ഈ ബ്ലോഗ് തിരയൂ

2023 ജൂൺ 18, ഞായറാഴ്‌ച

ഉന്മാദിയായവൾ

 ഉന്മാദിയായവൾ

- - - - - - - - - - - 


ഞാൻ ശവമാകുന്ന നാൾ

നീയെന്നെ കാണാൻ വരണം.

എനിക്ക് നീ... ശാപ-

വാക്കുകളാൽ ഹാരമണിയണം.


ഓർമ്മകളുടെ തള്ളി -

ക്കയറ്റത്തിൽ

നീയെന്നെ ചുംബിച്ചതോർത്തു;

വെറുതെ ചിരിക്കണം.


നിനക്കായി പാകപ്പെടുത്തിയ

ഹൃദയത്തിൻ്റെയറ്റത്ത്,

വാടാത്ത ഒരു പൂവ് ഞാൻ വച്ചിട്ടുണ്ട്.

നീയതെടുത്തെന്റെ;

കാലറ്റത്തു വയ്ക്കണം.


അപോൾ നീ കരയണം.

കണ്ടു നില്ക്കുന്നവരുടെ

മുഖത്തേക്കു നോക്കി... 

പിന്നെ, നിനക്ക് ചിരിക്കാൻ 

എത്രയോ ദിനങ്ങൾ ബാക്കി....


തിരിഞ്ഞു നോക്കാതെ

നീ നടക്കുബോൾ, 

പകലിരവുകളിൽ

നാം കണ്ടകാഴ്ച്ചകൾ തെളിയും.


നമ്മിലെ പ്രേമവും

മഴയും വെയിൽപ്പാടവും

നാടും നഗരവും

മേഘങ്ങളും

കടലാസു പൂക്കളും

പുഴയും അതിലെ ഓളങ്ങളും...


കാപഠ്യവും

നുണയും

ചതിയും

വഞ്ചനയും

സ്വാർത്ഥതയും...


എല്ലാം...


അന്നൊരിക്കലെന്നെ നീ

ശവമെന്നാർത്തു -

വിളിച്ചതോർമ്മയിലുണ്ടാകാം.

മറവിയുടെ മൺപ്രതലത്തി-

ലെണ്ണത്തിരിയിട്ടെന്നെ

കിടത്തിയപ്പോൾ;

ഈ തണുത്ത പ്രഭാതത്തിന്റെ

അഭംഗിയിൽ പനീനീർപ്പൂക്കളുമായി

നീയെന്നെ കാണാൻവന്നു.


നിന്റെ സിരകളിൽ

ഇരമ്പിയാർക്കുന്ന

ശവത്തിന്റെ ഗന്ധം

ലഹരിപോലെ നിന്റെ

കണ്ണുകളെ വിടർത്തുന്നു.


നിന്റെയുൾച്ചിരിയി-

ന്നുന്മാദിയായിപ്പടർന്നു

പൊട്ടിച്ചിരികളായി മാറവേ...

പുകയായും ചാരമായും

ഞാൻ നിന്നെപ്പുണരുകയായിരുന്നു.


ഇടയ്ക്കിടറിയ ജീവിതത്തെ

മുറുകെ പിടിയ്ക്കാനാകാതെ;

പിടയുന്ന ഹൃദയത്തെ 

പിടിച്ചു നിർത്താൻ നീതന്ന

സ്നേ

ഹത്തിന്...

ധൈര്യത്തിന്...

നോവിന്...



ഉന്മാദിയായവൾ


പി ഡി അമൽദേവ്







2023 ഫെബ്രുവരി 9, വ്യാഴാഴ്‌ച

അവളുടെ കരുതൽ

 അവളുടെ കരുതൽ

____________________



എൻ്റെ സ്വപ്നങ്ങൾക്ക്

അവളിട്ട വില

എൻ്റെ ജീവിതം തന്നെയായിരുന്നു.


അവളുടെ സ്വപ്നങ്ങൾക്കായി

എൻ്റെ സമയത്തെ,

കടം ചോദിച്ചു...

അവളുടെ ആവശ്യങ്ങൾക്കായി

എന്നെ

കൊണ്ടുനടക്കുമായിരുന്നു.


