ഈ ബ്ലോഗ് തിരയൂ

2023 സെപ്റ്റംബർ 23, ശനിയാഴ്‌ച

മഴ, സൈക്ലിംഗ്, ഓർമ്മകൾ

 " മഴയായിരുന്നു. ഇന്നും. മനസ്സിൽ ഉറപ്പിച്ചിരുന്നു കടല് കാണണമെന്ന്... 



നല്ലൊരു ദിവസമായിരുന്നു ഇന്നും. 'ഇന്നലെയുടെ കനമേറിയ മൗനം എറിഞ്ഞുടച്ച് ഞാനെൻറെ ഇടങ്ങളിലേക്ക് ഇന്നത്തെ യാത്ര തുടങ്ങി.... ' 


പതിവുപോലെ സ്ഥിരം റൂട്ടായ മതിലകത്തേക്ക് സൈക്ലിംഗ് ആരംഭിച്ചു... അവിടെനിന്ന് ഏതൊരു വഴിയെ പോയാലും ഏതെങ്കിലും ഒരു ബീച്ചിലെത്തും അതുകൊണ്ട് തന്നെ പെരിഞ്ഞനം ഭാഗത്തേക്ക്.... 


ചെറുമഴ ചാറ്റൽ ഇനൊപ്പം ഇടുങ്ങിയ വഴികളിലൂടെ ബീച്ചിലേക്കുള്ള യാത്ര. മണൽത്തരികളിൽ എൻറെ ഓർമ്മകൾ ചിതലരിക്കാതെ കിടപ്പുണ്ടായിരുന്നു..,



മഴയത്തും കരയെ തേടിയെത്തുന്ന തിരമാലകൾക്ക് കുറുകൈ ഇറങ്ങി വലവീശി മീൻ പിടിക്കുന്നു കുറെ പേരെ കണ്ടു... നല്ല കാഴ്ച. അവരുടെ ജീവിതം അങ്ങനെയാണ്. കുറെനേരം തിരമാലകൾ നോക്കി സമയം ചിലവഴിച്ചു. 


" ഇടയ്ക്കിടെ പിണങ്ങുന്ന കരയെ വീണ്ടും വീണ്ടും സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തിരിച്ചെത്തുന്ന തിരമാലകളെ പുൽകി ഞാനും മണൽത്തരികളിൽ ഇരുന്നു. കരയ്ക്കെന്തോ പറയാനുണ്ട്. കടലത് കേൾക്കാൻ നിൽക്കാതെ വന്നപാടെ തിരിച്ചുപോകുന്നു. എങ്കിലും കടൽ ഇടയ്ക്ക് കരയോട് പറയുന്നു. നീയില്ലെങ്കിൽ ഞാനില്ല. ഞാനില്ലെങ്കിൽ നീയും...



അവരെങ്ങനെ പരസ്പരം ചുംബിച്ചും പ്രണയിച്ചും ഇരുന്നു..."


മഴ അല്പം ശക്തി പ്രാപിച്ചതോടെ അടുത്ത ഇടത്തേക്ക് യാത്ര തിരിച്ചു. തിരികെ എസ് എൻ പുരം വഴി പൂത്തുങ്കടവ് പാലത്തിൽ നിന്നുള്ള പുഴയുടെ ഭംഗി ആസ്വദിച്ച് തിരികെ വീട്ടിലേക്ക്. 







എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. ❤️🚴


#cyclinglifestyle #cyclegram #cyclimgisfreedom #cyclingaddict #cyclingphotography #natureliving #naturephotography #healthylifestyle #morningvibes #morningmotivation #morninginspiration #morningroutine #cyclingismypassion #cyclingismymeditation 


pdamaldev_globetrotter     ( insta )

@pdvlog_s 

2023 സെപ്റ്റംബർ 21, വ്യാഴാഴ്‌ച

എൻ്റെയിടം

 "എൻ്റെയിടം"



ഓർമ്മകൾ അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഓരോ രാവും പകലും കഴിയുമ്പോൾ അതെന്നെ കൂടുതൽ വരിഞ്ഞു മുറുക്കുന്നു. എൻറെ ഇടങ്ങളെ തേടി ഞാൻ പോകുന്ന വഴികൾ എന്നും വ്യത്യസ്തമാണ്. നാടിൻറെ ആത്മാവ് തൊട്ടറിഞ്ഞ യാത്രകൾ...


