ഈ ബ്ലോഗ് തിരയൂ

2015 മേയ് 3, ഞായറാഴ്‌ച

ശ്രീ കൂടല്‍മാണിക്യം സംഗമേശ്വരൻ‍ ക്ഷേത്രം ഉത്സവം...

വീണ്ടുമൊരു ഉത്സവക്കാലം...
നാടിനും നാട്ടുകാര്‍ക്കും സര്‍വ്വൈശ്വര്യങ്ങളുമേകുന്ന സംഗമേശ്വര ഭഗവാന്‍റെ തിരുവുത്സവം...


കൂടല്‍മാണിക്യം ക്ഷേത്രം വിവരണം
കടപ്പാട് - വിക്കിപീഡിയ



ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. [1]ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.

ഈ ക്ഷേത്രത്തിൻറെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.[2] ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു. [3] കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ബുദ്ധമതവും ജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്. [4]

മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം.
നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.






മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.
 courtesy - wikipedia

ചാലക്കുടി, കൂടപ്പുഴയിലെ ആറാട്ടുകടവ്
രാവിലെയും രാത്രിയും 9 മണിമുതൽ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ആൽത്തറയിലാണ്‌ പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആൽത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാൽ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാൽ വെടിക്കെട്ടും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം പൂർത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കൽ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്‌.
വിളക്കിനെഴുന്നള്ളത്ത്

ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. 3 മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി ‘മാതൃക്കൽ തൊഴൽ‘ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാൽ ‘ശ്രീരാമപട്ടാഭിഷേകം‘ കഥകളി അറങ്ങേറുന്നു. ഇരിങ്ങാലക്കുടക്കാർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദിനങ്ങളാൺ ഉത്സവനാളുകൾ.




amaldevpd@gmail.com
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal


2015 ഏപ്രിൽ 14, ചൊവ്വാഴ്ച

കണ്ണനെ കണികാണുന്ന കുഞ്ഞു വാവ...


"..കണികാണും നേരം
കമല നേത്രന്‍റെ
നിറമേഴും മഞ്ഞ
തുകിൽ ചാർത്തി.
കനക കിങ്ങിണി
വളകൾ മോതിരം
അണിഞ്ഞു കാണേണം
ഭഗവാനെ...

മലർമതിൻ കാന്തൻ
വാസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി.
ചിലു ചിലേ എന്നു
കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണികാണാൻ."

"കുഞ്ഞു കണ്‍ തുറന്നവൻ കണ്ണനെ കണ്ടു,
കുഞ്ഞു കളികളും പിണക്കവും
ഇണക്കവുമൊക്കെയായി
കണ്ണനൊപ്പം ചിരിതൂകിയവനും.
കുഞ്ഞു കൈകളിൽ
ആദ്യമായ് വാങ്ങിയ
നന്മയേറുന്ന വിഷുകൈനീട്ടവുമായി,
കുഞ്ഞു മിഴികൾ
ചിരിതൂകി നിന്നു..."

 കണ്ണനെ കണികാണുന്ന കുഞ്ഞു വാവ...!


"...നന്മയുടെ നറുപുഞ്ചിരിയുമായി ഐശ്വര്യത്തിന്‍റെയും  സ്നേഹത്തിന്‍റെയും
കാർഷിക സമൃതിയുടെയും പുതിയ ലോകത്തേക്ക്  ഞങ്ങളുടെ കുഞ്ഞു വാവ കണ്ണു തുറന്നു, അച്ചാച്ചന്‍റെ  കയ്യിലിരുന്നവന്‍  കണ്ണനെ കണികണ്ടുണർന്നു. വാവയ്ക്ക് ഞങ്ങളുടെ ഒരായിരം നന്മ നിറഞ്ഞ വിഷുദിനാശംസകൾ നേരുന്നു..."


2015 ഏപ്രിൽ 9, വ്യാഴാഴ്‌ച

റേപ്പിസ്റ്റ്...