അതൊരു ഭീഷണിയല്ല;

സ്നേഹമാണ്...

കരുതലാണെന്ന്

വീണ്ടും വീണ്ടും 

അവളെന്നോട് പറഞ്ഞിരുന്നു.

പക്ഷേ; 

അവിടെ ഞാനുപേക്ഷിക്കേണ്ടി വന്നത്....

എൻ്റെ ജീവിതം തന്നെയായിരുന്നു.


ഒരിക്കലവളെ,

ഞാനുമറിഞ്ഞിരുന്നു.

അന്നെന്റെ ചിറകുകൾക്ക്

പറക്കാനാകുമായിരുന്നു.

പിന്നെ പിന്നെ അതവൾ കെട്ടിയിട്ടു.


രാത്രിയുടെ അകത്തളത്തിൽ

അവളാർത്താർത്ത് ചിരിക്കുമായിരുന്നു,

അവളുടെ ആനന്ദം

നിശയുടെ ശീതളച്ഛായയിൽ

മുങ്ങിനിവരുമായിരുന്നു...

പിന്നെയൊരിക്കൽ

അവളൊരു സ്വപ്നം കണ്ടു.


അതൊരു തണുത്ത രാത്രിയായിരുന്നു.

അവളെന്നോട് പറഞ്ഞു;

നീയും ഞാനും

മരിക്കുകയാണെന്ന്.

"നീയിനി സ്വപ്നം കാണണ്ട എന്ന്..."


മരണം അങ്ങനെയാണല്ലോ.

ആഗ്രഹിക്കാതെ വന്നെത്തുന്ന

ഒരു വിരുന്നുകാരൻ...


"നീയൊരു നിഴലായി

കൂടെ വേണം.

നിന്നോളമാരെയും

എനിക്ക് സ്നേഹിക്കാനാകില്ല.

പൊന്നാ,

എന്തിന് നീ വെറുതെ സ്വപ്നം കാണുന്നു.

നമുക്കു മരിക്കാം.

നീയിട്ടേച്ചു പോയാൽ

നിനക്കായെൻ്റെ 

ഡയറികൾ കള്ളം പറയും.

വിഷക്കുപ്പി കാലിയാകും.

എൻ്റെ കൈ ഞരമ്പുകൾക്ക് 

മുറിവുകൾ പറ്റും."


അതെ അവളെന്നെ സ്നേഹിക്കയായിരുന്നു.

ഒരതിരുകളും ഇല്ലാതെ.

എൻ്റെ സ്വപ്നങ്ങൾ...

എൻ്റെ ആഗ്രഹങ്ങൾ...

എൻ്റെ ജീവിതം.

ഒന്നുമല്ലായിരുന്നു അതവൾക്ക്.

വെറുതെയെങ്കിലും,

ആ മുറിയിൽ ഞാനുണ്ടാക്കണം.


"അതൊരു ഭീഷണിയല്ല,

സ്നേഹമാണ്

നിന്നോടുള്ള കരുതലാണ്...

അവൾ വീണ്ടും വീണ്ടും

എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു.

പക്ഷേ;

അവിടെ ഞാനുപേക്ഷിക്കേണ്ടി വന്നത്

എൻ്റെ ജീവിതം തന്നെയായിരുന്നു.








amaldevpd@gmail.com

2023 ഫെബ്രുവരി 8, ബുധനാഴ്‌ച

ഒരു യാത്ര... ഏറെ സന്തോഷം...

 

💙🤟❤️

"ഓരോ യാത്രയും എത്രയെത്ര അനുഭവങ്ങളാണ് പകർന്നു നൽകുന്നത്. ഓർമ്മകളിലേക്ക് മറയുന്ന ആ നിമിഷങ്ങൾ എത്ര മനോഹരമാണ്. ഒട്ടും പ്രതീക്ഷിക്കാതെ വന്നുചേരുന്ന നിമിഷങ്ങൾ. ജീവിതത്തിൻ്റെ ചിരിയും സങ്കടങ്ങളും ഇടകലർന്ന ഏടുകൾ  മറിക്കുമ്പോൾ കാണാം; ഒരിക്കലെങ്കിലും നമ്മൾ ആഗ്രഹിച്ചിട്ടും നടക്കാതെ പോകുന്ന കാര്യങ്ങൾ, അതിന്മേൽ നാമനുഭവിക്കുന്ന ആകുലതകൾ... "