ഏകാന്തമായി ഓരോ നിമിഷവും ഞാൻ ആസ്വദിക്കുമ്പോൾ ഇടങ്ങളെ ഞാൻ തിരിച്ചറിയുകയാണ്. മൂകമായി കണ്ടുനിൽക്കുന്ന കാഴ്ചകളൊക്കെ മനസ്സിന്റെ താളമാകുന്ന നിമിഷങ്ങൾ. മനസ്സ് പറയുന്നിടത്തേക്ക് പോകാൻ വെമ്പുന്ന നിമിഷം... അവിടെ ഞാനെൻറെ സ്വത്വത്തെ തിരിച്ചറിയും. 


ഒരിക്കൽ വികൃതമായ എൻറെ ഓർമ്മകൾ... നിമിഷങ്ങൾ ... ദിനങ്ങൾ... എല്ലാം ഒരു വേദനയായി ഉള്ളിലെങ്ങോ കിടപ്പുണ്ട്..! 


ഒറ്റയ്ക്കിരിക്കാൻ ആണ് കൂടുതൽ ഇഷ്ടം. ഞാൻ ആയിരിക്കുന്ന ആ സമയങ്ങളിൽ എൻറെ ഇടങ്ങൾ എനിക്ക് സമ്മാനിക്കുന്ന നല്ല നിമിഷങ്ങൾ ഉണ്ട്. അവിടെ ഞാൻ സംതൃപ്തനാണ്. ഞാൻ അപ്പോഴൊക്കെ ഏറെ സന്തോഷവാനായിരിക്കും....


ഹൃദയത്തിൻറെ താളം ശമിക്കും വരേയ്ക്കും ഈ യാത്ര തുടരണം... ❤️



#heartywishes to #me always #welcome #mymemories ❤️


#iloveme ❤️

സൈക്ലിംഗ് - മനസ്സിൻറെ താളം.

 " ഇന്ന് രാവിലെ തന്നെ നല്ല മഴയായിരുന്നു. എഴുന്നേറ്റപ്പോൾ മഴയുടെ താളം എന്നെ കൂടുതൽ ആനന്ദത്തിലാക്കി. വീടിൻറെ തൊട്ടു പുറകിലെ ആളൊഴിഞ്ഞ പറമ്പിൽ നിറയെ മയിലുകൾ ഉണ്ട്. അവയുടെ കരച്ചിൽ രാവിലെ തന്നെ കേൾക്കുന്നുണ്ടായിരുന്നു. മഴയുടെ താളത്തിനൊപ്പം ഞാനും സൈക്ലിംങിന് ഇറങ്ങി. 


  ഇന്ന് എനിക്ക് അവധി ദിവസമാണ്. ഒട്ടേറെ പണികൾ ചെയ്തു തീർക്കാൻ ഉള്ളതുകൊണ്ട് രാവിലെ ഒരു മണിക്കൂർ സൈക്കിൾ ചവിട്ടാൻ എന്ന് കരുതി. എത്ര തിരക്കുണ്ടെങ്കിലും രാവിലെ ഒരു മണിക്കൂർ സൈക്കിൾ ചവിട്ടുമ്പോൾ ഉള്ള ഒരു ഉന്മേഷം അത് വേറെ തന്നെയാണ്. ദിവസം മുഴുവനും ഒരു പോസിറ്റീവ് എനർജി ഉണ്ടാകാൻ സൈക്കിളിങ് എനിക്ക് ഒരുപാട് സഹായകരമാണ്. 