ആദ്യമൊന്നു മടക്കി
പിന്നെ ഒടിച്ചു,
പിടഞ്ഞും ഞെരങ്ങിയും
അവളൊച്ച വച്ചു...
വികൃതമായ വാക്കുകൾ
അവൾക്കു മേലെ
തെറിയഭിഷേകം നടത്തി,
ഉടച്ചു വാർക്കാൻ
പഴയ സ്വപ്നങ്ങളും
ഓർമ്മകളും മാത്രം...
അക്ഷരപ്പെരുമഴയുടെ
തലയുറച്ച തറവാട്ടു പെരുമയിൽ
അഭിലാഷത്തോടെ
അവളുരുകിയുണർന്നു.
കുറുകെ കണ്ട നീർച്ചാലുകൾ
കവച്ചു വച്ചവൾ
വിധിയൊരുക്കിയ,
കറപുരണ്ട കൈകളെ
മാറോടണച്ചു.
കടിച്ചു കീറിയ സ്വപ്നങ്ങളെ,
കൂട്ടിച്ചേർക്കാൻ
ഉദിർന്നു വീണ
കണ്ണുനീർ തുള്ളികളുമായി
പിന്നെയും
അവളൊരുമ്പിട്ടിറങ്ങി.
മടിച്ചു നിൽക്കാതെ
ഞാനെന്റെ മിന്നൽ പിണറുകളെ
അവളിലേക്ക്‌ പായിച്ചു,
സ്വപ്നം വിതച്ചവൾ
വില്പ്പനക്കൊരുങ്ങി
ഉയർന്നു പൊങ്ങിയ
ഉഷ്ണകാറ്റിനെ
വകഞ്ഞു മാറ്റി,
ഊർന്നിറങ്ങിയ പ്രേമഭാവത്തെ
ആസ്വാതനത്തിന്റെ
അഭിലാഷത്തിന്റെ
നീർച്ചുഴിയിലേക്കെറിഞ്ഞു.
പടർന്നു പന്തലിച്ച
കനം വച്ച വാക്കുകൾ
വീശിയെറിഞ്ഞു ഞാൻ
ചിതലരിച്ചൊരോർമ്മകളെ
വീണ്ടും ചതച്ചരച്ചു.
ഉടഞ്ഞു വീണ
വാക്കുകൾക്കു മീതെ
തെളിഞ്ഞ വരികളിൽ
പടർന്ന പതിവുകൾ മറന്നു
ഞാനെന്റെ കവിതയെ പിന്നെയും മാനഭംഗപ്പെടുത്തി.


(കവിത - റേപ്പിസ്റ്റ്...
അമൽദേവ് .പി.ഡി)

www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
Amaldevpd@gmail.com





2015 ഏപ്രിൽ 5, ഞായറാഴ്‌ച

അമ്മമധുരം...


മാനത്ത് വിരിഞ്ഞ
അമ്പിളിമാമനെ ചൂണ്ടി
പണ്ടമ്മപറഞ്ഞ
കഥകളിലെ പ്രിയമേറിയ
സ്മൃതിപദങ്ങളെ തൊട്ടുണര്‍ത്തി,
ഇന്നെന്‍റെയോര്‍മ്മകള്‍
മധുരം വിളമ്പുന്നു.

വേരറ്റുപോയ
സ്വപ്നങ്ങളെ തേടി
ആകാശഗോപുരങ്ങളും
സ്വര്‍ഗ്ഗകവാടങ്ങളും കടന്ന്
അനന്തമായ
ഏകാന്തതയുടെ ആഴങ്ങളിലേക്ക്
കാലിടറിയപ്പോള്‍...
നിതാന്തമായ
ജീവിതപരപ്പിലേയ്ക്കൊരു,
കൈതാങ്ങെന്നപോലെ
മധുരമേറിയ
വാക്കുകളാലെന്നെ -
പ്പുണര്‍ന്ന ജന്മം.