   " ഏറെ സന്തോഷം തോന്നുന്നു ഈ യാത്രയിൽ... ചില യാത്രകൾ അങ്ങനെയാണ്. വല്ലാത്ത ഹരമാണ്. ആനന്ദമാണ്. "

" കന്യാകുമാരി യാത്ര ഒരു അനുഭവമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു യാത്ര. പെട്ടെന്ന് ഞങ്ങൾ എടുത്ത ഒരു തീരുമാനം. സൂര്യോദയം കാണുവാൻ കന്യകുമാരിയിൽ എത്തുമ്പോൾ 5.00 am ആയിട്ടുള്ളൂ. 

   06.25.am ന് ആണ് സൂര്യോദയം. ഞങ്ങളുടെ യാത്രയിൽ വിവേക് , ഷമിൻ , അഞ്ചിത,  സച്ചിൻ പിന്നെ ഞാനും... 

മനോഹരമായിരുന്നു യാത്രയും അതിലെ അനുഭവങ്ങളും. സൂര്യോദയം വ്യൂ ടവറിൽ നിന്നും ഞങ്ങൾ ആസ്വദിച്ചു. പിന്നെ ബ്രേക്ക് ഫാസ്റ്റ് ശേഷം നേരെ വിവേകാനന്ദ പാറയിലേക്ക്. കുട്ടിക്കാലത്തെ പോയ ഒരു പരിചയം. വിവേകാനന്ദപ്പാറയിലേക്ക് ഉള്ള ബോട്ട് യാത്രയിൽ ഏറെ മനോഹരം. 

ഒഒരുപാട് സന്തോഷം നൽകിയ യാത്ര ആയിരുന്നു കന്യാകുമാരിയിലേക്കുള്ള ഞങ്ങളുടെ യാത്ര. ഒരുപാട് നാളുകൾ ശേഷം ഏറെ സന്തോഷിച്ച ഒരു നിമിഷം. സൗഹൃദങ്ങളുടെ ഒരു കെട്ടുറപ്പും കൂടെയായിരുന്നു യാത്ര.


Thanks To all...

❤️❤️❤️





































Vivek P Kinanoor
Shemin Saidu
Anjitha Asok
Sachin Bindhu Kumar

pdamaldev_globetrotter
PDvlogs

2022 നവംബർ 26, ശനിയാഴ്‌ച

നാടെങ്ങും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്

 നാടെങ്ങും കാൽപന്തുകളിയുടെ ആരവമാണ്. ലോക ഫുട്ബോൾ താരങ്ങൾ ഒരിടത്ത് മാറ്റുരയ്ക്കുമ്പോൾ, ഇവിടെ നാട്ടിൻപുറങ്ങളിലും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്...



#fifaworldcup2022 #football #worldcup2022 #footballseason #sports #irinjalakuda #irinjalakudakkaran_insta #irinjalakudagram #muncipalmaithanamirinjalakuda


#pdvlogs 



@pdvlog_s

2022 നവംബർ 22, ചൊവ്വാഴ്ച

ചിന്തകൾക്ക് മരിക്കാനാകില്ലെ ?

 ഭ്രാന്തമാകുന്നുണ്ട് ചിലപ്പോഴെല്ലാം_🤯

.

.

ചിന്തകൾക്ക് മരിക്കാനാകില്ലെ ?

.

കനപ്പെട്ട മൗനം ഉറഞ്ഞുകൂടി; ഒറ്റപ്പെടലിൻ്റെ തീഷ്ണത എന്നെ വല്ലാതെ വരിഞ്ഞു മുറുക്കുന്നു. എവിടെയൊക്കെയോ ചില ശബ്ദങ്ങൾ കേൾക്കുന്നു. നിഴലുകൾ തെന്നിമാറുന്നു.


      " പരമാനന്ദത്തിലേക്ക് പതിയെ പതിയെ ഊർന്നിറങ്ങണം. മരണമണം വരിഞ്ഞു മുറുകുമ്പോഴും; അറ്റുപോകുന്ന ചിരികളുണ്ട്... വേദനകളുണ്ട്... മൗനങ്ങളുണ്ട്... "


      ചുറ്റും വേഗതകളുടെ ആരവമാണ്. തിരക്കുകളുടെ അതിപ്രവാഹത്തിൽപ്പെട്ടു; തിടുക്കത്തിൽ മറയുകയാണ് ഞാനും. ഭ്രാന്തമാകുന്നുണ്ട് എൻ്റെ ചിന്തകളും വിചാരങ്ങളും...



@pdvlog_s

2022 നവംബർ 19, ശനിയാഴ്‌ച

സ്വാമി ശരണം

 സ്വാമി ശരണം. 




വൃശ്ചികം പിറന്നാൾ പിന്നെ നാടെങ്ങും ശരണം വിളികളാണ്... 


        ഓർമ്മകളുടെ, നാട്ടുവഴികൾ പിന്നിട്ട് ഏറെ ദൂരം നടന്നു. അതിരാവിലെ തന്നെ മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ മുങ്ങി നിവരുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. വൃശ്ചികം പിറന്ന് മാലയിട്ടാൽ പിന്നെ ക്ഷേത്രക്കുളത്തിൽ നിറയെ സ്വാമിമാരും ശരണമന്ത്രങ്ങളുമാണ്. ദേഹത്ത് ചാർത്തുന്ന ഭസ്മത്തിന്റെ ഗന്ധം. 



        നേരിയ മഞ്ഞിന്റെ കുളിരുള്ള ദിനങ്ങൾ. മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രവും, ചാത്തന്നൂർ ദേവീക്ഷേത്രവും, പറക്കാട്ട് മഹാദേവ ക്ഷേത്രവും... ഒരുപാട് പിന്നിലേക്ക് യാത്ര ചെയ്യുമ്പോൾ ഓർമ്മകളുടെ കൽപ്പടവുകൾ ഇറങ്ങി ചെല്ലുന്നത് എത്ര മനോഹരമായ ഇടങ്ങളിലേക്ക്. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും അങ്ങനെയാണ്; പിന്നീട് എപ്പോഴോ ഓർമ്മകളുടെ കണക്ക് പുസ്തകത്തിൽ മായാത്ത മധുരമുള്ള നിമിഷങ്ങൾ തരും. ആ ഓർമ്മകളുടെ തികെട്ടിവരവിൽ നെഞ്ചിനൊരു നീറലാണ്. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. തിരികെ വരുമെന്ന പ്രതീക്ഷയിൽ എത്രയെത്ര ജന്മങ്ങളാണ് ഓരോ നിമിഷവും കടന്നുപോകുന്നത്. 



       ശരണമന്ത്രങ്ങളുമായി വൃശ്ചികപ്പുലരിതോറും, നാടും നാട്ടു പച്ചയും കണ്ടു; ദിനവും അമ്പലക്കൽ പടവുകൾ ഇറങ്ങി, കുളിച്ച് ഈറനോടെ ക്ഷേത്രദർശനം നടത്താൻ അത്രയേറെ ആഗ്രഹം.


        







2022 നവംബർ 11, വെള്ളിയാഴ്‌ച

ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്.

             


               "സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചം വീണു കറുപ്പായ് നീളുന്ന പാതയുടെ മനോഹരമായ ഒരു രാത്രി കാഴ്ച്ച. നിശയുടെ ഒറ്റ നിറത്തിനുള്ളിൽ ആ വെളിച്ചം ഒരു മൂകത സമ്മാനിക്കുന്നു. തുടരെ തുടരെ കടന്നുപോകുന്ന വാഹനങ്ങളുടെ ചുവപ്പ് വെട്ടം ആ മൂകതയെ കീറിമുറിച്ച് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു... "



                  പറഞ്ഞു പഴകിയ, ചിലപ്പോഴൊക്കെ പാതിയിൽ പറഞ്ഞുപേക്ഷിച്ച മനോഹാരിത. ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്. അതേ, ഇരുട്ട് ... അതേ, വഴികൾ ... അതേ, മുകത ... ഇടയ്ക്കെപ്പോഴോ പെയ്ത മഴച്ചാറ്റലിൽ ഏതേതോ ഓർമ്മകളുടെ വേലിയേറ്റം. 


