ഈ ബ്ലോഗ് തിരയൂ

2015, മാർച്ച് 15, ഞായറാഴ്‌ച

ഒരു ജ്യാതി ബജറ്റിസ്റ്റാ...

ഒരു ജ്യാതി ബജറ്റിസ്റ്റാ...


     ര്‍ഷാവര്‍ഷം തൂക്കി നോക്കി അളവൊട്ടും ചോരാതെ ജനങ്ങളുടെ സന്തോഷത്തിനും കയ്യടിയ്ക്കും വോട്ടിനും വേണ്ടി കൃത്യതയോടെ വച്ചും വിളമ്പിയും കുറച്ചൊക്കെ സ്വ:കുടുംബ സുരക്ഷ്യ്ക്കുമായി നീക്കിയിരിപ്പോടെ നടത്തി വരുന്ന രാഷ്ട്രീയാചാരത്തിന്‍റെ കമനീയ മുഹൂര്‍ത്തം. അവതരണശൈലി കൊണ്ടും എണ്ണക്കൂടുതല്‍ കൊണ്ടും മികവുറ്റ കഴിവുകേടായി അവതാരകനേയും പിന്നണിയിലെ ഉപഗൃഹജീവികളെയും ജനം സ്വീകരിച്ചും സഹിച്ചും പോന്ന നല്ലൊരു നാടകം.
    നാടകത്തിനിടയ്ക്കു  നാടകം - സിനിമയ്ക്കകത്തെ സിനിമ എന്നൊക്കെ പറയുന്ന പോലെ ഇത്തവണത്തെ കൊഴുപ്പാര്‍ന്ന ബജറ്റ് അവതരണം കേരള പി എസ് സി യുടെ അടുത്ത പരീക്ഷയ്ക്കുള്ള ചോദ്യാവലിയില്‍ ഏറ്റവും കുറച്ചു സമയവും, നിരവധി സുന്ദരമായ എതിര്‍പ്പുകള്‍ക്കും ഏര്‍പ്പാടുകള്‍ക്കും, പ്രധാനമായി കേരളത്തനിമയുടെ പേര് ലോകമെങ്ങും വിളിച്ചോതുന്ന തരത്തില്‍ നിരവധി കലാരൂപങ്ങള്‍ക്ക് ജന്മം കൊടുത്തു കൊണ്ട് വെളുത്ത ഖദറിന്‍റെ ഉള്ളിലെ കറുത്ത കലാകാരനെയും കലാകാരിയേയും പുറത്തെടുത്ത അരങ്ങിന്‍റെ ഒത്ത നടുവില്‍, പാലം കുലുങ്ങിയാലും  കേളന്‍ കുലുങ്ങില്ല എന്ന  മട്ടില്‍ നെഞ്ചു വിരിച്ചു നിന്ന കാവല്‍ഭടന്മാരുടെ കയ്യൂക്കിന്‍റെ ബലത്തില്‍ വായിച്ചു എന്ന് വരുത്തിയ ബജറ്റ്, ഏതെന്ന ചോദ്യത്തിനുള്ള സ്ഥാനം സുപ്രധാനമാണ്...
    വികൃതമായ മുഖം മറച്ചു പിടിക്കാം, ചാനല്‍ ക്യാമറയെ അഭിമുഖീകരിക്കാതെയിരിക്കാം. പക്ഷെ, ഇതൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും പ്രസിദ്ധി എന്ന മഹത്തരമായ അനുഗ്രഹം ആവോളം വന്നു ചേരുന്ന പല രാജാക്കന്മാരുടെയും അവസ്ഥ അവസാന നാളുകളില്‍ കാണാന്‍ കഴിയും, തലയിലും അല്ല ദേഹമാസകലം മുണ്ടിട്ടു നടന്നാലും മറയില്ലാത്ത സത്യത്തിന്‍റെ മുന്‍പില്‍ ഇളിഭ്യരായി നില്‍ക്കുന്നത്. കടിയും പിടിയും അടിയുമൊക്കെയായി കിട്ടിയ അവസരം ചുളുവില്‍ ആരൊക്കെയോ ശരിക്കും ആഘോഷിച്ചോ അതോ അതൊക്കെ ഒരു അബദ്ധധാരണകള്‍ മാത്രമോ, അങ്ങനെ തന്നെ കരുതാം അല്ലെ...  പിന്നെയാണറിഞ്ഞത് നവമീഡിയ സംസ്കാരം പീഡിതര്‍ക്കെതിരല്ലെന്നും പീഡിതരോടനുകമ്പയുള്ളവരെന്നും, കിട്ടിയ അവസരത്തില്‍ ഏച്ചുകെട്ടിയ വാക്കുകളില്‍ പറഞ്ഞു ഫലിപ്പിച്ചു  കടിച്ചെന്നും പിടിച്ചെന്നും പിന്നെ ചിലര്‍ക്ക് ബോധക്ഷയവും[ ക്ഷയം ശരിയാകാം... ബോധം അതിപ്പൊ ശ്ശി ബുദ്ധിമുട്ടാണല്ലോ... കണ്ടതല്ലേ ണ്ടോ അങ്ങനെ വല്ലതും... ല്ല്യാ ല്ലേ... സാരല്ല്യ, കഷ്ട്ടം എന്നല്ലേ  ഇപ്പോള്‍ പറയാനാകു...
