![]() |
| സർവജ്ഞപീഠം |
കുടജാദ്രി, സർവ്വജ്ഞപീഠം
ശ്രീ മൂകാംബിക ദേവി ക്ഷേത്രം
"ഏറെ നാളത്തെ ആഗ്രഹമാണ് മൂകാംബിക - കുടജാദ്രി യാത്ര. നമ്മളെപ്പോഴും പറയില്ലേ, അവിടുന്ന് വിളി വരും അപ്പോഴേ മൂകാംബികാമ്മയേ കാണാൻ പോകാൻ കഴിയൂ എന്ന്. അതേ, വളരെ ശരിയാണ്...."
" ഓരോ യാത്രക്ക് പിന്നിലും അതിന് പ്രചോദനം ആയവരുടെ സ്നേഹവും, പരിചരണവും ഉണ്ടാകും. ദൈവത്തോടെന്ന പോലെ നമ്മൾ ആ മനുഷ്യരോടും എപ്പോഴും കടപ്പെട്ടിരിക്കും."
(കുടജാദ്രി സർവജ്ഞപീഠത്തിനു മുമ്പിൽ നിന്നും. ബാംഗ്ലൂർ സ്വദേശിയായ ഒരു യാത്രികൻ എടുത്ത ചിത്രം. )
നേരത്തെ പറഞ്ഞ പോലെ, മനസ്സിൽ ഏറെ കൊണ്ട് നടന്ന, ആഗ്രഹിച്ച ഒരു യാത്ര. KSRTC യില് ആയിരുന്നു എൻ്റെ യാത്ര. 02.04.2025 ( വെള്ളി ) നാണു യാത്രക്ക് ഉള്ള ബസ് ബുക്ക് ചെയ്തത്. രാത്രി 08.50 pm ന് തൃശൂർ ksrtc ബസ് സ്റ്റാൻഡിൽ എത്തേണ്ട ബസ് പിറ്റേന്ന് വെളുപ്പിന് 01.30 am ആയി വന്നപ്പോൾ. കൃത്യമായ മുന്നൊരുക്കമില്ലാതെ ഹൈവേ റോഡ് പണി നടക്കുന്നതിൻ്റെ ഭാഗമായി വണ്ടികൾ അത്രയും വൈകി ആയിരുന്നു ഓടിയിരുന്നത്.
തൃശൂർ കെ എസ് ആർ ടി സി, ബസ് സ്റ്റാൻഡ്
രാത്രി 02.00 am ഓടെ എൻ്റെ മൂകാംബിക യാത്ര ആരംഭിച്ചു. നല്ല ഉറക്കം വന്നതിനാൽ കയറിയപാടെ ഇരുന്നു ഉറങ്ങി. രാവിലെ 08.00 am നു മൂകാംബികയിൽ എത്തേണ്ട ബസ് വൈകിയതിനാൽ ശനിയാഴ്ച ഉച്ചക്ക് 01.45 pm ഓടെ ആണ് മൂകാംബികയിൽ എത്തിയത്.
കണ്ണൂർ, കാസർഗോഡ്, ഉഡുപ്പി വഴിയുള്ള എന്റെ ആദ്യ യാത്ര. കാസർഗോഡ് ബസ്സ് സ്റ്റാൻഡിൽ 20 മിനുട്ട് ടീ ബ്രേക്ക് കിട്ടി. ഒരു ചായയും ഇലയടയും വാങ്ങി കഴിച്ചു. വാഷ് റൂമിൽ ഒക്കെ പോയി തിരിച്ചു ബസിൽകയറി യാത്ര തുടർന്നു.
