്കപ്പുറം


--------------------



അകലങ്ങളിൽ അങ്ങുദൂരെ,
അകലെയാ,യതിരുകൾക്കപ്പുറ-
ത്തൊരുലോകമുണ്ടെന്നതാരറിവു
അവിടെയൊരാൽമര,ച്ചോട്ടിലൊരായിരം
കനവുകൾ നട്ടുവളർത്തിയാരോ...

ചിതലറ്റുവീണൊരാ
മൺകുടിൽ തന്നിലായ്
ഒരു ജന്മമിനിയും തപസ്സിരിപ്പൂ,
ചക്രവാളങ്ങൾക്കു,മപ്പുറത്തേകനായ്
അക്ഷമനായി ഞാനലഞ്ഞിരുന്നു;
ആരുമേ കാണാതെ പോയ് മറഞ്ഞു...

ഇരുളിൽ പ്രകാശമായ്
അന്നെന്റെ കൺകളിൽ
ഒരു ദിവ്യജ്യോതിസ്സു നീ പകർന്നു,
കനം വച്ച മാനത്തുരുകുന്നു മേഘങ്ങൾ
പൊഴിച്ചന്നു സ്വപ്‌നങ്ങൾ.. വേദനകൾ...

മുളപൊട്ടി മോഹങ്ങൾ
തൻ, പ്രേമഭാരത്താൽ
മുരടിച്ചിടുന്നു കരിഞ്ഞിടുന്നു
വിധിയുടെ കയ്യിലെ കളിപ്പാവപോലെ ഞാൻ
വെറുതെ ചിരിക്കുന്നു കരഞ്ഞിടുന്നു....

പതിരടർന്നകലുന്നു
അകലെയൊരുന്മാദ
ദ്വീപിലെൻ സ്വപ്നം പൊഴിഞ്ഞു വീണു.
ഇടറുന്നോരോർമ്മകൾ
ഒരുവേളയെന്തിനോ തിരികെയായ്
മന്ദം നടന്നു വന്നു;
ഒരു കുഞ്ഞു ജീവൻ തുടിച്ചു നിന്നു...


------------അമൽദേവ്.പി.ഡി--------


amaldevpd@gmail.com
http://www.facebook.com/amaldevpd

2017 ഏപ്രിൽ 21, വെള്ളിയാഴ്‌ച

ബ്ലാങ്ക് പേജ് - അമൽദേവ്.പി.ഡി




കൂട്ടുകാരെ,
                    മാർച്ച് ലക്കം കവിമൊഴി മാസികയിൽ എന്റെ "ബ്ലാങ്ക് പേജ്'' എന്ന ഒരു കവിത പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.  കവിമൊഴി മാസികയ്ക്കും അണിയറപ്രവർത്തകർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.  എല്ലാവരും കവിമൊഴി മാസികയിൽ അച്ചടിച്ചുവന്നിട്ടുള്ള എന്റെ കവിത വായിച്ച് അഭിപ്രായം അറിയിക്കണം..
-

അമൽദേവ്.പി.ഡി.

2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

അമ്മാനിലാവ്


--------------


മകനെ,യെൻമകനെ നീയുറങ്ങു
മനതാരിൽ കതിരിടും നന്മയുമായി
ഒരു വെയിൽ ചില്ലമേൽ കൂട്ടിരിക്കാം
അമ്മതൻ പൊൻകുരുന്നേ ഉറങ്ങൂ...

മധുരമായ് പാടിയുറക്കിടാം ഞാൻ
മാറോടുചേർന്നു നീ ചായുറങ്ങൂ
ചിരിതൂകും നിന്നധരങ്ങളിൽ ഞാൻ
ഒരു നൂറുചുംബനം പകർന്നുതരാം.

അമ്മപ്പൊൻകുരുന്നിനു പാലമൃതായ്
തേനൂറും പാട്ടുകൾ പകർന്നുതരാം
മന്ദാരപ്പൂവിതളേ മകനെ,
അമ്മമടിയിലായ് മുത്തേ ചായുറങ്ങ്.

നിൻകുഞ്ഞുനാവിനാലന്നു മെല്ലെ
അമ്മയെന്നാദ്യം ചൊല്ലിയതും
നിൻകുഞ്ഞു കൈവിരൽ തുന്പിനാളെ
കെട്ടിപ്പുണർന്നനാളെൻ സുഹൃദം...

