ഈ ബ്ലോഗ് തിരയൂ

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

അടയാളം

അടയാളം
:::::::::::::::::::

മുറിവേറ്റു പിടയുന്ന
മധുരമാം സ്വപ്‌നങ്ങൾ
ഒരു നോവിൻ ചിറകിൽ
പറന്നുയർന്നു.
നീറും നീഹാരമായ്
നീളുന്നു വീണ്ടുമെൻ
ജീവന്റെയടയാള-
മെന്നുമെന്നും...
അടരാത്തോരടയാള-
മിടയുന്നു നിത്യവും
ഇടറുമെൻ ഹൃദയത്തിൻ
സ്വപ്നങ്ങളായ്.
പതിവായെൻ വാതിലിൻ
ചാരെയൊരുന്മാദ-
ലഹരിയായ് നിറയുന്നു
നിൻ സുഗന്ധം
പറയാതെ നീപോയ,
വഴികളിൽ ഞാൻ തേടു-
മടയാളമെന്തെന്നു
നീയറിഞ്ഞോ...
അഴിയാത്ത നിഴലായി
ആഴങ്ങളിൽ വീഴും
അനുരാഗസിന്ദൂരം
നീയണിഞ്ഞു,
ഉടയുന്നു കരിവള
ഇടയുന്ന നോവുകൾ
അറിയാതൊരിടനാഴി
തുറന്നു തന്നു.
ഇതളിടും പ്രണയത്തിൻ
മധുരമാം ഓർമ്മകൾ
ഒരു മഴവിൽ ചിറകിൽ
പറന്നുയർന്നു,
ഇഴപിരിയാത്തൊരു
ജീവിതസ്വപ്‌നങ്ങൾ
എഴുതിയ കവിതകൾ
പലകുറിയനുരാഗമഭിനയിച്ചു.
ഇനിയൊരു ജന്മത്തിൻ
പ്രണയസാഫല്ല്യം
തേടുന്നൊരടയാളമായിന്നു
ഞാനും.
ഇടയുന്ന സ്വപ്‌നങ്ങൾ
ഉടയുന്ന ജീവിതം
അടരാത്തൊരടയാളം
പകർന്നു വച്ചു...


അടയാളം
അടയാളം
( കവിത - അമൽദേവ്.പി.ഡി)
http://mizhipakarppukal.blogspot.in
www.facebook.com/amaldevpd
amaldevpd@gmail.com




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