കണ്ണൂർ ബസ് സ്റ്റാൻഡ്
( രാവിലെ മൂകാംബികയില് തൊഴുത് ഉച്ചയോടെ കുടജാദ്രിയിൽ കയറി തിരിച്ചിറങ്ങി വൈകിട്ട് നാട്ടിലേക്ക് തിരിച്ചു വരാനായിരുന്നു ആദ്യം പ്ലാൻ. ബസ് ഇത്രയും വൈകിയാൽ ഒരു ദിവസം മൂകാംബികയിൽ താമസിക്കാൻ തീരുമാനിച്ചു. )
അങ്ങനെ കുടജാദ്രിയിലേക്കുള്ള ഓഫ് റോഡ് യാത്ര തുടങ്ങി,... മുൻപൊക്കെ വളരെ കല്ലും കുഴിയും നിറഞ്ഞ വഴികൾ ആയിരുന്നു എന്ന് ഡ്രൈവർ ഞങ്ങളോട് പറഞ്ഞു. കൂടെയുള്ള ഒരു ഫാമിലി മുൻപ് വന്നിട്ടുണ്ട്. അവർ അന്ന് വന്നപ്പോൾ വളരെ ദുർഘടം പിടിച്ച വഴിയായിരുന്നു എന്നു പറഞ്ഞു. ഇപ്പോൾ കല്ലും മണ്ണും ഒക്കെ അടിച്ചു വഴി കുറച്ചൊക്കെ നേരെ ആക്കിയിട്ടുണ്ട്. എങ്കിലും ഓഫ് റോഡ് യാത്രയുടെ എല്ലാ അനുഭവവും വളരെ ഭംഗിയായി തന്നെ ആസ്വദിക്കാൻ കഴിഞ്ഞു. രണ്ടരയോടെ മൂകാംബികയിൽ നിന്നും ആരംഭിച്ച ജീപ്പ് യാത്ര, നാലുമണിയോടെ കുടജാദ്രിയിലെ ജീപ്പ് സർവീസ് നിർത്തുന്ന ഇടത്ത് എത്തി.
കാടിനുള്ളിലെ മനോഹരമായ ഒരു ക്ഷേത്രമുണ്ട്. പാട്ടുകളിൽ കേട്ടിട്ടുള്ള " കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി.... " ക്ഷേത്രം. അവിടെ കയറി തൊഴുതിട്ടാണ് യാത്ര തുടങ്ങുന്നത്.
ഇനിയങ്ങോട്ട് ഏകദേശം മൂന്ന് കിലോമീറ്റർ ഓളം കാട്ടിലൂടെ നടന്നു പോകേണ്ട വഴിയാണ്.
നല്ലൊരു അനുഭവമാണ് കുടജാദ്രി യാത്ര. കോടമഞ്ഞു നിറഞ്ഞ മലയിടുക്കുകൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ മനസ്സിനെ എന്തെന്നില്ലാത്ത സന്തോഷവും ആയിരുന്നു... കാലമേറെയായി മനസ്സിനേ ഉലച്ചിരുന്ന ഒന്നായിരുന്നു മൂകാംബിക യാത്ര. പോകണം പോകണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഒരു യാത്ര. അങ്ങനെ ആ ഒരു യാത്ര സംഭവിച്ചു.
പലയിടത്തും ഒരാൾക്ക് മാത്രം നടന്നു കയറാവുന്ന തരത്തിലുള്ള ചെറിയ ഇടുങ്ങിയ കാട്ടുവഴികൾ ആയിരുന്നു. മഴവെള്ളം കുത്തിയൊലിച്ച് ഇറങ്ങി ആ ഒറ്റയടിപ്പാതകൾ നിറയെ കല്ലും വലിയ കുഴികളും രൂപപ്പെട്ടിരുന്നു. ഒരുപാട് ആളുകൾ ഉണ്ടായിരുന്നു കുടജാദ്രിയിലേക്ക്.... കോടമഞ്ഞിന്റെ ചെറിയ കുളിർമ നിറഞ്ഞ നിൽക്കുന്ന കാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ടായിരുന്നു... തണുത്ത ആ കാലാവസ്ഥയിൽ പതിയെ കാടും മലകളും കയറി സർവ്വജ്ഞപീഠത്തിലേക്ക് ഞാനെൻറെ യാത്ര തുടർന്നു...