കുഞ്ഞിക്കാൽ വളരുന്ന മാത്രകളിൽ
ഒരടിവച്ചുനീ, വീണനാളിൽ
വാരിപ്പുണർന്നമ്മയെൻ മകനെ
വാടാതെ സൂക്ഷിച്ചു ഇന്നുവരെ.

കുഞ്ഞുനുണക്കുഴിച്ചന്തമോടെ
ചുണ്ടിൽക്കൊരുത്തൊരു ചിരിയുമായി
ചാഞ്ഞും ചെരിഞ്ഞുംനീ അമ്മമാറിൽ
ചായുറങ്ങൂ കുഞ്ഞേ ചായുറങ്ങൂ...

-----------അമൽദേവ്.പി.ഡി...........


amaldevpd@gmail.com


2017 മാർച്ച് 18, ശനിയാഴ്‌ച

ഓർമ്മമരച്ചില്ലയിൽ നിന്നടർന്നൊരില...

ഓർമ്മമരച്ചില്ലയിൽ നിന്നടർന്നൊരില...
--------------------------------------------------


''യാത്രകളേറെ കഴിഞ്ഞു. തുടർച്ചകൾ പതിവായപ്പോൾ ആ സുഖം പാതിയടർന്നു. കാലത്തിന്റെ കൈത്തിരിനാളം അന്നും ഇന്നും എരിഞ്ഞുകൊണ്ടിരുന്നു. മാറ്റങ്ങളേറെ അനുഭവിച്ചു, വിധിയുടെ അരണ്ട വെളിച്ചത്തിൽ തെറ്റാത്ത കണക്കുകളില്ല. നിറയെ സൗഹൃദങ്ങൾ, ഒരുപാടോർമ്മകൾ, എല്ലാം ഇന്നലെയുടെ വെളിനൂലിഴകളാൽ തുന്നിച്ചേർത്ത ഓർമ്മകളുടെ വർണ്ണകൊട്ടാരത്തിൽ കാത്തിരിപ്പ് തുടരുന്നു. ഉടച്ചുവാർക്കാനായെങ്കിലും ഓർക്കുമല്ലോ എന്ന ചിന്തകളോടെ...''

      കൈവിരൽ തുന്പിൽ ആദ്യാക്ഷരം തിളങ്ങിയ ദിവസം. ഓർമ്മകളിൽ ഒരു മങ്ങിയ ചിത്രം ചിതലെടുത്തിരുന്നു. കണക്കുകൾ തെറ്റാതെ, പേനത്തുന്പിലേക്ക് ഓരോ ആക്ഷരവും ഇരച്ചുകയറിയപ്പോൾ, ആഹ്ലാദവും അതിലേറെ അഭിമാനവുമായിരുന്നു. സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം. ''ജീവിതവഴികളിലെ ചെറിയൊരേട്.'' പത്താം തരം ഏറെ ഹൃദ്യമായിരുന്നു. ആദ്യപ്രണയത്തിന്റെ നിറമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന വർഷം. മധുരമുള്ള സൗഹൃദങ്ങൾ. സ്‌കൂൾ കാലഘട്ടത്തിലെ നല്ല നിമിഷങ്ങൾ എന്നും എല്ലാവർക്കും ഓർമ്മിക്കപ്പെടാൻ ഒരുപാടിഷ്ടമുള്ള കാര്യമാണ്. അന്നു കോറിയിട്ട അക്ഷരങ്ങൾ, ഹൃദയത്തിന്റെ താളിൽ വരച്ചിട്ട ചിത്രങ്ങൾ എല്ലാം ഓർമകളിലൂടെയുള്ള ഒരു തിരിച്ചുപോക്കിന് വേദിയൊരുക്കുന്നു.

     ''ക്ലാസ് മുറിയിലെ ബെഞ്ചിലൊതുങ്ങാതെ, ചിലപ്പോഴെങ്കിലും നൂലറ്റപട്ടം കണക്കെ പറന്നകലാൻ ആഗ്രഹിച്ച ചങ്ങാതിമാർ. വീടെന്ന മാന്ത്രികവലയത്തിൽ നിന്നും നടന്നു തുടങ്ങുന്ന ആ യാത്ര ഒരുപക്ഷെ, നിന്നും അവസാനിക്കാത്ത ഒരു ജീവിതയാത്രയായി തുടരുന്നുണ്ടാകും.''