നോവുകലര്‍ന്ന
കണ്‍കോണുകളില്‍ നിന്നാര്‍ദ്ര--
മായുദിര്‍ന്ന ചുടുനീരു
തുടയ്ച്ചുകൊണ്ടെന്നും
പിടയുന്ന നെഞ്ചുമായ്
പകരുന്ന സാന്ത്വനം...

മഴവില്‍ ചിറകിലേറി
പറന്നുയരുമെന്‍റെ
ജീവനില്‍ തൊടുന്ന ലഹരിയായ്
മാറുമീ മറവിതന്‍
ചില്ലുകൂടൊന്നുടയ്ക്കുമീ--
മധുരമാ, മമ്മതന്‍ വാക്കുകള്‍...


അമ്മമധുരം...
(കവിത -    അമല്‍ദേവ് .പി .ഡി )

http://www.facebook.com/blankpage.entekavithakal
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
contact:-     amaldevpd@gmail.com


2015 ഏപ്രിൽ 4, ശനിയാഴ്‌ച

റമ്പൂട്ടാൻ

 

 photo courtesy :- google

   ''.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പതിവുപോലെ അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ കൈയ്യില്‍ ഒരു സഞ്ചി നിറയെ അതുവരെ രുചിയറിഞ്ഞിട്ടില്ലാത്ത  റമ്പൂട്ടാൻ  കൊണ്ട് വന്നു. അന്നുവരെ കണ്ടിട്ടില്ലാത്ത ആ പഴം ഞങ്ങള്‍ ആവോളം കഴിച്ചു.  പിന്നെ, റമ്പൂട്ടാന്‍റെ കായ് മുറ്റത്ത്‌ കിടന്നു മുളപൊട്ടി വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അന്നു  കഴിച്ച റമ്പൂട്ടാന്‍ പഴത്തിന്‍റെ തൈ ആണ് വളരുന്നതെന്ന്.  വളര്‍ന്നു വലുതായി ആദ്യമായി റമ്പൂട്ടാന്‍ മരം പൂവിട്ടപ്പോള്‍ വളരെ കുറച്ചു  റമ്പൂട്ടാൻ  മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്ല കായ്ഫലം തന്നുകൊണ്ട് റമ്പൂട്ടാന്‍ മരം ഞങ്ങളുടെ വീടിന്‍റെ മുറ്റത്ത് നിറഞ്ഞു നിന്നു..''

 photo by :- amaldevpd
    ''.. ഇന്ന് , വീണ്ടും  റമ്പൂട്ടാൻ മരം പൂവിട്ടിരിക്കുന്നു.  മെയ് - ജൂണ്‍ മാസത്തോടു കൂടി പാകമാകുന്ന റമ്പൂട്ടാൻ    വിപണിയില്‍ നല്ല  വിലയുള്ള പഴങ്ങളില്‍ ഒന്നാണ്.'' 
    
  കുറച്ചു വിവരണങ്ങൾ:
  കടപ്പാട്: വിക്കിപീഡിയ

     '' സമൃദ്ധമായ നാരുകളോടുകൂടി ചുവന്ന നിറത്തില്‍ കാണുന്ന റമ്പൂട്ടാന്‍ പഴങ്ങള്‍ സ്വാദിഷ്ട്ടവും പോഷകസമ്പുഷ്ട് വുമാണ്. ഏഴു വര്‍ഷം പാകമായ മരങ്ങളാണ് കൂടുതലും കായ്ച്ചുതുടങ്ങുന്നത്.  'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം'  എന്നും വിശേഷിപ്പിക്കപെടുന്ന റമ്പൂട്ടാൻ  ഔഷധമായും  ഉപയോഗിക്കുന്നു.   ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ റമ്പൂട്ടാന്‍ കാണപ്പെടുന്നു. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
      ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്.  പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു.
      മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്.

  photo by :- amaldevpd
  റമ്പൂട്ടാൻ
www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
contact: amaldevpd@gmail.com
              amaldevpd@yahoo.in



   

2015 മാർച്ച് 21, ശനിയാഴ്‌ച

ആവര്‍ത്തനം

ആവര്‍ത്തനം


ആരും ഒന്നും അറിയുന്നില്ല
ആരും ഒന്നും അറിയാതിരിക്കുന്നില്ല,
ആവര്‍ത്തനങ്ങളില്‍
ആര്‍ഭാടപൂര്‍വ്വം
അഭിനയിച്ചു ജീവിക്കുന്നു
ഇവിടെ എല്ലാവരും...