വീട്ടിൽ നിന്നും ഇറങ്ങി മങ്കിടി പുത്തൻചിറ വഴി കൊമ്പിടിയിൽ നിന്നും വഴി തിരിച്ചു വീട്ടിലേക്ക്. ഒരുപക്ഷേ ആഴ്ചയിൽ രണ്ടും മൂന്നും തവണ ഈ വഴിയെ സൈക്കിൾ ചവിട്ടാറുണ്ട്. ഓരോ തവണ പോകുമ്പോഴും വ്യത്യസ്തമായ കാഴ്ചകൾ എനിക്ക് സമ്മാനിക്കാറുണ്ട്. 


ആകാശത്തിന്റെ നീലിമ. ഒപ്പം ചെറുമഴ ചാറ്റലിന്റെ നനുത്ത അനുഭൂതി. പുത്തൻചിറ പാട വരമ്പിലൂടെ ചാറ്റൽ മഴക്കൊപ്പം സൈക്കിൾ ചവിട്ടി. പതിവിലും അധികനേരം പുത്തൻചിറ പാടത്തിന്റെ സൗന്ദര്യം ആസ്വദിച്ചു നിന്നു. രാവിലെ തന്നെ ഗ്രാമത്തിൻറെ അതിഗംഭീരമായ മനോഹരമായ കാഴ്ചകൾ മനസ്സിന് നൽകുന്ന ഒരുതരം എനർജി ഉണ്ട്. പാലത്തിൻറെ ഒത്ത നടുക്കിലൂടെ നീണ്ടൊഴുകുന്ന ചെറുകനാലിൽ നിന്നും മീൻ പിടിക്കാൻ വട്ടമിട്ട് പറക്കുന്ന കൊക്കുകളും വെള്ളത്തിൽ ഊളിയിട്ട് മീൻ പിടിക്കുന്ന അരണ്ടകളും. നല്ല കാഴ്ചകളാണ്. 


സൈക്കിൾ ചെയ്യുമ്പോൾ ഫോട്ടോഗ്രാഫി വളരെ പ്രധാനമാണ്. ഓരോയിടത്തെയും വ്യത്യസ്തമായ കാഴ്ചകൾ ഒപ്പിയെടുക്കാൻ എന്നും എനിക്ക് കഴിയാറുണ്ട്. 


ഓരോ യാത്രയും അനുഭവങ്ങളുടെ... കാഴ്ചകളുടെ... വിരുന്നൊരുക്കി എനിക്ക് നൽകുന്ന ആനന്ദം വളരെ വലുതാണ്.


❤️


#cyclinglifestyle #cyclinglife #cyclegram #cyclimgisfreedom #cyclingaddict #cyclingismylife #cyclingismylifestyle #cyclingphotography #cyclingismypassion #cyclingismymeditation #morningroutine #morninginspiration #morningride #morningvibes #healthylifestyle #healthyride #natureliving #natur#natu




























re 


@pdvlog_s

2023 സെപ്റ്റംബർ 3, ഞായറാഴ്‌ച

ഇങ്ങനെ ആകാശം നോക്കി കിടക്കാൻ എന്തു രസമാണ്...

 " ചിലപ്പോഴൊക്കെ സ്വപ്നങ്ങളും,..  ആഗ്രഹങ്ങളും...  മോഹങ്ങളും...  എല്ലാം മറന്നു ഇങ്ങനെ കിടക്കും. എത്രനേരം എന്നറിയില്ല ഒരുപാട് ഒരുപാട് നിമിഷങ്ങൾ... ദിനങ്ങൾ...


   ഓർമ്മകളിലൂടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. ഓർമ്മകളുടെ ഓരത്തിരുന്ന് ഓരോന്ന് ചിന്തിച്ചെടുക്കും. ചിലപ്പോൾ വെറുതെയിരുന്ന് ചിരിക്കും. ചിലപ്പോഴൊക്കെ കരയാറുണ്ട്. 