                 അതേ, ഈ രാത്രിയെത്ര സുന്ദരമാണ്...



                 മഴ വീണു നനവുപടർന്ന മണ്ണിലൂടെ, രാത്രിയുടെ അതിശയിപ്പിക്കുന്ന മൗനത്തിലേയ്ക്ക്... നടന്നുകയറുമ്പോൾ; ഉള്ളിലൊരാളലുണ്ട്. അപ്പോഴൊക്കെ അകച്ചുരുളിൽ കത്തിപ്പടരുന്ന ഓർമ്മകളുടെ വന്യതയിലേയ്ക്ക് ഞാനോടിക്കയറും. കണ്ണും മുഖവും പൊത്തിപിടിച്ചു, അതിൽ ലയിക്കും. സിരകളിലേയ്ക്ക് ഇരമ്പിക്കയറുന്ന ലഹരിയാണ് ഇന്നാ ഓർമ്മകൾ. 







                അറ്റമില്ലാത്ത ഈ ജീവിതപാത താണ്ടി, എത്രയെത്ര ആത്മാക്കളാണ് നടന്നകലുന്നത്. നിസ്സാരമായ ഈ ചെറു ജീവിതം കലഹപൂർണ്ണവും, നിരർത്ഥകവുമാക്കി എത്രയെത്ര നിഴലുകളാണ് വഴിപിരിയുന്നത്. വെറുതെയെങ്കിലും, ആ നിസ്സാരതയിൽ ഞാനും വീണുടയുകയാണ്....



                മണ്ണടികൾ പിന്നിട്ട്, ദേശങ്ങൾ കടന്നു, യാത്ര തുടരുകയാണ്. രാത്രിയെന്നോ, പകലെന്നോ നോക്കാതെ അത് തീരാത്ത യാത്രയുടെ അടിയൊഴുക്കിലേയ്ക്ക് കുത്തിയൊലിച്ചു പായുകയാണ്. ആനന്ദത്തിലേയ്ക്ക്... ആത്മാവിലേക്ക്...



                നീളുന്ന നിശയുടെ ഉൾച്ചുഴിയിൽപ്പെട്ട്, ഉന്മാദത്തിന്റെ അതിരറ്റത്തു ചെന്നുനില്ക്കുമ്പോൾ... അകലെയെവിടെയോ ആനന്ദത്തിന്റെ ആർപ്പുവിളികൾ മുഴങ്ങുന്നത് കേൾക്കാം. ഞാനും എന്റെ കനപ്പെട്ട മൗനത്തെ വെറുതെ ഉയർത്തിപ്പിടിക്കും.



                 വിജനമായ വഴിയോരത്ത് നിരത്തിയ മേശയ്ക്കരികിൽ ഞാനൽപ്പമിരുന്നു. കടലാസു ഗ്ലാസിൽ നിറച്ച ഫിൽറ്റർ കോഫി മഴയ്ക്കൊപ്പമൽപ്പം കുടിച്ചു. കാലമേറെയായി, കടലാസു പോലെ മഴയിൽ കുതിർന്നു പോകുന്ന ഈ ജീവിതവുമായി തുടരുന്ന യാത്ര. എവിടെയൊക്കെയോ... എപ്പോഴൊക്കെയോ... അവസാനിച്ചു; വീണ്ടും എന്തിനെന്നില്ലാതെ തുടരുന്ന യാത്ര. അങ്ങനെ, മടുപ്പിക്കുന്ന തുടർച്ചകളുടെ അനിവാര്യതയിലേയ്ക്ക് എന്നെങ്കിലും എവിടെവച്ചെങ്കിലും തീരുമെന്ന കനപ്പെട്ട വിചാരത്തിലൂന്നി ഞാനെന്റ മൗനം തുർന്നു. "





                      

















 amaldevpd@gmail.com

 http://www.instagram.com/pdamaldev_globetrotter