   ലയില്‍ കയ്‌വച്ചുകൊണ്ട് ജനങ്ങള്‍ കേട്ടത് അത്ര സുഖമുള്ള  ബജറ്റ്  ആയിരുന്നില്ല എന്നതാണ് സത്യം. നിത്യോപയോഗത്തില്‍ വന്നുചേരാത്ത പലതും പറഞ്ഞു കേട്ടു വില കുറച്ചിലും കൂടലും, ഒടുക്കം ഇടുത്തീ പോലെ വീട്ടമ്മമാരെയും ഗൃഹനാഥന്‍മാരെയും ഒരേപോലെ സങ്കടതീയില്‍ എറിഞ്ഞു കൊണ്ട് യുദ്ധസമാന്തരമായ കാഴ്ചകള്‍ക്കൊപ്പം കേട്ട  ബജറ്റ്  വാര്‍ത്തയില്‍ അത്രനേരത്തെ അടിയും ഇടിയും പുകയുമെല്ലാം അലിഞ്ഞുപോയി.  ബജറ്റ് തയ്യാറാക്കിയതിലൂടെ കടി തീര്‍ന്ന കറുത്ത മനസ്സുള്ളവര്‍ക്ക് സുഖസവാരിയ്ക്കും സുഖനിദ്രയ്ക്കുമൊക്കെയായി സര്‍ക്കാരേര്‍പ്പെടുത്തിയ കൊട്ടാരമുള്ളപ്പോള്‍ അതിനുള്ളിലിരുന്നു എഴുതി ഒപ്പിച്ച് ഒപ്പിട്ടു വയ്ക്കുന്ന കുറച്ചു തുണ്ട് പേപ്പറില്‍ ജനങ്ങളെ മറന്ന വാക്കുകളായി പോയതില്‍ എന്താണ് തെറ്റ് അല്ലെ.  എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല എന്ന മട്ടില്‍ വെറുതെ കിടന്നു കുരയ്ക്കാന്‍ തയ്യാറായി സഭയ്ക്കകത്തും പുറത്തും ശിങ്കിടികള്‍.  അകത്തെ യുദ്ധം പൂര്‍വ്വാധികം ശക്തി സംഭരിച്ചു മുന്നേറുമ്പോഴാണ് പുറത്തു കീഴാളവംശജരുടെ പടയാളികള്‍ വടിയും കൊടിയും ഒക്കെയായി വന്നു നല്ല അലക്ക്  മേടിച്ചു കൂട്ടിയത്. ചുരുക്കം ചിലര്‍ക്ക് ആശ്യസിക്കാം തിരിച്ചും നല്ല അലക്ക് അലക്കീന്നു.  പൊതുമുതല്‍ കത്തിച്ചും പലതും പലവിധം നശിപ്പിച്ചും പുറത്തു നടന്ന മഹാഭാരത യുദ്ധം എന്തായാലും മാധ്യമങ്ങള്‍ക്ക് നല്ലൊരു വിരുന്നായി. നാഷ്ണല്‍ മീഡിയകള്‍ വരെ,  ചില അന്താരാഷ്ട്ര തത്വജ്ഞാനസംഹിതകള്‍ വളച്ചൊടിച്ചു തനി ലോക്കല്‍ ആയി ജനങ്ങളുടെ ഉള്ള സെന്‍സ് കളയുന്ന ചില തനി മലയാളം ചാനലുകളിലെ വിഷ്യല്‍സ് കോപ്പിയടിച്ചു ഇമ്മിണി ബല്ല്യ വാര്‍ത്തയാക്കിയത്, ഇവിടെ കോപ്പിയടിക്കപ്പെട്ട ആ ചാനലിനും അത് ഒരു മിനിട്ട് സ്റ്റോറി ആയതും വിധി. പിന്നെ ചര്‍ച്ചകളും അവലോകനവുമൊക്കെയായി ചാനലുകള്‍ തോറും