   എപ്പോഴൊക്കെയോ എന്റെ ചിന്തകളും എൻറെ സ്വപ്നങ്ങളും എല്ലാം ഒന്നായി മാറിയിരുന്നു. 


   നല്ല സുഖമാണ്. ഇങ്ങനെ ആകാശം നോക്കി കിടക്കാൻ. വെറുതെ ഇങ്ങനെ ഓരോന്ന് ഓർത്തോർത്ത് കിടക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിരാണ്. ആകാശത്തിന്റെ ചുവട്ടിൽ ഇങ്ങനെ സ്വപ്നങ്ങൾ... മോഹങ്ങൾ... എല്ലാം  കൂട്ടിവെച്ച് എത്ര നാളെന്നില്ല... അങ്ങനെ... അങ്ങനെ... അങ്ങനെ... "

❤️


Click by: @jenson_j007

Insta: pdamaldev_globetrotter

amaldevpd@gmail.com




2023 ജൂലൈ 20, വ്യാഴാഴ്‌ച

മുക്കുറ്റി പൂവ്

 മുക്കുറ്റിപ്പൂവ് ❤️


" ഓർമ്മകളിൽ മുക്കുറ്റി പൂവ് എന്നും സുന്ദരിയായിരുന്നു. ഓണക്കാലത്തിന്റെ വരവറിയിച്ച് നാട്ടിട വഴികളിലും,  തൊടികളിലും, വീട്ടുമുറ്റത്തും എല്ലാം പൂവിട്ട് നിൽക്കും. കർക്കിടകമാസം തുടങ്ങിയാൽ മുക്കുറ്റി ഇലയും പൂവും ചേർത്ത് അരച്ച് നെറ്റിയിൽ തൊടുന്നതും; ഓർമ്മകളിലെ മനോഹരമായ ദിനങ്ങൾ. ഒരുപാട് ഔഷധഗുണമുള്ള മുക്കുറ്റി നമ്മുടെ നാട്ടിലെ എല്ലായിടത്തും കാണാം. ഗ്രാമീണ സംസ്കൃതിയുടെ അടയാളമായും മുക്കുറ്റിയെ കണ്ടുവരുന്നു. 


     ഓണക്കാലത്ത് വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കളത്തിലും മുക്കുറ്റിക്ക് അതിന്റെതായ സ്ഥാനം കൊടുക്കാറുണ്ട്. വീട്ടുമുറ്റത്തും , വേലിക്കരയിലും എല്ലാം മുക്കുറ്റി പൂവിട്ടു നിൽക്കുന്നത് കാണാൻ നല്ല ചന്തമാണ്."


Amaldevpd@gmail.com



#karkidakam #mukkuttyflower #onam #keralagram 



2023 ജൂലൈ 8, ശനിയാഴ്‌ച

ഓർമ്മകളിൽ....

 🥰

" ഓർമ്മകൾക്കുള്ളിൽ എവിടെയൊക്കെയോ മറന്നുപോയ നാട്ടിടവഴികളുണ്ട്. മഴയ്ക്കൊപ്പം പെയ്തിറങ്ങിയ നിമിഷങ്ങൾ ഉണ്ട്. ഇടയ്ക്കൊക്കെ അങ്ങോട്ട് ചെല്ലാൻ തോന്നുന്നു. തിരികെ കിട്ടില്ല എന്ന് ഉറപ്പുണ്ട്. എങ്കിലും ആ പഴയകാല ഓർമ്മകൾക്കുള്ളിലേക്ക് കടന്നു ചെല്ലുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങലാണ്. ഇത്രകാലം വേണ്ടിവന്നു അതൊക്കെ നഷ്ടങ്ങൾ ആയിരുന്നു എന്ന് മനസ്സിലാക്കാൻ. "


  ഇന്ന് തിരക്കിട്ട് ജീവിതവേഗത്തിനിടയിൽ അല്പം സമയം കണ്ടെത്തി അവയൊക്കെ വീണ്ടും ആസ്വദിക്കാൻ കഴിയുമെന്ന് വിശ്വാസത്തിൽ മുന്നോട്ടുപോകുന്നു.