     ഒരു കടലാസുതുണ്ടിലുറങ്ങുന്നുണ്ടാകും ചിലപ്പോഴാ, സൗഹൃദങ്ങൾ. ചിലപ്പോൾ ഒരു വരിയിലൂടെ, അല്ലെങ്കിൽ ഒരു വരയിലൂടെ... ചെറിയ ചെറിയ പറ്റങ്ങളായി ഭാവിയുടെ സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ വെന്പുന്ന കൂട്ടുകെട്ടുകൾ. അത്തരമൊരു സൗഹൃദവലയമായിരുന്നു ഞങ്ങളുടേതും. ക്ലാസ് മുറികളിലെ പഠനത്തിന്റെ ഉഷ്‌ണതരംഗങ്ങൾക്കപ്പുറം, വിദ്യാലയമെന്ന വീടിന്റെ ഇടനാഴികളിലും, മുറ്റത്തും, മൈതാനത്തുമൊക്കെയായി കൈകോർത്ത് നടന്ന കൂട്ടുകാർ. ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ നാലുകെട്ടിൽ സാമൂഹ്യപാഠവും, സയൻസും, ബയോളജിയും, കണക്കും, ഇംഗ്ലീഷും, മലയാളപാഠവുമെല്ലാം ഒരിക്കൽക്കൂടി പറഞ്ഞു തരുന്നു ഗുരുക്കന്മാർ. ചൊല്ലി പഠിച്ച പദ്യങ്ങളിൽ, പ്രണയത്തിന്റെ പനിനീർപ്പൂക്കൾ ചാലിച്ച് ഒളികണ്ണെറിയുന്ന പ്രേമവിചാരങ്ങൾ. ഇടനാഴികളിൽ കാത്തുനിന്ന ആദ്യപ്രണയത്തിന്റെ മധുരസ്മരണകൾ. പരീക്ഷണങ്ങൾ നേരിടാൻ പഠിക്കുന്ന കാലം തൊട്ടേ, ഉയർന്ന ക്ളാസിലേക്കുള്ള യാത്രാമധ്യേ നേരിടേണ്ടി വരുന്ന പരീക്ഷകൾ. ഒടുവിൽ പൊടിമീശമുളക്കുന്ന കാലം, പറയാൻ മറന്ന പ്രണയത്തിന്റെയും, പറയാൻ മടിച്ച ഇഷ്ട്ടത്തിന്റെയും, ജീവിതത്തിന്റെ അമൂല്യദിനങ്ങളിൽ കോർത്തുവച്ച സൗഹൃദത്തിന്റെ കെട്ടുറപ്പുള്ള കൈകൾ മനസ്സില്ലാമനസ്സോടെ വിട്ടകലുന്നതും, ക്ലാസ് മുറികളിൽ നിന്നും സ്‌കൂളിന്റെ ഇടനാഴികളിലേക്ക് തുറന്നുവച്ച ജനലിലൂടെ അരിച്ചിറങ്ങുന്ന അരണ്ട വെട്ടത്തിലിരുന്ന്  പുസ്തകത്തിനുള്ളിലെ പാഠ്യഭാഗങ്ങൾക്കൊപ്പം, സൗഹൃദത്തിന്റെ വെളിച്ചം പകർന്നും, നിറങ്ങളിൽ നീരാടി മധുരസ്മരണകളുയർത്തി സ്‌കൂൾ ജീവിതം സമ്മാനിച്ച ദിനങ്ങത്രയും പിന്നിടുന്പോൾ, ഓർമ്മകൾക്കപ്പുറത്ത് ഒരു ബദാം മരച്ചോട്ടിൽ ആ കൈകൾ പിന്നെയും കോർത്തുവച്ചു. ഇടക്കെങ്കിലും തിരിഞ്ഞു നോക്കുന്പോൾ ആ സൗഹൃദങ്ങൾ, അന്ന് ചൊല്ലി പഠിച്ച പാഠങ്ങൾ, ആദ്യ പ്രണയം, വഴക്കും കൂട്ടുകൂടലും എല്ലാം ഒരു യാത്രയുടെ ഭാഗമായി തുടരുന്നു...