ഓടി നടന്നു നല്ലൊരു ഫ്രൈമിനുള്ളിലൊതുങ്ങാനുള്ള അടങ്ങാത്ത ത്വരയുമായി ചീറിപ്പാഞ്ഞു കുട്ടി സഖാക്കളും ചില മുതിര്‍ന്ന ഖദര്‍ ധാരികളും, സ്വയം രാഷ്ട്രീയ നിരീക്ഷകരായി അവരോധിതരായവരും അനുകൂലിച്ചും പ്രതികൂലിച്ചും മുട്ടുന്യായങ്ങള്‍ നിരത്തി പിന്നെയും ജനങ്ങളുടെ കണ്ണുകളില്‍ സഹതാപതരംഗം സൃഷ്ട്ടിക്കുന്ന ഒത്തിരി നല്ല വര്‍ത്തമാനങ്ങളും ഒച്ചയിടലും. ഇതൊക്കെ കണ്ടു ഉറക്കം തൂങ്ങിയും  ചിലരൊക്കെ  തികച്ചും ഉന്മേഷവാന്മാരുമായും  നില്‍ക്കുന്ന പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും ഇതൊക്കെ വെറും വാര്‍ത്തയായി കാണാനും (വാര്‍ത്തയില്‍ കഴമ്പുണ്ടോ എന്നാ ചോദ്യം ) ഇത് കേരളമല്ലേ ഏമ്മാ... ഇവിടെ ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന ആത്മഗതത്തോടെ തന്‍റെ ജോലി ചെയ്യാന്‍ കഴിയുന്നു എന്നത് സന്തോഷം.
    രെയും വേദനപ്പിക്കാനോ വിഷമിപ്പിക്കാനോ അല്ല, ഇനിയിപ്പോ അങ്ങനെയെങ്ങാനും തോന്നിയാല്‍ ക്ഷമിക്കണം എന്നൊന്നും പറയാനും കഴിയില്ല എന്നാ ഉറപ്പോടെ  ഒരു കാര്യം കൂടി പറയുന്നു. എല്‍ കെ ജി യിലും - യു കെ ജി യിലും പഠിക്കുന്ന കുട്ടികള്‍ ടീച്ചറുടെ അടുത്തും വീട്ടിലെത്തിയാല്‍ അമ്മയുടെ അടുത്തും ഇന്ന് എന്നെ അവള്‍ അല്ലെങ്കില്‍ അവന്‍ കടിച്ചു, മാന്തി, പിച്ചി, ചീത്ത പറഞ്ഞു എന്നൊക്കെ പറഞ്ഞ് നിലവിളിച്ച് വേദന കടിച്ചിറക്കുന്ന പിഞ്ചുകുട്ടികളെന്ന പോലെ, മീഡിയയ്ക്ക് മുന്‍പില്‍ വന്നു സാഹചര്യവശാല്‍ കൊച്ചു കുട്ടികളുടെ ബോധം പോലുമില്ലാത്ത ( ബോധം പലര്‍ക്കും മുന്‍പേ നഷ്ട്ടമായിരുന്നു) ഒരു  യുദ്ധസാരഥിയായി വാപിളര്‍ക്കുന്ന അവസ്ഥ.  ഇതൊക്കെ കേട്ടപ്പോള്‍ ചിലതൊക്കെ പീഡനം എന്നാക്കാം അല്ലെ തിരുമനസ്സേ... ആ, അതാകുമ്പോള്‍ ഒരു പഞ്ച് ഒക്കെ ഉണ്ടെന്നും.  വളച്ചൊടിക്കാന്‍ മിടുക്കരായി മാധ്യമഭീകരരും - വളച്ചൊടിക്കപ്പെടാന്‍ തയ്യാറായി രാഷ്ട്രീയഭീരുക്കളും.