ചെറിയ മഴ ചാറ്റിൽ ഇടയ്ക്ക് മനസ്സിനെ കുളിരേകീ... നടന്നുപോകുന്ന വഴികൾ നിറയെ ഏറെ മനോഹരവും അതോടൊപ്പം ഭീതിപ്പെടുത്തുന്ന കാഴ്ചകൾ ഉണ്ടായിരുന്നു. അതിമനോഹരമായിരുന്നു യാത്ര. മലഞ്ചെരുവിലൂടെ നടക്കുമ്പോൾ ഇടതുവശം അഗാധമായ ഗർത്തങ്ങളായിരുന്നു. ഒരാൾക്ക് മാത്രം നടന്നു പോകാവുന്ന മലഞ്ചെരുവിലെ ആ ചെറിയ വഴിയിലൂടെ ഞാൻ എൻറെ ക്യാമറ കണ്ണുകൾക്കൊപ്പം യാത്ര തുടർന്നു. ഇടയ്ക്ക് കോടമഞ്ഞു കാറ്റിനൊപ്പം വളരെ വേഗത്തിൽ ഞങ്ങളെ തഴുകി കടന്നുപോയി. കോടമഞ്ഞിനിടയിലൂടെ മരങ്ങൾ തഴച്ചു വളർന്നുനിൽക്കുന്നത് കാണാൻ വളരെ ഭംഗിയുള്ള കാഴ്ചയായിരുന്നു.
നഗരത്തിലെ ഒച്ചയും ബഹളങ്ങളും ഒന്നുമില്ലാത്ത മനോഹരമായ ഇടം. കിളികളുടെ പാറിപ്പറന്നുള്ള ചിരിയലകൾ മലനിരകളെ തഴുകി എൻറെ കാതുകളിലേക്ക് ഇരച്ചു കയറി. മലമടക്കുകളെ തഴുകി വരുന്ന കാറ്റിന്റെ ഈണം മെല്ലെ കേൾക്കാനായി... കനം വെച്ച കോടമഞ്ഞ് നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ തെന്നി വീഴാതെ ഞാൻ നടന്നു നീങ്ങി. അഗാധമായ ഗർത്തങ്ങളിലേക്ക് എത്തിനോക്കുമ്പോൾ ഹൃദയമിടിപ്പ് പതിന്മടങ്ങായി വർദ്ധിക്കുന്നു. കാണാൻ പോകുന്ന സ്വപ്ന തുല്യമായ ആ ഇടം അതെന്നെ അങ്ങോട്ട് പിടിച്ചു വലിക്കുകയായിരുന്നു. ഏറെക്കാലത്തെ ഒരാഗ്രഹമാണ് ഈ യാത്രയിലൂടെ സഫലമാകുന്നത്.
സർവഞ്ജപീഠം കണ്ടു തിരിച്ചു വരുന്നവർ ഒരു ജന്മം സഫലമായതിൻറെ സന്തോഷം അന്യോന്യം പങ്കുവച്ചു നടക്കുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
യാത്രയിലുടനീളം സ്വപ്നതുല്യമാർന്ന അനുഭവഭേദ്യമായ കാഴ്ചകളുടെ നിറവിലാണ് ഞാൻ ഓരോ ചുവടുകളും വച്ചു മുന്നോട്ട് പോകുന്നത്. മഞ്ഞുമൂടിയ മലഞ്ചെരുവിൽ തിരിവുകളും, പാറക്കല്ലുകളും, ഒറ്റയടിപ്പാതകളും താണ്ടി കണ്ണറ്റത്ത് ആ ഇടം തെളിഞ്ഞു വന്നു. പതിയെ ആ ഇഷ്ട ഇടത്തിലേക്ക് ഞാൻ നടന്നടുത്തു.