വിശക്കുമ്പോള്‍ കൈനീട്ടുന്ന
വയറിനു മുന്‍പിലിരുന്ന്,
കവിത എഴുതി രസിക്കുന്ന
കൗമാര കുസൃതികള്‍...
വ്യര്‍ത്ഥമായ വാക്കുകളില്‍
തീര്‍ക്കുന്ന വരികള്‍
തികഞ്ഞ കാവ്യങ്ങളായി
വിശപ്പ്‌ മാറ്റുന്ന ദൈന്യത...

കണ്ണുനീര്‍ ചാലുകളായ്
ഒട്ടിച്ചേര്‍ന്ന ജീവിതത്തിന്‍റെ
കനം വച്ച നിഴലുകള്‍,
വിണ്ടുകീറിയ
സ്വപ്നസൗധങ്ങളില്‍
രാപാര്‍ക്കുന്ന ഓര്‍മ്മകളെ തേടി 
എന്തിനോ പറന്നകലുന്നു.

വരണ്ടുണങ്ങിയ
ചുണ്ടുകളില്‍ മുത്തമിട്ടു നീ,
എനിക്കേകിയ
പ്രണയാര്‍ദ്രനിമിഷങ്ങള്‍...
ഉടഞ്ഞു വീണ കനവുകളില്‍
എരിഞ്ഞമരുന്ന
കനലുകള്‍പോല്‍
ആവര്‍ത്തനവിവശരായ്
വീണ്ടുമെന്‍റെ നിഴലുകള്‍
നിരനിരയായ്...

എന്നിട്ടും,
ഞാനൊന്നുമറിയുന്നില്ല
ആവര്‍ത്തനങ്ങളില്‍
ആടിയുലഞ്ഞ്‌
വരികളില്‍ തീര്‍ത്ത
നിഴലുകള്‍ക്കൊപ്പം
ഞാനുമെന്‍റെ
ഓര്‍മ്മകളും, ഈ ജീവിതം
ഇവിടെ അഭിനയിച്ചു തീര്‍ക്കുന്നു.


ആവര്‍ത്തനം 
(അമല്‍ദേവ്.പി.ഡി)
www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com








2015 മാർച്ച് 15, ഞായറാഴ്‌ച

ഒരു ജ്യാതി ബജറ്റിസ്റ്റാ...

ഒരു ജ്യാതി ബജറ്റിസ്റ്റാ...