amaldevpd@gmail.com
http://www.facebook.com/amaldevpd



2017 മാർച്ച് 12, ഞായറാഴ്‌ച

തീരം

----- ഓളങ്ങളലത്തല്ലി തീരത്തടുക്കുന്ന ഓടത്തിൽ ഓട്ടുവളകളുമായി ഞാനെത്തിയനേരം. കനംവച്ച കാർമേഘങ്ങളെ സാക്ഷിയാക്കി, തീരത്ത് നീപതിച്ച കാൽപ്പാടുകളെന്നോട് ചൊല്ലി; അവളൊരു കള്ളി. കൈക്കുള്ളിൽ ഞെരിഞ്ഞമർന്ന ഓട്ടുവളപ്പൊട്ടുകളിൽ ഒരു സംശുദ്ധ പ്രണയത്തിന്റെ രക്തം പുരണ്ടു. പിന്നെയും, കാൽപ്പാടുകൾ നീളെപ്പരന്നു. പൊട്ടിച്ചിതറിയ വളപ്പൊട്ടുകൾക്ക് മേലെ നിന്റെ മൃദുലപാദം മാപ്പുചോദിക്കുന്നു. മടിക്കുത്തിലൊതുക്കിയ പ്രണയകാവ്യങ്ങൾ ഞാനാതിരയിലെറിഞ്ഞു, തിരിഞ്ഞു നടക്കാനായില്ല; നേരെ കടലിന്റെ ആഴങ്ങളിലേക്ക്... ''എന്റെ രക്തം പുരണ്ട വളപ്പൊട്ടുകൾക്കറിയാം ഈ തീരം കവർന്നെടുത്ത പ്രണയരസത്തെ'' ---------------------------- ---------------------------- അമൽദേവ്.പി.ഡി. ----------------------------

2017 മാർച്ച് 8, ബുധനാഴ്‌ച

ചുവടുകൾ


-----------

ചിതലെടുത്ത
ഓർമ്മകൾക്കുള്ളിലൂടെയാണ് നടപ്പ്.
വിധിയുടെ വേലിപ്പടർപ്പുകൾ
ഇടയ്ക്കൊക്കെ യാത്ര തടഞ്ഞിരുന്നു.
എന്നിട്ടും ഞാൻ യാത്ര തുടർന്നു,

ചുവടുകളോരോന്നും
ഞാനേറെ ശ്രദ്ധിച്ചിരുന്നു;
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്.
വിണ്ടുകീറിയ പാദങ്ങളിൽ
നീതിയുടെ രക്തക്കറ.
വിയർത്തൊലിച്ച
സ്വപ്‌നങ്ങൾ വെറുതെ
ആകാശം നോക്കി കിടന്നു.

യാത്ര തുടർന്നു,
ഇടയ്ക്കിടറിയ യാത്രയിൽ
പ്രതീക്ഷമങ്ങിയ ജീവിതഭാരങ്ങളും
വാരിചുറ്റി, ഒരു ചുമടുതാങ്ങിയായി നടന്നകന്നു.

-----------------------------------
അമൽദേവ്.പി.ഡി
-----------------------------------

2017 മാർച്ച് 7, ചൊവ്വാഴ്ച

പുഴമറന്ന വഴികൾ


--------------------


പുഴയായ് പിരിഞ്ഞ നാ-
മരുവിയായ് പിറന്നതും
ഒരു മണൽ തരിയെന്നിലേ-
ക്കരിച്ചിറങ്ങിയും
പലനാളുര ചെയ്‌ത,
പാപങ്ങളൊഴുകിടുമാ,
പുഴയൊരുദൂതുമായ്
പോയതെങ്ങോ...

മറവിയിലൊരു പുഴ
മധുരമായ് പാടുന്നു
ഓളങ്ങളലതല്ലി
ഈണങ്ങളാക്കുന്നു,
പിരിയുവാൻ വെന്പുന്ന
ആത്മാക്കളെന്തിനോ,
പുഴതന്നാഴങ്ങളിൽ
ചിതലാർത്തിരിക്കുന്നു.

ഈ മണൽപുഴയൊരു,
കാലത്തിൻ വികൃതിയിൽ
കാതോർത്തിരുന്നു
മഴയൊച്ചകേൾക്കുവാൻ.
ഇന്നലെ കോരിച്ചൊരിഞ്ഞൊരാ മഴയെ
കണ്ടതില്ലാരുമേ,
കാത്തുവെച്ചീടുവാൻ...
-----------------------------

അമൽദേവ്.പി.ഡി