അല്പനേരം ഞാൻ സർവ്വജ്ഞപീഠത്തിന്റെ പടിക്കെട്ടുകളിൽ ഇരുന്നു. ദൂരെ മലനിരകൾക്കും മുകളിൽ നിന്നും കോടമഞ്ഞ് കാറ്റിന്റെ താളത്തിനൊപ്പം ഒഴുകി വരുന്നുണ്ടായിരുന്നു. നിമിഷ വേഗത്തിൽ അത് എന്നെയും മൂടി കടന്നുപോയി. മനസ്സൊന്നു തണുത്ത നേരം... യാഥാർത്ഥ്യമാകുന്ന ആഗ്രഹങ്ങൾ... അനുഭവങ്ങൾ... ഏറെ സന്തോഷം തോന്നിയ നിമിഷങ്ങൾ... കുടജാദ്രിയിലെ ആ തണുത്ത കോടമഞ്ഞിൽ ഇരുന്ന് ആ മനോഹര കാഴ്ചകളെ നോക്കി കാണുവാനും ഭാഗ്യമുണ്ടായി. ഒട്ടേറെ ആളുകൾ വരുന്നുണ്ടായിരുന്നു. സർവ്വജ്ഞ പീഠത്തെ തൊഴുത് പതിയെ അവിടുന്ന് തിരിച്ചിറങ്ങാൻ തുടങ്ങി.
കൂടെ ജീപ്പിൽ വന്ന സഹയാത്രികരായ ബാലചന്ദ്രനും കുടുംബത്തിനും ഒപ്പം ഒരു സെൽഫിയും എടുത്തു. രാകേഷേട്ടനും വൈഫിനും കുടജാദ്രികയുടെ മനോഹാരിതയിൽ കുറച്ചു നല്ല പടങ്ങളും എടുത്തു കൊടുക്കാൻ സാധിച്ചു,
ഇനിയും ഏറെനേരം അവിടെ ഇരിക്കണം എന്നുണ്ടായിരുന്നു. സമയം ഏറെ വൈകിയിരുന്നു. ആറുമണിയോടെ ചെക്ക് പോസ്റ്റ് തിരികെ കടക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. ഇനിയും വരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയുമായി തിരികെ ചുവടുകൾ വച്ചു.
ഏറെക്കാലത്തെ ആഗ്രഹം നടന്ന സന്തോഷത്തിൽ ഞാൻ പതിയെ മലമടക്കുകളിലൂടെ, അഗാധമായ ഗർത്തങ്ങളെ നോക്കി കോടമഞ്ഞിനെ വകഞ്ഞുമാറ്റി പതിയെ നടന്നു. ഇനിയും ഈ വഴി വരാൻ കഴിയട്ടെ എന്ന പ്രാർഥനയോടെ.
നേരം സന്ധ്യ ആയി. കാടിനുള്ളിൽ ഇരുട്ടിൻ്റെ കനമേറി വന്നു. ഓർമകളിൽ ആ നിർവൃതിയുടെ കുളിരുമായി കീഴെ ക്ഷേത്രത്തിൽ കയറി ഒന്നുകൂടെ തൊഴുത് മൂകാംബികക്ക് ഉളള ജീപ്പ് യാത്ര തുടങ്ങി. രാത്രി 07.30 യോടെ സർവീസ് തുടങ്ങിയ ഇടത്ത് എത്തി. നല്ല വിശപ്പ് ഉണ്ടായിരുന്നു. നേരെ കണ്ട കേരള ഹോട്ടൽ എന്ന ബോർഡ് വിശപ്പിനെ പിന്നെയും കനമുള്ളതാക്കി. ഹോട്ടലിൽ കയറി മസാല ദോശയും ചായയും കഴിച്ചു, നേരെ റൂമിൽ പോയി കുളി കഴിഞ്ഞു. 09.30 pm മൂകാംബിക അമ്പലനട അടക്കും. 08.30 ഓടെ ഞാൻ അമ്പലത്തിലേക് തൊഴാൻ പോയി. തിരക്ക് കുറവായിരുന്നതിനാൽ നന്നായി തൊഴുതിറങ്ങാൻ കഴിഞ്ഞു.