     വര്‍ഷാവര്‍ഷം തൂക്കി നോക്കി അളവൊട്ടും ചോരാതെ ജനങ്ങളുടെ സന്തോഷത്തിനും കയ്യടിയ്ക്കും വോട്ടിനും വേണ്ടി കൃത്യതയോടെ വച്ചും വിളമ്പിയും കുറച്ചൊക്കെ സ്വ:കുടുംബ സുരക്ഷ്യ്ക്കുമായി നീക്കിയിരിപ്പോടെ നടത്തി വരുന്ന രാഷ്ട്രീയാചാരത്തിന്‍റെ കമനീയ മുഹൂര്‍ത്തം. അവതരണശൈലി കൊണ്ടും എണ്ണക്കൂടുതല്‍ കൊണ്ടും മികവുറ്റ കഴിവുകേടായി അവതാരകനേയും പിന്നണിയിലെ ഉപഗൃഹജീവികളെയും ജനം സ്വീകരിച്ചും സഹിച്ചും പോന്ന നല്ലൊരു നാടകം.
    നാടകത്തിനിടയ്ക്കു  നാടകം - സിനിമയ്ക്കകത്തെ സിനിമ എന്നൊക്കെ പറയുന്ന പോലെ ഇത്തവണത്തെ കൊഴുപ്പാര്‍ന്ന ബജറ്റ് അവതരണം കേരള പി എസ് സി യുടെ അടുത്ത പരീക്ഷയ്ക്കുള്ള ചോദ്യാവലിയില്‍ ഏറ്റവും കുറച്ചു സമയവും, നിരവധി സുന്ദരമായ എതിര്‍പ്പുകള്‍ക്കും ഏര്‍പ്പാടുകള്‍ക്കും, പ്രധാനമായി കേരളത്തനിമയുടെ പേര് ലോകമെങ്ങും വിളിച്ചോതുന്ന തരത്തില്‍ നിരവധി കലാരൂപങ്ങള്‍ക്ക് ജന്മം കൊടുത്തു കൊണ്ട് വെളുത്ത ഖദറിന്‍റെ ഉള്ളിലെ കറുത്ത കലാകാരനെയും കലാകാരിയേയും പുറത്തെടുത്ത അരങ്ങിന്‍റെ ഒത്ത നടുവില്‍, പാലം കുലുങ്ങിയാലും  കേളന്‍ കുലുങ്ങില്ല എന്ന  മട്ടില്‍ നെഞ്ചു വിരിച്ചു നിന്ന കാവല്‍ഭടന്മാരുടെ കയ്യൂക്കിന്‍റെ ബലത്തില്‍ വായിച്ചു എന്ന് വരുത്തിയ ബജറ്റ്, ഏതെന്ന ചോദ്യത്തിനുള്ള സ്ഥാനം സുപ്രധാനമാണ്...
    വികൃതമായ മുഖം മറച്ചു പിടിക്കാം, ചാനല്‍ ക്യാമറയെ അഭിമുഖീകരിക്കാതെയിരിക്കാം. പക്ഷെ, ഇതൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും പ്രസിദ്ധി എന്ന മഹത്തരമായ അനുഗ്രഹം ആവോളം വന്നു ചേരുന്ന പല രാജാക്കന്മാരുടെയും അവസ്ഥ അവസാന നാളുകളില്‍ കാണാന്‍ കഴിയും, തലയിലും അല്ല ദേഹമാസകലം മുണ്ടിട്ടു നടന്നാലും മറയില്ലാത്ത സത്യത്തിന്‍റെ മുന്‍പില്‍ ഇളിഭ്യരായി നില്‍ക്കുന്നത്. കടിയും പിടിയും അടിയുമൊക്കെയായി കിട്ടിയ അവസരം ചുളുവില്‍ ആരൊക്കെയോ ശരിക്കും ആഘോഷിച്ചോ അതോ അതൊക്കെ ഒരു അബദ്ധധാരണകള്‍ മാത്രമോ, അങ്ങനെ തന്നെ കരുതാം അല്ലെ...  