PDvlogs 

#sreemahadevatemple #oumnamasivaya







2023 ജൂൺ 18, ഞായറാഴ്‌ച

ഉന്മാദിയായവൾ

 ഉന്മാദിയായവൾ

- - - - - - - - - - - 


ഞാൻ ശവമാകുന്ന നാൾ

നീയെന്നെ കാണാൻ വരണം.

എനിക്ക് നീ... ശാപ-

വാക്കുകളാൽ ഹാരമണിയണം.


ഓർമ്മകളുടെ തള്ളി -

ക്കയറ്റത്തിൽ

നീയെന്നെ ചുംബിച്ചതോർത്തു;

വെറുതെ ചിരിക്കണം.


നിനക്കായി പാകപ്പെടുത്തിയ

ഹൃദയത്തിൻ്റെയറ്റത്ത്,

വാടാത്ത ഒരു പൂവ് ഞാൻ വച്ചിട്ടുണ്ട്.

നീയതെടുത്തെന്റെ;

കാലറ്റത്തു വയ്ക്കണം.


അപോൾ നീ കരയണം.

കണ്ടു നില്ക്കുന്നവരുടെ

മുഖത്തേക്കു നോക്കി... 

പിന്നെ, നിനക്ക് ചിരിക്കാൻ 

എത്രയോ ദിനങ്ങൾ ബാക്കി....


തിരിഞ്ഞു നോക്കാതെ

നീ നടക്കുബോൾ, 

പകലിരവുകളിൽ

നാം കണ്ടകാഴ്ച്ചകൾ തെളിയും.


നമ്മിലെ പ്രേമവും

മഴയും വെയിൽപ്പാടവും

നാടും നഗരവും

മേഘങ്ങളും

കടലാസു പൂക്കളും

പുഴയും അതിലെ ഓളങ്ങളും...


കാപഠ്യവും

നുണയും

ചതിയും

വഞ്ചനയും

സ്വാർത്ഥതയും...


എല്ലാം...


അന്നൊരിക്കലെന്നെ നീ

ശവമെന്നാർത്തു -

വിളിച്ചതോർമ്മയിലുണ്ടാകാം.

മറവിയുടെ മൺപ്രതലത്തി-

ലെണ്ണത്തിരിയിട്ടെന്നെ

കിടത്തിയപ്പോൾ;

ഈ തണുത്ത പ്രഭാതത്തിന്റെ

അഭംഗിയിൽ പനീനീർപ്പൂക്കളുമായി

നീയെന്നെ കാണാൻവന്നു.


നിന്റെ സിരകളിൽ

ഇരമ്പിയാർക്കുന്ന

ശവത്തിന്റെ ഗന്ധം

ലഹരിപോലെ നിന്റെ

കണ്ണുകളെ വിടർത്തുന്നു.


നിന്റെയുൾച്ചിരിയി-

ന്നുന്മാദിയായിപ്പടർന്നു

പൊട്ടിച്ചിരികളായി മാറവേ...

പുകയായും ചാരമായും

ഞാൻ നിന്നെപ്പുണരുകയായിരുന്നു.


ഇടയ്ക്കിടറിയ ജീവിതത്തെ

മുറുകെ പിടിയ്ക്കാനാകാതെ;

പിടയുന്ന ഹൃദയത്തെ 

പിടിച്ചു നിർത്താൻ നീതന്ന

സ്നേ

ഹത്തിന്...

ധൈര്യത്തിന്...

നോവിന്...



ഉന്മാദിയായവൾ


പി ഡി അമൽദേവ്