വൈകീട്ടുള്ള അന്നദാനവും കഴിച്ച്, വീട്ടിലേക്കുള്ളതും, പെങ്ങളുടെ കുട്ടികൾക്കും, സുഹൃത്തുക്കൾക്കും ഉള്ളതുമായ കളിപ്പാട്ടങ്ങളും മറ്റും ഒക്കെ വാങ്ങി നേരെ റൂമിലെത്തി.
സമയം വൈകി ഉള്ള ബസ് യാത്രയും, നേരത്തിന് ഭക്ഷണം കഴിക്കാൻ കഴിയാതെ ഇരുന്നതും, കുടജാദ്രി യാത്രയും അല്പം ക്ഷീണം ഉണ്ടായി. മൂകാംബികയിൽ പോയി വരാം, എന്ന ആഗ്രഹത്തിനുമപ്പുറം ഒരു രാത്രി ആ സന്നിധിയിൽ താമസിക്കാൻ അവസരം ലഭിച്ചതിൽ മൂകാംബികമ്മയോടെ നന്ദിയും പറഞ്ഞു ഉറങ്ങാൻ കിടന്നു.
അതിരാവിലെ തന്നെ, എഴുന്നേറ്റു. കുളിച്ചിട്ട് നേരെ അമ്പലത്തിലേക്ക് ഇറങ്ങി. വൈകീട്ട് 4.00 മണിയോടെ ആണ് തിരിച്ചുള്ള ബസ് ബുക്ക് ചെയ്തിട്ടുള്ളത്. തൊഴാൻ ചെറിയ " Q " ഉണ്ടായിരുന്നു. വിഗ്രഹത്തിൻ്റെ പുറത്തേക്ക് എഴുന്നള്ളിപ്പിൻ്റെ സമയം ആയിരുന്നു. കൺ നിറയെ തൊട്ടടുത്ത് അമ്മയെ കാണാൻ കഴിഞ്ഞു. വെള്ളിരഥത്തിലെ എഴുന്നള്ളിപ്പും, വലിയ രഥത്തിലെ എഴുന്നള്ളിപ്പും കാണാൻ കഴിഞ്ഞു. തലേന്ന് വൈകീട്ട് തൊഴാൻ വന്നപ്പോഴും രഥയാത്രയെ അനുഗമിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം തോന്നുന്നു. ചെറിയ തിരക്കുണ്ടെങ്കിലും വളരെ സംതൃപ്തിയോടെ തൊഴാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടായി.
ഇനിയും വരാൻ കഴിയണേ എന്ന പ്രാർഥനയിൽ അവിടുന്നു ഇറങ്ങി. രാവിലത്തെ പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് റൂമിൽ എത്തി. അല്പം ഉറങ്ങാം എന്ന് വച്ചു. വൈകീട്ട് ആണ് ബസ്. സമയം ഉണ്ട്... 02.00 pm വരെ ഉറങ്ങി. തുടർന്ന് ഭക്ഷണം കഴിക്കാൻ പോയി. തിരികെ വന്നു റൂം വെക്കേറ്റ് പ്രൈവറ്റ് ബസ് സ്റ്റാഡിലേക്ക് നടന്നു. തിരികെ പോകുന്നതിന് മുൻപ് ഒരുവട്ടം കൂടി നടയിൽ പോയി തൊഴുതു.
ബുക്ക് ചെയ്ത ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നു. 04.00 മണിയോടെ ബസ് കയറി. ഒരുപാട് കാലത്തെ ഏറെ ആഗ്രഹിച്ച ആ യാത്ര സഫലമായത്തിൻ്റെ സന്തോഷത്തോടെ മൂകാംബികയിൽ നിന്നും തിരിച്ചുള്ള യാത്ര തുടങ്ങി. തിങ്കളാഴ്ച വെളുപ്പിന് 04.40 am ഓടെ തൃശൂരിൽ എത്തി. 05.30 am ഓടെ വീട്ടിലെത്തി... 🙏
amaldevpd@gmail.com
9400765782
















































































അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