പിന്നെയാണറിഞ്ഞത് നവമീഡിയ സംസ്കാരം പീഡിതര്‍ക്കെതിരല്ലെന്നും പീഡിതരോടനുകമ്പയുള്ളവരെന്നും, കിട്ടിയ അവസരത്തില്‍ ഏച്ചുകെട്ടിയ വാക്കുകളില്‍ പറഞ്ഞു ഫലിപ്പിച്ചു  കടിച്ചെന്നും പിടിച്ചെന്നും പിന്നെ ചിലര്‍ക്ക് ബോധക്ഷയവും[ ക്ഷയം ശരിയാകാം... ബോധം അതിപ്പൊ ശ്ശി ബുദ്ധിമുട്ടാണല്ലോ... കണ്ടതല്ലേ ണ്ടോ അങ്ങനെ വല്ലതും... ല്ല്യാ ല്ലേ... സാരല്ല്യ, കഷ്ട്ടം എന്നല്ലേ  ഇപ്പോള്‍ പറയാനാകു...
   തലയില്‍ കയ്‌വച്ചുകൊണ്ട് ജനങ്ങള്‍ കേട്ടത് അത്ര സുഖമുള്ള  ബജറ്റ്  ആയിരുന്നില്ല എന്നതാണ് സത്യം. നിത്യോപയോഗത്തില്‍ വന്നുചേരാത്ത പലതും പറഞ്ഞു കേട്ടു വില കുറച്ചിലും കൂടലും, ഒടുക്കം ഇടുത്തീ പോലെ വീട്ടമ്മമാരെയും ഗൃഹനാഥന്‍മാരെയും ഒരേപോലെ സങ്കടതീയില്‍ എറിഞ്ഞു കൊണ്ട് യുദ്ധസമാന്തരമായ കാഴ്ചകള്‍ക്കൊപ്പം കേട്ട  ബജറ്റ്  വാര്‍ത്തയില്‍ അത്രനേരത്തെ അടിയും ഇടിയും പുകയുമെല്ലാം അലിഞ്ഞുപോയി.  ബജറ്റ് തയ്യാറാക്കിയതിലൂടെ കടി തീര്‍ന്ന കറുത്ത മനസ്സുള്ളവര്‍ക്ക് സുഖസവാരിയ്ക്കും സുഖനിദ്രയ്ക്കുമൊക്കെയായി സര്‍ക്കാരേര്‍പ്പെടുത്തിയ കൊട്ടാരമുള്ളപ്പോള്‍ അതിനുള്ളിലിരുന്നു എഴുതി ഒപ്പിച്ച് ഒപ്പിട്ടു വയ്ക്കുന്ന കുറച്ചു തുണ്ട് പേപ്പറില്‍ ജനങ്ങളെ മറന്ന വാക്കുകളായി പോയതില്‍ എന്താണ് തെറ്റ് അല്ലെ.  എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല എന്ന മട്ടില്‍ വെറുതെ കിടന്നു കുരയ്ക്കാന്‍ തയ്യാറായി സഭയ്ക്കകത്തും പുറത്തും ശിങ്കിടികള്‍.  അകത്തെ യുദ്ധം പൂര്‍വ്വാധികം ശക്തി സംഭരിച്ചു മുന്നേറുമ്പോഴാണ് പുറത്തു കീഴാളവംശജരുടെ പടയാളികള്‍ വടിയും കൊടിയും ഒക്കെയായി വന്നു നല്ല അലക്ക്  മേടിച്ചു കൂട്ടിയത്. ചുരുക്കം ചിലര്‍ക്ക് ആശ്യസിക്കാം തിരിച്ചും നല്ല അലക്ക് അലക്കീന്നു.  പൊതുമുതല്‍ കത്തിച്ചും പലതും പലവിധം നശിപ്പിച്ചും പുറത്തു നടന്ന മഹാഭാരത യുദ്ധം എന്തായാലും മാധ്യമങ്ങള്‍ക്ക് നല്ലൊരു വിരുന്നായി. നാഷ്ണല്‍ മീഡിയകള്‍ വരെ,  ചില അന്താരാഷ്ട്ര തത്വജ്ഞാനസംഹിതകള്‍ വളച്ചൊടിച്ചു തനി ലോക്കല്‍ ആയി ജനങ്ങളുടെ ഉള്ള സെന്‍സ് കളയുന്ന ചില തനി മലയാളം ചാനലുകളിലെ വിഷ്യല്‍സ് കോപ്പിയടിച്ചു ഇമ്മിണി ബല്ല്യ വാര്‍ത്തയാക്കിയത്, ഇവിടെ കോപ്പിയടിക്കപ്പെട്ട ആ ചാനലിനും അത് ഒരു മിനിട്ട് സ്റ്റോറി ആയതും വിധി. പിന്നെ ചര്‍ച്ചകളും അവലോകനവുമൊക്കെയായി ചാനലുകള്‍ തോറും ഓടി നടന്നു നല്ലൊരു ഫ്രൈമിനുള്ളിലൊതുങ്ങാനുള്ള അടങ്ങാത്ത ത്വരയുമായി ചീറിപ്പാഞ്ഞു കുട്ടി സഖാക്കളും ചില മുതിര്‍ന്ന ഖദര്‍ ധാരികളും, സ്വയം രാഷ്ട്രീയ നിരീക്ഷകരായി അവരോധിതരായവരും അനുകൂലിച്ചും പ്രതികൂലിച്ചും മുട്ടുന്യായങ്ങള്‍ നിരത്തി പിന്നെയും ജനങ്ങളുടെ കണ്ണുകളില്‍ സഹതാപതരംഗം സൃഷ്ട്ടിക്കുന്ന ഒത്തിരി നല്ല വര്‍ത്തമാനങ്ങളും ഒച്ചയിടലും. ഇതൊക്കെ കണ്ടു ഉറക്കം തൂങ്ങിയും  ചിലരൊക്കെ  തികച്ചും ഉന്മേഷവാന്മാരുമായും  നില്‍ക്കുന്ന പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും ഇതൊക്കെ വെറും വാര്‍ത്തയായി കാണാനും (വാര്‍ത്തയില്‍ കഴമ്പുണ്ടോ എന്നാ ചോദ്യം ) ഇത് കേരളമല്ലേ ഏമ്മാ... ഇവിടെ ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന ആത്മഗതത്തോടെ തന്‍റെ ജോലി ചെയ്യാന്‍ കഴിയുന്നു എന്നത് സന്തോഷം.
    ആരെയും വേദനപ്പിക്കാനോ വിഷമിപ്പിക്കാനോ അല്ല, ഇനിയിപ്പോ അങ്ങനെയെങ്ങാനും തോന്നിയാല്‍ ക്ഷമിക്കണം എന്നൊന്നും പറയാനും കഴിയില്ല എന്നാ ഉറപ്പോടെ  ഒരു കാര്യം കൂടി പറയുന്നു. എല്‍ കെ ജി യിലും - യു കെ ജി യിലും പഠിക്കുന്ന കുട്ടികള്‍ ടീച്ചറുടെ അടുത്തും വീട്ടിലെത്തിയാല്‍ അമ്മയുടെ അടുത്തും ഇന്ന് എന്നെ അവള്‍ അല്ലെങ്കില്‍ അവന്‍ കടിച്ചു, മാന്തി, പിച്ചി, ചീത്ത പറഞ്ഞു എന്നൊക്കെ പറഞ്ഞ് നിലവിളിച്ച് വേദന കടിച്ചിറക്കുന്ന പിഞ്ചുകുട്ടികളെന്ന പോലെ, മീഡിയയ്ക്ക് മുന്‍പില്‍ വന്നു സാഹചര്യവശാല്‍ കൊച്ചു കുട്ടികളുടെ ബോധം പോലുമില്ലാത്ത ( ബോധം പലര്‍ക്കും മുന്‍പേ നഷ്ട്ടമായിരുന്നു) ഒരു  യുദ്ധസാരഥിയായി വാപിളര്‍ക്കുന്ന അവസ്ഥ.  ഇതൊക്കെ കേട്ടപ്പോള്‍ ചിലതൊക്കെ പീഡനം എന്നാക്കാം അല്ലെ തിരുമനസ്സേ... ആ, അതാകുമ്പോള്‍ ഒരു പഞ്ച് ഒക്കെ ഉണ്ടെന്നും.  വളച്ചൊടിക്കാന്‍ മിടുക്കരായി മാധ്യമഭീകരരും - വളച്ചൊടിക്കപ്പെടാന്‍ തയ്യാറായി രാഷ്ട്രീയഭീരുക്കളും.