   രു മാതിരി അല്‍ക്കുല്‍ത്ത് സ്വഭാവിസ്റ്റാ... ക്ടാവ് കടിച്ചു ഇഷ്ട്ടന്  നൊന്തു. ചാമ്പീത് പൊറത്ത് സ്റ്റാന്റ്   ആയ ഗഡികളും, നല്ല ചാമ്പ് കിട്ടീതും ഡാക്കള്‍ക്ക്‌ തന്നെ. പൊതിയഴിക്കാന്നു വിചാരിക്കണ്ടാട്ടാ മുണ്ടും മുറുക്കി ഇതിനിടയ്ക്ക് ചപ്പട റോളെറക്കി ഇമ്മടെ ആന്‍റപ്പേട്ടനും കളിക്കാന്‍ കൂടി. ആന്‍റപ്പേട്ടന്‍റെ ശുഷ്ക്കാന്തി കണ്ട് കോരിത്തരിച്ച ഞരമ്പ്‌ രോഗ്യോള് ഫ്രാന്‍സിസ് പുണ്ണ്യാളനേയും സാക്ഷാല്‍ പത്മനാഭനെയും അറിഞ്ഞു വിളിച്ച്ണ്ടാകും ല്ലേ... ന്തൂട്രാവെനെ വാള്‍പോസ്റ്റായോ, മത്താപ്പ് സാധനാലോ ഗഡി... കിര്‍ക്കന്മാര് കിണ്ണന്‍ കാച്ചി സാധനെല്ലാം പൂശി,  ചീള് കേസെന്ന് പറഞ്ഞ് തോട്ടി ഇട്ട ഡാക്കള് ശരിക്കും ചടച്ചിസ്റ്റാ, ചെമ്പ് റോളെറക്കി വന്ന പയ്യന്മാര് കിര്‍ക്കന്മാരുടെ കയ്യിന്നു കിട്ട്യ അലക്കിന്‍റെ വടുക്കളെണ്ണി ചടഞ്ഞിരുന്നു. പാങ്ങില്ലാത്ത ചില പോങ്ങന്മാര് ശക്തന്‍റെ നാട്ടിലെ കരിങ്കല്ലുകളെല്ലാം മാറ്റിക്കളയാന്‍ വേണ്ടി ഓടി കിതച്ചു വന്നപോലെ തന്നെ റിട്ടേണ്‍ പോയി. പിന്നെ, അരിശം തീര്‍ക്കാനായിട്ടു വാള്‍പോസ്റ്റായി കിടന്ന ഡാക്കളെ വിളിച്ചുണര്‍ത്തി കിണ്ണംകാച്ചീന്നു സ്വയം പറഞ്ഞു ഒരു ഹര്‍ത്താലിന് ആഹ്വാനങ്ങട് കൊടുത്തു. തോന്ന്യാസികള് മൂര്യോള് വെറുതെ ഒളീട്വാന്നേ...
   നിയിപ്പോ എല്ലാം ശുഭം എന്ന് എഴുതികാണിക്കാം: വളച്ചൊടിക്കപ്പെട്ട വാര്‍ത്തകള്‍കേട്ട് - വളച്ചൊടിക്കപ്പെടാനുള്ള അടങ്ങാത്ത ത്വരയുമായി ക്യാമറകളുടെ മുന്‍പില്‍ നിരന്നു നില്‍ക്കുന്നവരെയും കണ്ടു ഏതെങ്കിലും പാര്‍ട്ടികളോ സംഘടനകളോ നടത്തുന്ന ഹര്‍ത്താലിന് നന്ദിയും പറഞ്ഞ് ട്വിറ്റെറിലും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും സ്റ്റാറ്റസ്സും ട്വീപ്പും ചെയ്തു തൃപ്തിയടയുന്ന മനുഷ്യകോലങ്ങളുടെ കഞ്ഞി കുടി മുട്ടിച്ച് മുന്നേറുന്ന സമരങ്ങള്‍ക്ക് ഇനിയും സ്വാഗതമേകണോ എന്നൊക്കെ പറേണത് തന്നെ ഒരു ഗുമ്മില്ലാത്ത കാര്യാണിസ്റ്റാ... ഈ മത്താപ്പോള്‍ക്ക് ഇമ്മാരി ഈച്ചറോളെടുക്കാതെ ഇന്യെങ്കിലും നന്നായിക്കൂടെ...!


amaldevpd@gmail.com
www.mizhipakarppukal.blogspot.in

http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