   ഒരു മാതിരി അല്‍ക്കുല്‍ത്ത് സ്വഭാവിസ്റ്റാ... ക്ടാവ് കടിച്ചു ഇഷ്ട്ടന്  നൊന്തു. ചാമ്പീത് പൊറത്ത് സ്റ്റാന്റ്   ആയ ഗഡികളും, നല്ല ചാമ്പ് കിട്ടീതും ഡാക്കള്‍ക്ക്‌ തന്നെ. പൊതിയഴിക്കാന്നു വിചാരിക്കണ്ടാട്ടാ മുണ്ടും മുറുക്കി ഇതിനിടയ്ക്ക് ചപ്പട റോളെറക്കി ഇമ്മടെ ആന്‍റപ്പേട്ടനും കളിക്കാന്‍ കൂടി. ആന്‍റപ്പേട്ടന്‍റെ ശുഷ്ക്കാന്തി കണ്ട് കോരിത്തരിച്ച ഞരമ്പ്‌ രോഗ്യോള് ഫ്രാന്‍സിസ് പുണ്ണ്യാളനേയും സാക്ഷാല്‍ പത്മനാഭനെയും അറിഞ്ഞു വിളിച്ച്ണ്ടാകും ല്ലേ... ന്തൂട്രാവെനെ വാള്‍പോസ്റ്റായോ, മത്താപ്പ് സാധനാലോ ഗഡി... കിര്‍ക്കന്മാര് കിണ്ണന്‍ കാച്ചി സാധനെല്ലാം പൂശി,  ചീള് കേസെന്ന് പറഞ്ഞ് തോട്ടി ഇട്ട ഡാക്കള് ശരിക്കും ചടച്ചിസ്റ്റാ, ചെമ്പ് റോളെറക്കി വന്ന പയ്യന്മാര് കിര്‍ക്കന്മാരുടെ കയ്യിന്നു കിട്ട്യ അലക്കിന്‍റെ വടുക്കളെണ്ണി ചടഞ്ഞിരുന്നു. പാങ്ങില്ലാത്ത ചില പോങ്ങന്മാര് ശക്തന്‍റെ നാട്ടിലെ കരിങ്കല്ലുകളെല്ലാം മാറ്റിക്കളയാന്‍ വേണ്ടി ഓടി കിതച്ചു വന്നപോലെ തന്നെ റിട്ടേണ്‍ പോയി. പിന്നെ, അരിശം തീര്‍ക്കാനായിട്ടു വാള്‍പോസ്റ്റായി കിടന്ന ഡാക്കളെ വിളിച്ചുണര്‍ത്തി കിണ്ണംകാച്ചീന്നു സ്വയം പറഞ്ഞു ഒരു ഹര്‍ത്താലിന് ആഹ്വാനങ്ങട് കൊടുത്തു. തോന്ന്യാസികള് മൂര്യോള് വെറുതെ ഒളീട്വാന്നേ...
   ഇനിയിപ്പോ എല്ലാം ശുഭം എന്ന് എഴുതികാണിക്കാം: വളച്ചൊടിക്കപ്പെട്ട വാര്‍ത്തകള്‍കേട്ട് - വളച്ചൊടിക്കപ്പെടാനുള്ള അടങ്ങാത്ത ത്വരയുമായി ക്യാമറകളുടെ മുന്‍പില്‍ നിരന്നു നില്‍ക്കുന്നവരെയും കണ്ടു ഏതെങ്കിലും പാര്‍ട്ടികളോ സംഘടനകളോ നടത്തുന്ന ഹര്‍ത്താലിന് നന്ദിയും പറഞ്ഞ് ട്വിറ്റെറിലും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും സ്റ്റാറ്റസ്സും ട്വീപ്പും ചെയ്തു തൃപ്തിയടയുന്ന മനുഷ്യകോലങ്ങളുടെ കഞ്ഞി കുടി മുട്ടിച്ച് മുന്നേറുന്ന സമരങ്ങള്‍ക്ക് ഇനിയും സ്വാഗതമേകണോ എന്നൊക്കെ പറേണത് തന്നെ ഒരു ഗുമ്മില്ലാത്ത കാര്യാണിസ്റ്റാ... ഈ മത്താപ്പോള്‍ക്ക് ഇമ്മാരി ഈച്ചറോളെടുക്കാതെ ഇന്യെങ്കിലും നന്നായിക്കൂടെ...!


amaldevpd@gmail.com
www.mizhipakarppukal.blogspot.in

http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal